വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; ചെറുകിട-ഭക്ഷ്യ മേഖലയ്ക്ക് കനത്ത തിരിച്ചടി
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസ കൂട്ടിയതോടെ കൊച്ചിയിൽ വില 2,783 രൂപ 50 പൈസയായി ഉയർന്നു. ഡൽഹിയിൽ 2,747.50 രൂപയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916.50 രൂപയുമാണ് പുതുക്കിയ നിരക്ക്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
അമേരിക്ക-ഇറാൻ സംഘർഷങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കും നേരിയ അയവ് വന്നതിനെത്തുടർന്ന് നേരത്തെ കുറഞ്ഞ വിലയിലാണ് ഇപ്പോൾ വീണ്ടും വർധനവുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ ഈ നിരക്ക് വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ, മറ്റ് ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ എന്നിവയുടെ ദൈനംദിന പ്രവർത്തനച്ചെലവ് വർധിപ്പിക്കും. വാണിജ്യ സിലിണ്ടർ വില തുടർച്ചയായി ഉയരുന്നത് ഹോട്ടൽ ഭക്ഷണ നിരക്കുകൾ വീണ്ടും കൂടാൻ ഇടയാക്കിയേക്കും.
Photo Courtesy: Google/ images are subject to copyright

