ലോക ഭൂപടത്തിൽ ചരിത്രപരമായ മാറ്റം: ആഫ്രിക്കയുടെ യഥാർത്ഥ വിസ്തൃതി ഇനി ലോകം കാണും: പുതിയ ഭൂപടത്തിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭ

ലോക ഭൂപടത്തിൽ ചരിത്രപരമായ മാറ്റം: ആഫ്രിക്കയുടെ യഥാർത്ഥ വിസ്തൃതി ഇനി ലോകം കാണും: പുതിയ ഭൂപടത്തിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭ

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വിസ്തൃതി കൃത്യമായി പ്രതിഫലിപ്പിക്കുന്നതും വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളുടെ വലിപ്പം യഥാർത്ഥ അളവിലേക്ക് ചുരുക്കി കാണിക്കുന്നതുമായ പുതിയ ലോക ഭൂപടത്തിന് ഐക്യരാഷ്ട്രസഭാ പൊതുസഭ (UNGA) അംഗീകാരം നൽകി. ഓരോ ഭൂഖണ്ഡത്തിന്റെയും യഥാർത്ഥ വിസ്തൃതി കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചരിത്രപരമായ പ്രമേയത്തെ 164 രാജ്യങ്ങൾ പിന്തുണച്ചു. അതേസമയം, വോട്ടെടുപ്പിൽ അമേരിക്ക പ്രമേയത്തെ എതിർക്കുകയും ആറ് രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

1569-ൽ ഫ്ലെമിഷ് ഭൂപട നിർമ്മാതാവായ ജെറാർഡസ് മെർക്കേറ്റർ സമുദ്ര നാവിഗേഷനായി രൂപകൽപ്പന ചെയ്ത പരമ്പരാഗത ‘മെർക്കേറ്റർ പ്രൊജക്ഷന്’ പകരമായി ‘ഈക്വൽ എർത്ത് കാർട്ടോഗ്രാഫിക് പ്രൊജക്ഷൻ’ നടപ്പിലാക്കാനാണ് ഈ പ്രമേയത്തിലൂടെ തീരുമാനമായിരിക്കുന്നത്. നിലവിലുള്ള ഭൂപടം ഭൂഖണ്ഡങ്ങളുടെ വലിപ്പത്തിൽ വലിയ കൃത്രിമത്വവും തെറ്റായ ധാരണകളും സൃഷ്ടിക്കുന്നുണ്ടെന്നും, പുതിയ ഭൂപടം ലോകത്തിന്റെ കാർട്ടോഗ്രാഫിക് പ്രാതിനിധ്യത്തിന്റെ കൃത്യത മെച്ചപ്പെടുത്തുമെന്നും യുഎൻ പ്രമേയത്തിൽ വ്യക്തമാക്കുന്നു.ലോക ഭൂപടത്തിൽ ആഫ്രിക്കയുടെ യഥാർത്ഥ വ്യാപ്തിയും പ്രാധാന്യവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ഐക്യരാഷ്ട്രസഭയിലെ ആഫ്രിക്കൻ മിഷൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

“ഭൂപടങ്ങൾ വെറുമൊരു ചിത്രമല്ല; അവ വിദ്യാഭ്യാസത്തെ നയിക്കുകയും മനുഷ്യരുടെ കൂട്ടായ ധാരണകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, തെറ്റായ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ തലമുറകളിലേക്ക് കൈമാറുന്നത് ഒഴിവാക്കണം,” എന്ന് പ്രമേയം സ്പോൺസർ ചെയ്ത ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി വ്യക്തമാക്കി.എന്നാൽ ഈ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. ലോകം നേരിടുന്ന യഥാർത്ഥവും ഗൗരവമേറിയതുമായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഐക്യരാഷ്ട്രസഭ ഇത്തരം വിഷയങ്ങളിൽ സമയം ചെലവഴിക്കുന്നത് ശരിയല്ലെന്ന് വാഷിംഗ്ടൺ വ്യക്തമാക്കി.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.