ജീവൻരക്ഷാ മരുന്നുകളുടെ അമിതവില: ശക്തമായ ഇടപെടലുമായി ഹൈക്കോടതി; സർക്കാരിന് നടപടിയെടുക്കാം
കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ ഇടപെടലുമായി കേരള ഹൈക്കോടതി. ജീവൻരക്ഷാ മരുന്നുകളുടെയും പേറ്റന്റുള്ള മരുന്നുകളുടെയും അമിതവില നിയന്ത്രിക്കുന്നതിൽ സർക്കാരിന് നേരിട്ട് ഇടപെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ പേറ്റന്റുള്ള മരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന നിർണ്ണായക നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു.
വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്ന പേറ്റന്റ് മരുന്നുകളുടെ വിലയടക്കം പരിശോധിക്കുന്നതിനായി കോടതി മുൻപ് അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യൂറിയായ അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി.ജി. അരുൺ ഉൾപ്പെട്ട ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്.
സ്തനാർബുദ ബാധിതയായ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് കോടതി നടപടി. സ്വന്തം ചികിത്സയ്ക്കായി മരുന്നുകൾക്ക് വലിയ തുക നൽകേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. മരുന്ന് വില നിയന്ത്രണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ നിലപാട്.
Photo Courtesy: Google/ images are subject to copyright

