ഡാക്കർ 2026 യൂത്ത് ഒളിമ്പിക്സ്: ചരിത്രനേട്ടവുമായി ധിനിധി ദേശിംഗു; ഇന്ത്യയ്ക്ക് നീന്തലിൽ ആദ്യ മെഡൽ
യൂത്ത് ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി മെഡൽ സമ്മാനിച്ച് 16കാരിയായ ധിനിധി ദേശിംഗു. ഡാക്കർ 2026 യൂത്ത് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഫൈനലിൽ 56.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബെംഗളൂരു സ്വദേശിയായ ധിനിധി പുതിയ ദേശീയ റെക്കോർഡോടെയാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. യൂത്ത് ഒളിമ്പിക്സ് നീന്തൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും ഇതോടെ ധിനിധി സ്വന്തമാക്കി. മത്സരത്തിൽ ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കൻഡ്) സ്വർണവും ന്യൂസിലൻഡിന്റെ അലിസ ലോസൺ (56.13 സെക്കൻഡ്) വെള്ളിയും നേടി. 2024-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന ധിനിധി, ഒരുകാലത്ത് നീന്തലിനോട് ഏറെ ഭയമുണ്ടായിരുന്ന വ്യക്തിയായിരുന്നു. എന്നാൽ കഠിനശ്രമത്തിലൂടെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്താണ് താരം ഇന്ന് രാജ്യത്തെ മുൻനിര നീന്തൽ താരങ്ങളിൽ ഒരാളായി വളർന്നത്.
ഈ വർഷം മുതൽ പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ബജാജ് ഫിൻസെർവ് ധിനിധിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള കഠിന പരിശീലനം, പ്രമുഖ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ, കായിക ഉപകരണങ്ങൾ, ശാരീരികക്ഷമത, പരിക്കുകൾക്കു ശേഷമുള്ള വീണ്ടെടുക്കൽ (Recovery) തുടങ്ങിയ മേഖലകളിലാണ് കമ്പനി താരത്തിന് സഹായം നൽകുന്നത്. നീന്തൽ, ബാഡ്മിന്റൺ, ടെന്നീസ് എന്നീ കായിക ഇനങ്ങളിലെ പ്രതിഭകളായ യുവതാരങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ധിനിധിയെയും കമ്പനി ഉൾപ്പെടുത്തിയത്.
ധിനിധിയുടെ ഈ ചരിത്രനേട്ടം ഇന്ത്യയുടെ വലിയൊരു അഭിമാന നിമിഷമാണെന്നും വലിയ സ്വപ്നങ്ങൾ കാണുന്ന യുവ കായികതാരങ്ങൾക്ക് ഇത് വലിയ പ്രചോദനമാകുമെന്നും ബജാജ് ഫിൻസെർവ് ലിമിറ്റഡ് ഗ്രൂപ്പ് സി.എം.ഒയും ബജാജ് ഫിനാൻസ് ലിമിറ്റഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റുമായ മാനവ് മിയാൻവാൾ പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും അസാധാരണമായ നിശ്ചയദാർഢ്യവുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളതെന്നും വ്യക്തിഗത മികവിനൊപ്പം ശരിയായ കൂട്ടായ പിന്തുണ ലഭിച്ചാൽ ഇന്ത്യൻ താരങ്ങൾക്ക് ലോകത്തിലെ മികച്ചവരോട് മത്സരിക്കാനാകുമെന്ന് ധിനിധി തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏതാനും കായിക ഇനങ്ങൾക്ക് മാത്രം വലിയ ശ്രദ്ധയും സാമ്പത്തിക പിന്തുണയും ലഭിക്കുമ്പോൾ, പ്രതിഭയുള്ള നിരവധി യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ പിന്തുണ നൽകുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും താരങ്ങൾക്ക് സാധിക്കും. ഓരോ മെഡൽ നേട്ടത്തിന് പിന്നിലും താരത്തിന്റെ പരിശ്രമത്തിനൊപ്പം കുടുംബം, പരിശീലകർ, പിന്തുണ നൽകുന്നവർ എന്നിവരുടെ കൂട്ടായ പങ്കാളിത്തമുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
ധിനിധിയെ കൂടാതെ കൂടുതൽ നീന്തൽ, ബാഡ്മിന്റൺ താരങ്ങൾക്കും കമ്പനി പിന്തുണ നൽകുന്നുണ്ട്. തമിഴ്നാട് ടെന്നീസ് അസോസിയേഷനുമായി സഹകരിച്ച് പ്രമുഖ യുവ ടെന്നീസ് താരങ്ങളായ ദിയ രമേഷ് (റാങ്കിംഗ് 3), ദീപ്ശിഖ വിനയഗമൂർത്തി (4), സാവിത ഭുവനേശ്വരൻ (5), ശ്രീ ശൈലേശ്വരി വെൽമണികണ്ഠൻ (19) എന്നീ നാല് താരങ്ങൾക്കും സഹായം നൽകുന്നുണ്ട്. അന്താരാഷ്ട്ര പരിശീലനം, മികച്ച സൗകര്യങ്ങൾ, കായിക ഉപകരണങ്ങൾ, പോഷകാഹാരം, ഫിറ്റ്‌നസ് പിന്തുണ എന്നിവയ്‌ക്കൊപ്പം താരങ്ങളുടെ യാത്രാ-താമസ ചെലവുകളും ബജാജ് ഫിൻസെർവ് തന്നെയാണ് വഹിക്കുന്നത്.
Pic courtesy: google/ images are subject to copyright

