കാലടി സർവകലാശാല സമരം: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാനുള്ള വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർവകലാശാല നൽകിയ അപ്പീൽ ഹർജി ശരിവെച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണായക നടപടി.
സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്നും സർവകലാശാലയ്ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ആവശ്യമായ അവസരം ലഭിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പാലിക്കാതെയും യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാല നിയമങ്ങളും വേണ്ടത്ര പരിശോധിക്കാതെയുമാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഹൈക്കോടതിയുടെ ഈ ഉത്തരവ് വലിയ അനീതിയാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സർവകലാശാലയിലെ മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും രംഗത്തെത്തി. പഠനവകുപ്പുകളിലെ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ഇവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
മുൻപ് 60 ദിവസമായി സസ്പെൻഷനിലുള്ള വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് മുൻ അധ്യാപകരുടെ ഇടപെടൽ. സമരവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ സർവകലാശാല അധികൃതരും വിദ്യാർത്ഥികളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
മുൻ വൈസ് ചാൻസലർമാരായ ഡോ. ധർമ്മരാജ് അടാട്ട്, ഡോ. എം.വി. നാരായണൻ, ഡോ. ജെ. പ്രസാദ്, മുൻ പ്രോ വൈസ് ചാൻസലർമാരായ ഡോ. കെ.എസ്. രവികുമാർ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. എസ്. രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡീൻ ഡോ. എൻ.കെ. ശങ്കരൻ എന്നിവരാണ് വിദ്യാർത്ഥികൾക്കായി പ്രസ്താവനയിറക്കിയത്.
Pic courtesy: google/ images are subject to copyright

