നെതര്‍ലന്റ്‌സ്: ഇന്ത്യയുടെയും കേരളത്തിന്റെയും പ്രകൃതിദത്ത പങ്കാളി

നെതര്‍ലന്റ്‌സ്: ഇന്ത്യയുടെയും കേരളത്തിന്റെയും പ്രകൃതിദത്ത പങ്കാളി

Canal-at-night-in-Amsterdam
വാസ്‌കോഡഗാമ എത്തിയതിന് ശേഷം 106 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡച്ചുകാര്‍ മലബാര്‍ തീരത്തെത്തുന്നത്. മാസങ്ങളോളം കടലില്‍ വഴിതെറ്റിയലഞ്ഞ ശേഷമാണ് അവര്‍ പഞ്ചാരമണലുള്ള കടല്‍ തീരം കണ്ടെത്തിയത്. പച്ചപ്പിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം, അലഞ്ഞുതിരിയുന്ന ആളുകള്‍ അങ്ങനെ എല്ലാം അവര്‍ കണ്ടു. ഈ തീരത്ത് ഇറങ്ങാന്‍ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം തീരുമാനിച്ചു. ഒന്നുകില്‍ തദ്ദേശവാസികളെ നേരിട്ട് വിജയം കൈവരിക്കുക അല്ലെങ്കില്‍ മരണം വരിക്കുക എന്നതായിരുന്നു തീരുമാനം. 1603 ഡിസംബറില്‍ നെതര്‍ലാന്റ്‌സില്‍ നിന്നും യാത്ര തുടങ്ങിയ അന്ന് മുതല്‍ അവര്‍ പല പ്രതിസന്ധികളേയും നേരിട്ടു. കൊടുങ്കാറ്റിലും ഇളകിമറിയുന്ന കടലിലും പല തവണ അവര്‍ക്ക് വഴിതെറ്റി.

സ്‌പെയിനിന്റെയും പോര്‍ച്ചുഗീസിന്റേയും പടക്കപ്പലുകളില്‍ നിന്നും ഭാഗ്യം കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടത്. ഇന്ത്യയുടെ തെക്കേതുമ്പത്തുള്ള മലബാര്‍ തന്നെയായിരുന്നു അവരുടെ യാത്രയ്ക്ക് പ്രചോദനമായത്. കുരുമുളകും, കരയാമ്പൂവും ഉള്‍പ്പെട്ട സുഗന്ധവ്യഞ്ജനങ്ങള്‍ വിളയുന്ന കരയിലെത്തുകയായിരുന്നു ലക്ഷ്യം. ഇവിടുത്തെ ഭരണാധികാരികളുമായി സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ കരാറുണ്ടാക്കുകയായിരുന്നു പദ്ധതി.

1581ല്‍ ഹോളണ്ട് സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടുകയും കോളനികള്‍ സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. ഐക്യ നെതര്‍ലാന്റ്‌സ് എന്ന റിപ്പബ്ലിക് കോളനികള്‍ സൃഷ്ടിക്കാന്‍ ഡച്ച് ജനതയ്ക്ക് സ്വാതന്ത്ര്യം നല്‍കി. യൂറോപ്പിലെ ഏറ്റവും മിടുക്കുള്ള ജനതയായിരുന്നു ഡച്ചുകാര്‍. വെള്ളവും ഉപ്പിട്ട മാംസവും ഒരു കഷണം അപ്പവും ഉണ്ടെങ്കില്‍ ജീവിതം കഴിച്ചുകൂട്ടുന്നവരായിരുന്നു അവര്‍. ഇന്ത്യയുമായി വ്യാപാരം ചെയ്യാന്‍ രൂപീകരിച്ച യുണൈറ്റഡ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി 1602 മാര്‍ച്ചില്‍ നിലവില്‍ വന്നു.

കൊച്ചിയില്‍ വിപുലമായ സ്ഥലവും വ്യാപാരകേന്ദ്രങ്ങളും നിരവധി കോട്ടകളും ഡച്ചുകാര്‍ക്കുണ്ടായിരുന്നു. 1667ല്‍ കൊച്ചി കോട്ട ഡച്ചുകാര്‍ തിങ്ങിജീവിച്ചിരുന്ന ഇടമായിരുന്നു. കൊല്ലം, കായംകുളം, കൊടുങ്ങല്ലൂര്‍, കണ്ണൂര്‍, ചേറ്റുവ എന്നിവിടങ്ങളിലും അവര്‍ സംഭരണശാലകള്‍ ഉയര്‍ത്തി. ഇപ്പോഴും യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 20 ശതമാനവും ഡച്ചുകാരുടെ കയ്യിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യൂറോപ്പിലേക്കുള്ള പ്രവേശനകവാടം നെതര്‍ലന്റ്‌സാണ്.

നല്ല നാളെയ്ക്ക് സഹകരിക്കാം

കേരളത്തിലെ ചെടികളുടെ മുഴുവന്‍ വിവരങ്ങളും നിറഞ്ഞ ഹോര്‍ത്തുസ് ഇന്‍ഡികസ് മലബാറികസ് എന്ന ഗ്രന്ഥം ഡച്ചുകാരുടെ സമ്മാനമാണ്. മലബാറിലെ ചെടിസമ്പത്ത് എന്നാണ് ഹോര്‍ത്തുസ് മലബാറികസ് എന്ന വാക്കിന് അര്‍ത്ഥം. 1678നും 1703നും ഇടയ്ക്ക് 12 വാല്യത്തിലായാണ് ഗ്രന്ഥം ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധീകരിച്ചത്. മലയാളം അക്ഷരമാലയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം കൂടിയാണിത്. പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ ഒരു നൂറ്റാണ്ടിലധികം കാലം ഭരിച്ചു. ബ്രിട്ടീഷുകാരേക്കാള്‍ കുറച്ചുകാലമാണ് ഭരിച്ചിരുന്നതെങ്കിലും ഡച്ചുകാര്‍ക്ക് അവരെ അപേക്ഷിച്ച് മറ്റ് വിശ്വാസങ്ങളോട് നല്ല സഹിഷ്ണുതയുണ്ടായിരുന്നു.

നെതര്‍ലാന്റ്‌സില്‍ അതിവേഗം വളര്‍ന്ന ഇന്ത്യന്‍ സമൂഹം നിരവധി സാംസ്‌കാരിക സംഭവനകള്‍ക്ക് വഴിവെച്ചു. 2017ല്‍ ഇരുരാജ്യങ്ങളും ഇന്തോ-ഡച്ച് നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനപദവി വഹിക്കുന്ന ഡച്ച് നേതാവ് മാര്‍ക്ക് റുട്ടെയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും മൂന്ന് ധാരണാപത്രങ്ങള്‍ 2017 ജൂണില്‍ ഒപ്പുവെച്ചു. സാമൂഹ്യസുരക്ഷ, ജല സഹകരണം, സാംസ്‌കാരിക സഹകരണം എന്നീ മേഖലകളിലായിരുന്നു കരാര്‍. ഇന്ത്യയുടെ സാമ്പത്തികവികസനത്തിലെ സ്വാഭാവിക പങ്കാളി എന്നാണ് പ്രധാനമന്ത്രി നെതര്‍ലാന്റ്‌സിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ പ്രധാന വ്യാപാരപങ്കാളിയായ രാഷ്ട്രവുമായുള്ള ഉഭയബന്ധങ്ങള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രാധാന്യത്തോടെ പറഞ്ഞു.

ഇന്ത്യയ്ക്ക് നേരിട്ടുള്ള വിദേശനിക്ഷേപം നല്‍കുന്നതില്‍ നെതര്‍ലാന്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയുണ്ടായി. ആഗോളതലത്തില്‍ അഞ്ചാമത്തെ നിക്ഷേപപങ്കാളിയുമാണ് ഈ രാജ്യം. ഇരുരാഷ്ട്രങ്ങളും കരുത്തുറ്റ പങ്കാളിത്തത്തിലേക്ക് പോവുകയാണ്. ഇന്ത്യയും നെതര്‍ലാന്റ്‌സും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന് 400ല്‍പരം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് ഇതിന് കാരണം.

നെതര്‍ലാന്റ്‌സുമായുള്ള ഉഭയകക്ഷിബന്ധത്തിനുള്ള സംരംഭങ്ങളെ നയിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ അംബാസഡര്‍ ആയ വേണു രാജാമണിയാണ്. ഇന്ത്യയുടെ ആവശ്യങ്ങളുമായി നെതര്‍ലാന്റ്‌സ് എന്ന രാജ്യം അത്രയ്ക്ക് പൊരുത്തപ്പെടുന്നതിനാലാണ് ഈ രാജ്യത്തെ ഇന്ത്യയുടെ സ്വാഭാവിക പങ്കാളി എന്ന നിലയിലേക്ക് തിരഞ്ഞെടുത്തത്. ജലമാനേജ്‌മെന്റ്, ജല പുനചംക്രമണം, കൃഷി, ഭക്ഷ്യസംസ്‌കരണം, നഗരാസൂത്രണം, ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ നെതര്‍ലാന്റ്‌സ് ആഗോളനേതൃനിരയിലുണ്ട്.

ഈ മേഖലകളിലാണ് ഇന്ത്യ പ്രധാന ദേശീയ പദ്ധതികള്‍ ആരംഭിച്ചത്. വെല്ലുവിളികള്‍ നേരിട്ട് പൊടുന്നനെ വളര്‍ച്ച നേടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇരുരാജ്യങ്ങളും പരസ്പരപൂരകങ്ങളാണെന്ന വാസ്തവമാണ് ഈ പ്രകൃതിദത്ത പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നത്. നെതര്‍ലാന്റ്‌സിലെ കമ്പനികള്‍ പണവും സാങ്കേതികവിദ്യയും അനുഭവപരിചയവും ഇന്ത്യയില്‍ മുടക്കിയാല്‍ ഇരുരാജ്യങ്ങള്‍ക്കും അതിന്റെ നേട്ടം കൊയ്യാം. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാം. വെറും 1.7 കോടി മാത്രം ജനസംഖ്യയുള്ള നെതര്‍ലാന്റ്‌സിന് ഇന്ത്യയില്‍ പണം മുടക്കുക വഴി ഈ സേവനങ്ങള്‍ക്ക് വന്‍ നേട്ടം കൊയ്യാനാകും.

തീരദേശത്തെ മണ്ണൊലിപ്പ് തടയല്‍, വരള്‍ച്ച നേരിടല്‍, കനാലുകള്‍ വൃത്തിയാക്കാല്‍, മലിനജലം കൈകാര്യം ചെയ്യല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ് കേരളം. ഇക്കാര്യങ്ങളിലെ ഡച്ച് പരിഹാരങ്ങള്‍ കേരളത്തിനും പ്രസക്തമാണ്.

സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍, വിവിധ നാണ്യവിളകള്‍ എന്നിവയാല്‍ സമ്പന്നമാണ് കേരളം. ഭക്ഷ്യസംസ്‌കരണം, ഗ്രീന്‍ഹൗസുകള്‍ വഴി കാര്‍ഷിക വിളവ് കൂട്ടുന്ന അനുഭവം എന്നിവ കേരളത്തിലെ കര്‍ഷകര്‍ക്ക് നല്ല കുതിപ്പ് നല്‍കും. ദിനംപ്രതിയെന്നോണം റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്ന കേരളത്തിന് നെതര്‍ലാന്റ്‌സിന്റെ കരുത്താര്‍ന്ന നഗരാസൂത്രണം, ട്രാഫിക് മാനേജ്‌മെന്റ് എന്നിവ നേരിട്ട് ഗുണം ചെയ്യും. വികസിതരാഷ്ട്രങ്ങളില്‍ സാധാരണമായ മള്‍ട്ടി-മോഡല്‍ ഗതാഗതസംവിധാനം നമ്മളും ഇവിടെ സൃഷ്ടിക്കേണ്ടതുണ്ട്.

കേരളത്തിനും നെതര്‍ലാന്റ്‌സിനും ഒരു പോലെ കരുത്തുള്ള മേഖലയാണ് ഐടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഡച്ച് കമ്പനികള്‍ ഇപ്പോഴേ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപുകള്‍, ഇന്‍കുബേറ്റര്‍, ആക്‌സിലറേറ്റര്‍ എന്നീ മേഖലകളില്‍ കേരളം നെതര്‍ലാന്റ്‌സിലെ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഡിജിറ്റല്‍വല്‍ക്കരണ രംഗത്ത് ലോകത്തിലെ മറ്റുരാജ്യങ്ങളുമായുള്ള നെതര്‍ലാന്റ്‌സിന്റെ ബന്ധം കേരളത്തിന് ഗുണം ചെയ്യും. പരമ്പരാഗതമായി സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സുഗന്ധവ്യഞ്ജനങ്ങളുടെ സത്തെടുക്കലും ഒലിയോറെസിന്‍സും കേരളത്തിന് പറ്റുന്ന ബിസിനസാണ്. സിന്തൈറ്റ് എന്ന കമ്പനി ഇപ്പോഴേ ഈ ബിസിനസ് ഫലപ്രദമായി ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക സര്‍വ്വകലാശാലയായ വെഗനിന്‍ജന്‍ സര്‍വ്വകലാശാലയ്ക്ക് തൊട്ടടുത്ത് സിന്തൈറ്റ് ഓഫീസ് തുറന്ന് കഴിഞ്ഞു. മറ്റ് കമ്പനികളും നെതര്‍ലാന്റ്‌സില്‍ ഓഫീസ് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ലോക വിപണിയെ സമീപിക്കുന്നതിനുള്ള അനുഭവസമ്പത്ത് ഇവിടെ നിന്നും ലഭിക്കും.

ജലമാനേജ്‌മെന്റില്‍ നെതര്‍ലാന്റ്‌സിനെ വെല്ലാന്‍ ആരുമില്ല

10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏറ്റവും ഒടുവിലത്തെ ഐസ് ഏജിന് ഒടുവില്‍, നോര്‍ത്ത് സീ പ്രദേശം താഴ്ന്നുകിടക്കുന്ന ഭൂപ്രദേശമായിരുന്നു. താപനില ഉയര്‍ന്നതോടെ കടല്‍വെള്ളത്തിന്റെ നില ഉയരാന്‍ തുടങ്ങി. അങ്ങനെ നോര്‍ത്ത് സീ നെതര്‍ലാന്റ്‌സിന്റെ പടിവാതില്‍ക്കല്‍ വരെ എത്തി. കടലിന് താഴേക്ക് പോയ ഭൂമി നെതര്‍ലാന്റ്‌സ് വെള്ളപ്പൊക്കത്തെ തടയാനുള്ള തടയണ കെട്ടി സംരക്ഷിക്കുകയായിരുന്നു. ജലനിരപ്പിനെ തടയാന്‍ ഫലപ്രദമാണ് ഈ കൃത്രിമ മതില്‍ക്കെട്ട്. മധ്യകാലഘട്ടം മുതലേ ഡച്ച് സമുദായത്തില്‍ ജലമാനേജ്‌മെന്റില്‍ കരവിരുത് ആരംഭിക്കുന്നുണ്ട്. നെതര്‍ലാന്റ്‌സിന്റെ പടിഞ്ഞാറന്‍ പ്രദേശം ചതുപ്പ് പ്രദേശങ്ങളാണ്. ഇവിടെ താമസിക്കണമെങ്കില്‍ ആളുകള്‍ക്ക് ഈ സ്ഥലം വരണ്ട ഭൂമിയാക്കിമാറ്റണം. അക്കാലത്തേ ആളുകള്‍ ഡാം പണിതോ തടയണ കെട്ടിയോ സ്ഥലം മാറ്റിയെടുക്കുക പതിവായിരുന്നു. 11ാം നൂറ്റാണ്ടുമുതല്‍ ഈ സ്ഥലം മാറാന്‍ തുടങ്ങി. ഈ സ്ഥലം സ്വന്തമായുള്ളവര്‍ പഴയ ഗ്രാമവാസികളല്ല, പകരം നഗരങ്ങളിലൂം കൊട്ടാരത്തിലും എസ്റ്റേറ്റുകളിലും താമസിക്കുന്ന ഭൂവുടമകളായി. തടയണ കെട്ടലും മലിനജലം ഒഴുക്കിവിടാനുള്ള ഡ്രെയിനേജ് സംവിധാനങ്ങളും അന്നുമുതലേ ഗ്രാമങ്ങളില്‍ പതിവായതിനാല്‍ അവര്‍ക്ക് ഇക്കാര്യങ്ങളില്‍ നല്ല ഉള്‍ക്കാഴ്ചയുണ്ടായി.

13ാം നൂറ്റാണ്ടില്‍, ജലസുരക്ഷയില്‍ താല്‍പര്യമുള്ള ജനങ്ങള്‍ ചേര്‍ന്ന് സഹകരണപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തി. അങ്ങനെ ആദ്യത്തെ ജലബോര്‍ഡ് ഉണ്ടായി. ഈ വാട്ടര്‍ ബോര്‍ഡുകള്‍ ഏറ്റവും പഴയ ജനാധിപത്യ സംവിധാനങ്ങളായി മാറി. 1232ല്‍ രൂപീകരിക്കപ്പെട്ട ഹൂഗീമ്രാഡ്‌സ്ചാപ് വാന്‍ റിജന്‍ലാന്റ് ഏറ്റവും പഴയ വാട്ടര്‍ അതോറിറ്റി ആയി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന അഴിപ്രദേശമായി നെതര്‍ലാന്റ്‌സ് മാറി.

ഇപ്പോഴും വെള്ളം കയറുന്നതില്‍ നിന്നും ഭൂമിയെ സംരക്ഷിക്കാനും വിചാരിച്ച സമയത്ത് വിചാരിച്ച സ്ഥലത്ത് വെള്ളം കിട്ടുന്നത് ഉറപ്പാക്കാനും എല്ലാം നെതര്‍ലാന്റ്‌സ് പ്രയ്ത്‌നിക്കുന്നു. ഇത്തരം സ്ഥിരം തലവേദനകളെ കൈകാര്യം ചെയ്യുക വഴി പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുകയും അത് ലോകത്തെ വാട്ടര്‍ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ നയിക്കാന്‍ പ്രാപ്തിനേടിക്കൊടുക്കുകയും ചെയ്തു.

പ്രകൃതി സംരക്ഷണവും ജീവിതനിലവാരം ഉയര്‍ത്തലും പഠിക്കാന്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടു. വാഗെനിന്‍ഗെന്‍ സര്‍വ്വകലാശാല ശാസ്ത്രഗവേഷണഫലങ്ങള്‍ പ്രായോഗികജീവിതത്തിലേക്ക് പറിച്ചുനടുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. കുട്ടനാട് പോലുള്ള സ്ഥലങ്ങളിലെ ജലനിരപ്പുയരുന്നത് തടയാന്‍ നെതര്‍ലാന്റ്‌സിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാം.

കാര്‍ഷിക സംസ്‌കരണം
ഉയര്‍ന്ന ഗുണനിലവാരമുള്ള, നല്ല ഈടുള്ള ഭക്ഷണം ഉണ്ടാക്കുന്നതില്‍ നെതര്‍ലാന്റ്‌സിന് മിടുക്കുണ്ട്. നല്ല ആരോഗ്യമുള്ള ഭക്ഷണക്രമത്തിന് ഉതകുന്ന നവീനമായ കാര്‍ഷിക, ഉദ്യാനപാലന പരിഹാരങ്ങള്‍ നെതര്‍ലാന്റ്‌സ് കണ്ടുപിടിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ചെറിയ രാജ്യമാണിത്. കാര്‍ഷിക ഭക്ഷണം, ഉദ്യാനനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ മുന്‍നിരയിലാണ്. നെതര്‍ലാന്റ്‌സിന്റെ ഭൂപ്രതലത്തില്‍ 99ലക്ഷം ഏക്കര്‍ കൃഷിക്ക് ഉപയോഗിക്കുന്നു.

ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളുടെ കാര്യത്തിലും ലോകത്തിലെ ഒന്നാംകിട രാഷ്ട്രമാണ് നെതര്‍ലാന്റ്‌സ്. കാര്‍ഷികോല്‍പന്ന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തായതിന്റെ ഫലമാണിത്. ഇറച്ചി, മത്സ്യം, പച്ചക്കറി, ഉരുളക്കിഴങ്ങ്, പഴം, പാല്‍, ദ്രാവകരൂപത്തിലുള്ള ഉല്‍പന്നങ്ങള്‍, ബേക്കറി, കാലിത്തീറ്റ, പാക്കേജിംഗ് എന്നീ കാര്യങ്ങളില്‍ മികച്ച യന്ത്രങ്ങളും ഉല്‍പന്നങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടുന്നു. ലോകത്തെ 80 ശതമാനം കോഴിവളര്‍ത്തല്‍ സംബന്ധമായ ഉപകരണങ്ങളും നെതര്‍ലാന്റ്‌സിന്റെ സംഭാവനയാണ്. വെണ്ണ ഉല്‍പാദനത്തിനുള്ള യന്ത്രങ്ങളും ഉരുളക്കിഴങ്ങ് സംസ്‌കരണ യന്ത്രങ്ങളും ഇവിടെയാണ്. ബേക്കറി, റെഡ് മീറ്റ് സംസ്‌കരണം എന്നിവയ്ക്കാവശ്യമായ യന്ത്രങ്ങളിലും പ്രധാന സംഭാവന വരുന്നത് നെതര്‍ലാന്റ്‌സില്‍ നിന്നു തന്നെ.

ഡച്ച് ഗ്രീന്‍ഹൗസ് വ്യവസായം വലിയൊരു ശൃംഖലയാണ്. നെതര്‍ലാന്റ്‌സില്‍ വിളയുന്ന പച്ചക്കറി അതേ ദിവസം തന്നെ ന്യൂയോര്‍ക്കില്‍ എത്തിക്കാന്‍ കഴിവുള്ളതാണ് ഈ ശൃംഖല. ഡച്ച് വളര്‍ത്തല്‍ രീതി, നിരീക്ഷണ രീതി, സംസ്‌കരണ തന്ത്രങ്ങള്‍ ഇതെല്ലാം ലോകത്തിലെവിടെയും നല്ല ഡിമാന്റാണ്. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ് യന്ത്രവ്യവസായം എന്നിവ ചേര്‍ന്നാല്‍ 2.5 ബില്ല്യണ്‍ യൂറോ വ്യവസായമാണ്. ഇതെല്ലാം മനസ്സിലാക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷികസംസ്‌കരണ വ്യവസായമേഖലയ്ക്ക് അത് പ്രചോദനമാകും.
നവീനതയും സഹകരണവും
പ്രമേഹത്തെയും പൊണ്ണത്തടിയെയും ചെറുക്കാവുന്ന എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന, പഞ്ചസാരയുടെയും സോഡിയത്തിന്റെയും കൊഴുപ്പിന്റെയും അളവ് കുറഞ്ഞ ഭക്ഷണം നെതര്‍ലാന്റ്‌സുകാര്‍ വികസിപ്പിച്ചെടുത്തിരുന്നു. ഭക്ഷണത്തിന് എങ്ങനെയാണ് മണവും കാഴ്ചഭംഗിയും നല്‍കാമെന്നും അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ പോഷകമുള്ള, ആകര്‍ഷകമായ ഭക്ഷണമായിരുന്നു അവരുടേത്. ഡച്ചുകാരുടെ കൃഷിയിലും ഉദ്യാനപാലനത്തിലും നവീനതയും ഗവേഷണവുമായിരുന്നു പ്രധാനം.

ഭക്ഷണം കൂടുതല്‍ പ്രകൃതിദത്തവും അളവില്‍ കുറഞ്ഞതും ആയിരിക്കാന്‍ എന്തൊക്കെ വഴികളാണുള്ളതെന്ന് തുടര്‍ച്ചയായി സര്‍വ്വകലാശാലകളും ബിസിനസ്സുകളും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖല, ഭക്ഷ്യസംസ്‌കരണ മേഖല, ഭക്ഷണമുണ്ടാക്കാനുള്ള ഉപകരണവും സംവിധാനവും എന്നിവ പരസ്പരം സഹകരി്ക്കുകയും വിവരങ്ങള്‍ അന്യോന്യം കൈമാറുകയും ചെയ്യുന്ന പതിവുണ്ട്. അറിവിന്റെ കരുത്തുറ്റ അടിത്തറയും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവയെ പിന്തുണക്കുന്നുണ്ട്.

ഈ മേഖലയിലെ കമ്പനികളെല്ലാം ജിഎംവിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ജിഎംവി ഈ മേഖലയില്‍ നല്ല അനുഭവപരിചയമുള്ളവരാണ്. ഭക്ഷ്യസംസ്‌കരണ വ്യവസായത്തില്‍ ഒന്നിലധികം മേഖലയില്‍ പരിചയമുള്ളവരാണവര്‍. ഭക്ഷ്യസംസ്‌കരണത്തിലും പാക്കേജിംഗ് വ്യവസായത്തിലും ആവശ്യമായ യന്ത്രങ്ങളും സംവിധാനങ്ങളും ഇന്‍സ്റ്റലേഷനുകളും അവര്‍ നിര്‍മ്മിക്കുന്നു. ഉല്‍പാദനത്തിന്റെ 70 ശതമാനവും കയറ്റുമതി ചെയ്യുന്നു. ജിഎംവിയിലെ അംഗങ്ങള്‍ അവരുടെ സേവനത്തിനും ഉല്‍പന്നങ്ങള്‍ക്കും ലോകമാകെ വിപണി കണ്ടെത്തുന്നു. ഉല്‍പാദകര്‍ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ പാലിച്ചും ഉല്‍പന്നങ്ങള്‍ക്കുള്ള പുതിയ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ശക്തമായ രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യയ്ക്ക് മാറണമെങ്കില്‍ നെതര്‍ലാന്റ്‌സിന്റെ കാര്‍ഷിക സംസ്‌കരണ മേഖലയിലെ വൈദഗ്ധ്യം ഉപോയഗപ്പെടുത്തിയേ മതിയാവൂ.

നഗരാസൂത്രണം
കാലാവസ്ഥാവ്യതിയാനം, ഉയരുന്ന ജലനിരപ്പ്, ജനസംഖ്യാസ്‌ഫോടനം, നഗരവല്‍ക്കരണം, ഗതാഗതപ്രശ്‌നങ്ങള്‍ തുടങ്ങി ലോകം ഇന്ന് നേരിടുന്ന എല്ലാ വലിയപ്രശ്‌നങ്ങളും പരിഹരിക്കാനുള്ള വൈദഗ്ധ്യം നെതര്‍ലാന്റ്‌സ് വികസിപ്പിച്ചിട്ടുണ്ട്. അതുപോലെ പുനരുപയോഗം ചെയ്യാവുന്ന ഉല്‍പന്നങ്ങളിലേക്കും അസംസ്‌കൃതവസ്തുക്കളിലേക്കും വിഭവങ്ങളുടെ ദുരുപയോഗം പരമാവധി കുറയ്ക്കുന്നതിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിലേക്ക് മാറാന്‍ ശ്രമിക്കുകയാണ് നെതര്‍ലാന്റ്‌സ്് ഇപ്പോള്‍. സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിനാല്‍, മള്‍ട്ടി ഫംഗ്ഷണല്‍ ആയ ബില്‍ഡിംഗ് ഡിസൈനാണ് ഉപയോഗിക്കുന്നത്. അതുപോലെ ഗ്രീന്‍ ബിസിനസ് പ്രാക്ടീസും സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷനും ഉപയോഗിക്കുന്നു. ആളുകളേക്കാള്‍ കൂടുതല്‍ സൈക്കിളുകളുള്ള രാജ്യം ആരോഗ്യകരമായ, ചെലവ് കുറഞ്ഞ, ഹരിത ഗതാഗത സംവിധാനമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നു. നഗരത്തിന്റെ അടിസ്ഥാനഘടനകളുമായി സൈക്കിളുകളെ കൂട്ടിയിണക്കാന്‍ നെതര്‍ലാന്റ്‌സ് ശ്രമിക്കുന്നു. എല്ലാവര്‍ക്കും സൈക്ലിംഗ് എന്നതാണ് നെതര്‍ലാന്റ്‌സിന്റെ രീതി. ഫലപ്രദവും നിലനില്‍ക്കുന്നതുമായ ആധുനിക ഗതാഗത രീതിയാണ് നെതര്‍ലാന്റ്‌സിന്റെ ലക്ഷ്യം. സൈക്ലിംഗ് നഗരത്തിലെ ഗതാഗതത്തിന് നല്ല സംഭാവന നല്‍കുമെന്ന് ഡച്ചുകാര്‍ കരുതുന്നു. ഇത് റോഡ് സുരക്ഷയ്ക്കും പരിസ്ഥിതി മലിനീകരണം തടയാനും നല്ലതാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ആരോഗ്യത്തിനും സാമൂഹ്യമായുള്ള ഉള്‍ച്ചേര്‍ക്കലിനും സഹായിക്കുന്നതായി ഡച്ചുകാര്‍ കരുതുന്നു.

സൈക്ലിംഗിനെക്കുറിച്ചുള്ള അറിവുകള്‍, പുതിയ ഉല്‍പന്നങ്ങള്‍, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നെതര്‍ലാന്റ്‌സ് നല്‍കുന്നു. സൈക്ലിംഗിന്റെ കാര്യത്തില്‍ 40 വര്‍ഷത്തെ അനുഭവപരിചയമുള്ള നെതര്‍ലാന്റ്‌സിന് സൈക്കിള്‍ നയവും പ്രായോഗിക സൈക്കിള്‍ പരിഹാരവും ഉണ്ട്. ഇക്കാര്യത്തില്‍ സവിശേഷമായ ഒരു അന്താരാഷ്ട്ര പരീക്ഷണ വേദിയാണ് നെതര്‍ലാന്റ്‌സ്. റോഡുകളില്‍ സൈന്‍ ബോര്‍ഡുകള്‍ വെച്ചും കാലാവസ്ഥ സ്ഥിതിവിശേഷം അവതരിപ്പിച്ചും മികച്ച റോഡൊരുക്കുന്നതിനും നെതര്‍ലാന്റ്‌സ് വിദ്ഗ്ധര്‍ ശ്രദ്ധവെക്കുന്നു. സോളാര്‍ ടെക്‌നോളജി ട്രാഫിക് ലൈറ്റുകള്‍ കത്തിക്കാനും ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. പൗരന്‍മാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ സാങ്കേതിക പരിഹാരങ്ങള്‍ ഉണ്ട് എന്നാണ് അവര്‍ ചിന്തിക്കുന്നത്. ഊര്‍ജ്ജം, സുരക്ഷ, വേസ്റ്റ് മാനേജ്‌മെന്റ്, ഗതാഗതം എന്നീ നഗരത്തിന്റെ വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തൊക്കെ പരിഹാരം കണ്ടെത്താമെന്നാണ് ചിന്തിക്കുന്നത്.

നഗര ജനസംഖ്യ ഉയരുന്നതോടെ, പ്രാദേശികമായി ഭക്ഷണം ഉല്‍പാദിപ്പിക്കാനുള്ള ആവശ്യവും വര്‍ധിക്കും. നെതര്‍ലാന്റ്‌സിന്റെ ഭൂപ്രകൃതിയില്‍ 25 ചതുരശ്രമൈലുകളില്‍ ഗ്രീന്‍ ഹൗസുകള്‍ ഉണ്ടെന്ന വസ്തുത കണക്കിലെടുത്താല്‍, അവരുടെ ജനങ്ങളെ തീറ്റിപ്പോറ്റാന്‍ അര്‍ബന്‍ ഫാമിംഗിലുള്ള നെതര്‍ലാന്റ്‌സിന്റെ വൈദഗ്ധ്യം എത്രത്തോളം നിര്‍ണ്ണായകമാണെന്ന് മനസ്സിലാക്കാം.

ഗ്രീന്‍ ബില്‍ഡിംഗില്‍ ഡച്ചുകാര്‍ വിദഗ്ധരാണ്. നെതര്‍ലാന്റ്‌സിലെ ദീര്‍ഘകാലം നിലനില്‍ക്കുന്ന സാങ്കേതികവിദ്യയും ആരോഗ്യം പ്രദാനം ചെയ്യുന്ന തൊഴിലിടങ്ങളും ജീവിതസ്ഥലങ്ങളും എനര്‍ജി ന്യൂട്രലായ വീടുകളും എല്ലാം ഉണ്ടായത് ഈ വൈദഗ്ധ്യം മൂലമാണ്. 2020 മുതല്‍ അവിടെ ഉയരുന്ന ഓരോ കെട്ടടിവും കാലാവസ്ഥയെ ഒരു തരത്തിലും ബാധിക്കാത്തവ ആയിരിക്കണമെന്ന് രാജ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സുരക്ഷിതമായ ഒരു സമൂഹം കാലവസ്ഥാ മാറ്റങ്ങളോടും പൊരുത്തപ്പെടും. വിരുദ്ധകാലാവസ്ഥകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഭൂപ്രകൃതിയും തടയണകെട്ടലും മറ്റും വഴി കരുത്തുറ്റ തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഡച്ചുകാരുടെ സമീപനം.

ഗതാഗതത്തിന്റെ കാര്യത്തിലും നെതര്‍ലാന്റ്‌സ് കഠിനാധ്വാനം ചെയ്യുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറും ഇലക്ട്രിക് വാഹനങ്ങളും ഇവിടെ നന്നായി പരീക്ഷിക്കപ്പെടുന്നു. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പ്രകൃതിദത്ത വിഭവങ്ങള്‍ ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് ശ്രമം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

ധനമേഖലയിലെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഡച്ചുകാര്‍ നേതാക്കളാണ്. ശതകോടികളുടെ ധനക്കൈമാറ്റം എളുപ്പത്തിലും സുരക്ഷിതത്വത്തോട് കൂടിയും വേഗത്തിലും ചെയ്യാനുള്ള സാങ്കേതികവിദ്യ ഡച്ചുകാര്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. ആംസ്റ്റര്‍ഡാം ആധാരമായുള്ള ആഡ്യന്‍ എന്ന കമ്പനി നെറ്റ് ഫ്‌ളിക്‌സ്, എയര്‍ബിഎന്‍ബി, സ്‌പോട്ടിഫൈ തുടങ്ങിയ കമ്പനികള്‍ക്ക് പേമെന്റ് പരിഹാരം നല്‍കുന്നു. ബങ്ക്, ലെന്‍ഡക്‌സ്, എന്നിവയാണ് മറ്റ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികള്‍. ഹോളണ്ട് ഫിന്‍ടെകിന്റെ വിജയം ചൂണ്ടിക്കാട്ടുന്നത്, ചെറിയ കമ്പനികള്‍ക്കും വലിയ ആശയങ്ങള്‍ വഴി പിടിച്ചുനില്‍ക്കാനാവുമെന്നതാണ്.

ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാം എപ്പോഴും ടെക്‌നോളജിയുടെ തലസ്ഥാനം കൂടിയായിരുന്നു. ഇവിടെ 578 ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നോളജി കമ്പനികള്‍ ഉണ്ട്. 170 ഓളം കമ്പനികളുടെ ആസ്ഥാനം തന്നെ ആംസ്റ്റര്‍ഡാം ആണ്. ഇതിന് കാരണമുണ്ട്. യൂറോപ്പിലെ ഏറ്റവും വേഗതയുള്ള ബ്രോഡ്ബാന്റ് ഇവിടെയാണ്. ലോകത്തിലെ ഏറ്റവും ആധുനിക ഡാറ്റ-ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബാണിത്. ഡാറ്റാസെന്ററിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇക്വിനിക്‌സ് ഒരു വലിയ എഎം4 ഡാറ്റാ സെന്റര്‍ ആംസ്റ്റര്‍ഡാം സയന്‍സ് പാര്‍ക്ക് ക്യാമ്പസില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗൂഗിള്‍, യൂബര്‍, സെയില്‍സ്‌ഫോഴ്‌സ്, ഡബിള്‍ഡച്ച്, സിസ്‌കോ എന്നിവയുള്‍പ്പെടെ ഒട്ടേറെ കമ്പനികള്‍ അവിടെ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ടോം ടോം, ബുക്കിംഗ്.കോം, വി ട്രാന്‍സ്ഫര്‍, ദി നെക്സ്റ്റ് വെബ് എന്നിവ ആംസ്റ്റര്‍ഡാമില്‍ തന്നെ വളര്‍ന്ന ആഗോള കമ്പനികളാണ്.

സിലിക്കണ്‍ വാലിയെപ്പോലെ, ഡച്ച് തലസ്ഥാനം ടെക്‌നോളജി ടാലന്റിന്റെ കാര്യത്തില്‍ കാന്തം പോലെയാണ്. ഏകദേശം 2.5 ലക്ഷം മിടുക്കര്‍ ഇവിടെയുണ്ട്. യുവിഎ, വിയു, സെന്‍ട്രം വൂര്‍വിസ്‌ക്‌ന്റെ ആന്റ് ഇന്‍ഫര്‍മേറ്റിക (സെന്റര്‍ ഫോര്‍ മാതമാറ്റിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്) നെതര്‍ലാന്റ്‌സ് ഇ-സയന്‍സ് സെന്റര്‍ എന്നിവയും ഇവിടെ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഡാറ്റാ അനലിറ്റിക്‌സ്, വിഷ്വലൈസേഷന്‍, ഇമേജ് റെക്കഗ്നിഷന്‍, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ നാനോലിതോഗ്രഫിയിലെ നാനോടെക്‌നോളജി റിസര്‍ച്ച് ലോകത്തെ തന്നെ മാറ്റിമറിയ്ക്കാന്‍ പോവുകയാണ്. ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് കൂടുതല്‍ മാറ്റങ്ങള്‍ വരുംവര്‍ഷങ്ങളില്‍ കൊണ്ടുവരുമെന്ന് കരുതുന്നു.

ടൂറിസം
നെതര്‍ലാന്റ്‌സില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂടുകയാണ്. 2017ല്‍ 21,000 ഇലക്ട്രോണിക് വിസകളാണ് നല്‍കിയത്. കേരള ടൂറിസത്തെ സംബന്ധിച്ചിടത്തോളം ടൂറിസ്റ്റുകള്‍ ഉത്ഭവിക്കുന്ന രാജ്യങ്ങളില്‍ 11ാം സ്ഥാനത്താണ് നെതര്‍ലാന്റ്‌സ്. ഡച്ചുകാരാണ് ഏറ്റവും വലിയ യാത്രികര്‍. നെതര്‍ലാന്റ്‌സില്‍ ഇന്ത്യയേയും കേരളത്തെയും പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് വേണു രാജാമണി. നെതര്‍ലാന്റില്‍നിന്നുള്ള ടൂറിസം പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ആയുര്‍വേദവും സംസ്‌കാരവും പ്രകൃതിഭംഗിയും കാണിച്ചുകൊണ്ട് ഇവിടുത്തെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. മികച്ച ഡോക്ടര്‍മാരും നല്ല ആശുപത്രികളും ഉള്ളതിനാല്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഒരു പിടി സംരംഭങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലെയ്ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ സെപ്തംബറില്‍ ആയുര്‍വേദ കോണ്‍ഫറന്‍സ് നടത്താന്‍ പദ്ധതിയുണ്ട്. നെതര്‍ലാന്റ്‌സിലെ ഏറ്റവും വലിയ ടൂറിസം പരിപാടിയായ ഹോളിഡേ ഫെയറില്‍ ഇന്ത്യന്‍ എംബസി പങ്കെടുത്തിരുന്നു. ഇവിടെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന് പേരിട്ട കേരള ടൂറിസം സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത് മേയര്‍ ജാന്‍ വാന്‍ സാനെനും വേണു രാജാമണിയും ചേര്‍ന്നാണ്. വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രദര്‍ശിപ്പിച്ച പരിപാടിയില്‍ കേരളം ഉള്‍പ്പെടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു.

നെതര്‍ലാന്റ്‌സിലെ പ്രധാന പൊതു ഒഴിവ് ദിനമായ കിംഗ്‌സ് ഡേയില്‍ ഇന്ത്യന്‍ ടൂറിസവും ജെറ്റ് എയര്‍വേയ്‌സും ചേര്‍ന്ന് എംബസിയുടെ സഹായത്തോടെ ബോളിവുഡ് ഇന്‍ എ ബോട്ട് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബാനര്‍ കെട്ടി ആംസ്റ്റര്‍ഡാമിലെ പ്രധാന കനാലുകളിലൂടെ പോകുന്ന കേരള ബോട്ടിനകത്ത് ബോളിവുഡ് ഡാന്‍സും നാടന്‍ കലകളും പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ജീവിക്കാന്‍ മികച്ച സ്ഥലങ്ങള്‍ ഉള്ള രാഷ്ട്രം നിര്‍മ്മിക്കണം: വേണു രാജാമണി
മൂന്ന് ദശകത്തെ അനുഭവപരിചയവുമായാണ് വേണു രാജാമണി നെതര്‍ലാന്റ്‌സില്‍ ഇന്ത്യന്‍ അംബാസഡറായി എത്തുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ പണ്ഡിതനുമാണ് ഇദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം പത്രപ്രവര്‍ത്തകനായി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജീവിതം തുടങ്ങി. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ഒന്നാം റാങ്കോടെ 1986ല്‍ സര്‍വ്വീസില്‍ പ്രവേശിച്ചു.

സ്‌കൂള്‍ കാലഘട്ടത്തില്‍ മാഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായിരുന്നു. ദില്ലിയിലെ ജവഹര്‍ലാന്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം സംഭവിച്ച 2007 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ദുബായില്‍ കോണ്‍സല്‍ ജനറലായിരുന്നു വേണു രാജാമണി. 20 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍, വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കല്‍, യുഎഇ പൗര•ാരുമായി അടുത്ത ബന്ധം സ്ഥാപിക്കല്‍, ഇന്ത്യയുടെ പ്രതിച്ഛായയും സോഫ്റ്റ് പവറിലെ കരുത്തും വര്‍ധിപ്പിക്കല്‍ എന്നിവയായിരുന്നു മികച്ച നേട്ടങ്ങള്‍.

ചൈനീസ് ഭാഷയില്‍ വൈദഗ്ധ്യമുള്ള ഇദ്ദേഹം ഇന്ത്യ-ചൈന-യുഎസ് ത്രികോണം: മൃദുലമായ അധികാരസന്തുലിതാവസ്ഥ സൃഷ്ടിക്കല്‍ എന്ന വിഷയത്തിലും ഇന്ത്യയും യുഎഇയും: വിഖ്യാത സൗഹൃദത്തിന്റെ ആഘോഷം എന്ന വിഷയത്തിലും മികച്ച പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിയമബിരുദം നേടിയ അദ്ദേഹം ദില്ലി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ മാസ്റ്റേഴ്‌സ് എടുത്തു. എന്‍സിസിയില്‍ കേരളത്തില്‍ നിന്നും മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ പേരില്‍ 1978ല്‍ ദില്ലിയില്‍ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുത്തു. 1979-80 കാലഘട്ടത്തില്‍ ആറ് മാസത്തെ ഇന്ത്യ-കാനഡ യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയിലും പങ്കെടുത്തു.

ബന്ധങ്ങള്‍ വളര്‍ത്താന്‍
ജലവും കാലാവസ്ഥയും പരിസ്ഥിതിയ്ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുന്ന വിഷയത്തില്‍ ഇന്ത്യക്കും നെതര്‍ലാന്റ്‌സിനും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. സാമ്പത്തിക സുസ്ഥിരത, ഗ്രീന്‍ഹൗസുകള്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ഗ്രീന്‍ നിര്‍മ്മാണം, സൈക്ലിംഗ് നയം തുടങ്ങി ഒട്ടേറെ മേഖലകളില്‍ കൂടി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഐതിഹാസികമായ ബന്ധങ്ങള്‍ വളര്‍ത്താന്‍ നമുക്ക് നമ്മുടേതായ വ്യക്തി നെതര്‍ലാന്റ്‌സില്‍ ഉണ്ടെന്നറിയുക.

നമുക്ക് ബന്ധങ്ങള്‍ കെട്ടിപ്പൊക്കാം.

അജേഷ് കുമാര്‍ എന്‍കെ
സിഇഒ
ത്രെക.കോം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.