വിദ്യാർത്ഥികളുടെ അച്ചടക്കവും മൊബൈൽ ഉപയോഗവും: സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളുടെ അച്ചടക്കവും മൊബൈൽ ഉപയോഗവും: സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ

സ്കൂൾ വിദ്യാർത്ഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച് കർശന നിർദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നു. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ സാധനങ്ങൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വിദ്യാർത്ഥികളുടെ അന്തസ്സിനും അഭിമാനത്തിനും ഒരിക്കലും ക്ഷതമേൽക്കാത്ത രീതിയിലായിരിക്കണം ഇത്തരം പരിശോധനകൾ നടത്തേണ്ടത്.

സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. സ്കൂൾ സമയം അവസാനിക്കുന്നതുവരെ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്കൂൾ അധികൃതർ ഒരുക്കണം. അച്ചടക്ക നടപടികളുടെ പേരിൽ കുട്ടികളെ പരസ്യമായി അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഇതിനുപുറമെ, ഹെയർ സ്റ്റൈൽ, യൂണിഫോം എന്നിവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ സ്കൂൾ അധികൃതർക്ക് കുട്ടികൾക്ക് നിർദേശം നൽകാവുന്നതാണ്. സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കാനുള്ള അടിയന്തര നടപടികളും സ്വീകരിക്കേണ്ടതുണ്ട്. സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ ഗൗരവമായി പരിഗണിച്ചാണ് കമ്മീഷൻ ഈ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. കമ്മീഷന്റെ പുതിയ നിർദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.