ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി 8 അത്യാധുനിക യുദ്ധക്കപ്പലുകൾ വരുന്നു; 53,866 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം
ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂട്ടുന്നതിനായി എട്ട് അടുത്ത തലമുറ കോർവെറ്റുകൾ (Next-Generation Corvettes) നിർമ്മിക്കുന്നതിനായി 53,866.50 കോടി രൂപയുടെ തന്ത്രപ്രധാനമായ കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ്, ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ച് കരാർ ഒപ്പിട്ടത്. സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രാലയം നടപടികളിലേക്ക് കടന്നത്.
ഇന്ത്യൻ നാവികസേന സ്വന്തമായി രൂപകൽപ്പന ചെയ്ത്, മത്സരസ്വഭാവമുള്ള ടെൻഡർ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. ഇത് തദ്ദേശീയ യുദ്ധക്കപ്പൽ നിർമ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച വലിയൊരു നാഴികക്കല്ലാണ്. കരാർ പ്രകാരം അഞ്ച് കോർവെറ്റുകളും GSL ബാക്കി മൂന്നെണ്ണവും നിർമ്മിക്കും. സമുദ്രം, വായു, ജലാന്തർഭാഗം എന്നീ മൂന്ന് മേഖലകളിലും ഒരേസമയം പ്രതിരോധവും ആക്രമണവും നടത്താൻ ശേഷിയുള്ള അത്യാധുനിക മിസൈലുകളും സെൻസറുകളും ആയുധ സംവിധാനങ്ങളും ഈ കപ്പലുകളിൽ സജ്ജീകരിക്കും.
ഈ പദ്ധതി തദ്ദേശീയ കപ്പൽ നിർമ്മാണ മേഖലയ്ക്കും ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും വൻ ഉത്തേജനം നൽകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടുത്ത 10 വർഷത്തിനുള്ളിൽ ഷിപ്പ്യാർഡുകളിൽ 72 ലക്ഷം ‘പേഴ്സൺ ഡെയ്സ്’ തൊഴിലും അനുബന്ധ വ്യവസായങ്ങളിൽ 460 ലക്ഷം ‘പേഴ്സൺ ഡെയ്സ്’ തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. മുൻപ് 2022 ജൂണിലാണ് പ്രതിരോധ അക്വിസിഷൻ കൗൺസിൽ ഈ വൻകിട പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നത്.
പുതിയ കോർവെറ്റുകളുടെ വരവോടെ ഇന്ത്യൻ നാവികസേനയുടെ സമുദ്ര നിരീക്ഷണം, അന്തർവാഹിനി വിരുദ്ധ പോരാട്ടങ്ങൾ, കോസ്റ്റൽ-ലിറ്റോറൽ പ്രതിരോധ പ്രവർത്തനങ്ങൾ, വ്യാപാര പാതകളുടെ സംരക്ഷണം എന്നിവ കൂടുതൽ ശക്തമാകും. തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് വലിയ കരുത്താകും.
Pic courtesy: google/ images are subject to copyright

