യഥാർത്ഥ ജീവിതത്തിലെ നായകരെ ആദരിച്ച് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് (CCT) 2026: ക്രിക്-ഐടി ചാമ്പ്യന്മാർ
കൊച്ചി: വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന യഥാർത്ഥ ജീവിതത്തിലെ നായകന്മാരെയും പ്രൊഫഷണലുകളെയും ഒരുമിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് 2026-ൽ (CCT 2026) ക്രിക്-ഐടി ക്രിക്കറ്റ് ക്ലബ് (Crick-IT Cricket Club) ചാമ്പ്യന്മാരായി. ഒക്ടോബർ 11-ന് രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ കേരള ലോയേഴ്സ് XI-നെ 26 റൺസിന് പരാജയപ്പെടുത്തിയാണ് ക്രിക്-ഐടി കിരീടത്തിൽ മുത്തമിട്ടത്.
ക്യാപ്റ്റൻ അജിത് ദിവാകരന്റെ നേതൃത്വത്തിലിറങ്ങിയ ക്രിക്-ഐടി നിർദ്ദിഷ്ട 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരള ലോയേഴ്സ് XI-ന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 20 പന്തിൽ 6 ഫോറുകളും 3 സിക്സറുകളുമടക്കം 52 റൺസ് അടിച്ചുകൂട്ടിയ ക്രിക്-ഐടിയുടെ നവനീത് ആർ ആണ് പ്ലെയർ ഓഫ് ദി മാച്ച്. ക്രിക്-ഐറ്റിക്കായി വിജിൻ 18 പന്തിൽ 37 റൺസെടുത്തു. കേരള ലോയേഴ്സിന് വേണ്ടി അഹദ് 23 പന്തിൽ 43 റൺസ് നേടി ചെറുത്തുനിൽപ്പ് നടത്തി. ബൗളിംഗിൽ ക്രിക്-ഐടിയുടെ അജിത് ദിവാകരൻ മൂന്ന് വിക്കറ്റും പ്രശാന്ത് ശർമ്മ, രാഹുൽ മോഹൻദാസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

യൂണിക് ബിസിനസ് ക്ലബ്ബ് (UBC), ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം (FICF) എന്നിവയുമായി സഹകരിച്ച് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ക്രിക്-ഐടി ക്രിക്കറ്റ് ക്ലബ്, കൊച്ചിൻ ഓർത്തോ വാരിയേഴ്സ്, കേരള ലോയേഴ്സ് XI, ടിസിഎസ് (TCS) എന്നീ നാല് പ്രൊഫഷണൽ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
2017-ൽ ഡോ. അജിത് രവി പെഗാസസ് തുടക്കമിട്ട ഈ ടൂർണമെന്റ്, സിനിമാ മേഖലയിലുള്ളവർക്കായി തുടങ്ങിയതാണെങ്കിലും, ഇന്ന് സമൂഹത്തിലെ യഥാർത്ഥ നായകന്മാരെ ആഘോഷിക്കുന്ന വലിയൊരു പ്ലാറ്റ്ഫോമായി വളർന്നിട്ടുണ്ട്. വൈദ്യശാസ്ത്രം, എൻജിനീയറിങ്, നിയമം, വിവരസാങ്കേതികവിദ്യ, കല, സംരംഭകത്വം, ബിസിനസ്, കോർപ്പറേറ്റ് നേതൃത്വം, മാധ്യമം എന്നീ മേഖലകളിലെ പ്രൊഫഷണലുകളെ ഒരുമിച്ച് അണിനിരത്തി കായികക്ഷമതയും പരസ്പര സൗഹൃദവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയാണ് ഈ ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്.

മത്സരത്തിൽ ക്രിക്-ഐടി ക്രിക്കറ്റ് ക്ലബ് ഒന്നാം സ്ഥാനവും, കേരള ലോയേഴ്സ് XI രണ്ടാം സ്ഥാനവും നേടീയപ്പോൾ ടിസിഎസ് മൂന്നാം സ്ഥാനത്തും കൊച്ചിൻ ഓർത്തോ വാരിയേഴ്സ് നാലാം സ്ഥാനത്തുമെത്തി.
നന്ദിലത്ത് ജി മാർട്ട്, ഗോകുലം കേരള എഫ്സി, ബ്രൈറ്റ് ഔട്ട്ഡോർ മീഡിയ സൊല്യൂഷൻസ്, ഡിക്യൂ വാച്ചസ് (DQUE Watches) എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ. വിപിഎസ് ലേക്ഷോർ ഗ്ലോബൽ ലൈഫ്കെയർ, എറണാകുളം മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ട്രസ്റ്റ് എന്നിവർ മെഡിക്കൽ പങ്കാളികളായും ഓൺസൈറ്റ് 360 അസോസിയേറ്റ് പങ്കാളിയായും ടൂർണമെന്റുമായി സഹകരിച്ചു.
Pic Courtesy: Pegasus Photography/ images are subject to copyright

