ഇൻഡിഗോ വിമാന സർവ്വീസുകളുടെ യാത്രാ നിരക്ക് കൂട്ടി; ആഭ്യന്തര, രാജ്യാന്തര സർചാർജുകൾ നാളെ മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഇന്ധന ചാർജ് വർധിപ്പിച്ചു. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഉത്സവ സീസൺ അടുത്തിരിക്കെയെയുള്ള ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാർക്കും മലയാളി പ്രവാസികൾക്കും വലിയ തിരിച്ചടിയാകും. ആഭ്യന്തര യാത്രകൾക്ക് 375 രൂപ മുതൽ 1,300 രൂപ വരെയും, രാജ്യാന്തര യാത്രകൾക്ക് 1,000 രൂപ മുതൽ 10,000 രൂപ വരെയുമാണ് വർധനവ് വരുത്തിയിരിക്കുന്നത്. വിമാന ഇന്ധനവിലയിലുണ്ടായ (ATF) വൻ വർധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഇൻഡിഗോ അറിയിച്ചു.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ഇന്ധനവിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായെന്നും, ഇത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു പങ്കും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത് എന്നതിനാൽ, നിലവിലെ ഇന്ധനവില വർധനവ് കമ്പനിയുടെ സാമ്പത്തിക ഘടനയെയും ദൈനംദിന സർവീസുകളെയും പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് സർചാർജ് ഏർപ്പെടുത്താൻ നിർബന്ധിതരായതെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ചാണ് അധിക നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 425 രൂപയും, 501 മുതൽ 1,000 കിലോമീറ്റർ വരെയുള്ള സർവീസുകൾക്ക് 600 രൂപയും അധികം നൽകണം. 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 900 രൂപയും, 1,501 മുതൽ 2,000 കിലോമീറ്റർ വരെ 1,150 രൂപയുമാണ് നൽകേണ്ടത്. 2,000 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര ആഭ്യന്തര യാത്രകൾക്ക് 1,300 രൂപ ഫ്യൂവൽ സർചാർജ് ഇനത്തിൽ ഈടാക്കും.
അന്താരാഷ്ട്ര സർവീസുകളിലും വലിയ തോതിലുള്ള വർധനവാണ് വന്നിട്ടുള്ളത്. സാർക്ക് രാജ്യങ്ങളിലേക്കുള്ള 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 500 രൂപയും, അതിനു മുകളിലുള്ള ദൂരത്തിന് 1,000 രൂപയുമാണ് സർചാർജ്. പ്രവാസികൾ ഏറെയുള്ള മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 5,500 രൂപയും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 6,000 രൂപയും അധികം നൽകണം. യൂറോപ്പിലേക്കുള്ള ദീർഘദൂര സർവീസുകൾക്കാണ് ഏറ്റവും ഉയർന്ന തുകയായ 10,000 രൂപ സർചാർജ് ഏർപ്പെടുത്തിയത്. ഇൻഡിഗോ നിരക്ക് കൂട്ടിയതോടെ മറ്റ് വിമാനക്കമ്പനികളും വൈകാതെ സമാന രീതിയിൽ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്.
Photo Courtesy: Google/ images are subject to copyright

