സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
![സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി](https://uniquetimes.in/wp-content/uploads/2024/06/1-21.jpg)
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ അങ്കണവാടികൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. പിഎസ് സി പരീക്ഷകൾക്ക് അവധി ബാധകമല്ല. അതേസമയം അവധി മറികടന്ന് പ്രവർത്തിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. ചില ട്യൂഷൻ സെന്ററുകൾ അവധി മറികടന്ന് ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. ഇടുക്കി, വയനാട്, കോട്ടയം എന്നീ ജില്ലകളിൽ വിനോദ സഞ്ചാരം വിലക്കിയിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright