അവധി ചോദിച്ചെത്തിയ കുട്ടിക്കൂട്ടത്തിന് കിടിലൻ മറുപടിയുമായി പത്തനംതിട്ട ജില്ലാ കളക്ടർ
![അവധി ചോദിച്ചെത്തിയ കുട്ടിക്കൂട്ടത്തിന് കിടിലൻ മറുപടിയുമായി പത്തനംതിട്ട ജില്ലാ കളക്ടർ അവധി ചോദിച്ചെത്തിയ കുട്ടിക്കൂട്ടത്തിന് കിടിലൻ മറുപടിയുമായി പത്തനംതിട്ട ജില്ലാ കളക്ടർ](https://uniquetimes.in/wp-content/uploads/2024/06/1-22.jpg)
ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വന്ന് നാളെ അവധി ഉണ്ടോ എന്ന് തിരക്കിയിരുന്ന കുട്ടിക്കൂട്ടത്തിന് രസികൻ മറുപടി നൽകി പത്തനംതിട്ട ജില്ലാ കളക്ടർ. “ഗ്രീൻ ആണ് മക്കളെ, എല്ലാവരും ഹോംവർക്ക് ചെയ്ത് ബാഗ് പാക്ക് ചെയ്ത് ഇരുന്നോളൂ” എന്നായിരുന്നു കളക്ടർ അവധി ചോദിച്ചു വന്നവർക്ക് നൽകിയ മറുപടി. കലക്ടറുടെ ഈ മറുപടി ലഭിച്ചതോടെ അവധിയില്ലാത്തതിനാൽ നിരാശരായെങ്കിലും തങ്ങളുടെ കളക്ടർ സൂപ്പർ ആണെന്നാണ് പത്തനംതിട്ടയിലെ വിദ്യാർത്ഥികളുടെ അഭിപ്രായം. രണ്ടുദിവസമായി ശക്തമായ മഴ തുടർന്നതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നെ നാളെയും ഇതുപോലെ അവധി കിട്ടിയാലോ എന്ന് അന്വേഷിക്കാനാണ് കുട്ടിക്കൂട്ടം കളക്ടറുടെ പേജിൽ ഒത്തുകൂടിയിരുന്നത്. അന്വേഷണങ്ങൾ ഒരുപാട് ആയപ്പോൾ നാളെ ഗ്രീൻ അലർട്ട് മാത്രമേ പത്തനംതിട്ട ജില്ലയിൽ ഉള്ളൂയെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രത്യേകം ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇടേണ്ടി വന്നു കളക്ടർക്ക്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്റെ ഈ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്ണൻ. തൃശ്ശൂർ അസിസ്റ്റന്റ് കളക്ടർ ആയിരുന്ന പ്രേം കൃഷ്ണൻ 2024 മാർച്ചിൽ ആണ് പത്തനംതിട്ടയുടെ 38-ാമത് ജില്ലാ കളക്ടറായി ചുമതലയേറ്റത്.
Photo Courtesy: Google/ images are subject to copyright