മാർബിളിൽ മാസ്മരികത വിരിയിച്ച് ….. ശ്രീ.കെ.വി.സക്കീർ ഹുസൈൻ

മാർബിളിൽ മാസ്മരികത വിരിയിച്ച്  …..  ശ്രീ.കെ.വി.സക്കീർ ഹുസൈൻ

IMG_8461-copyകേരളത്തിന്റെ വ്യവസായ മേഖലയിൽ നിരവധി പ്രതിഭകൾ ഓരോ സന്ദർഭങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരിൽ തിളക്കമാർന്ന വിജയം കൈവരിച്ച ഒരു വ്യവസായ സംഘാടകനാണ്, സ്വദേശി മെർമെർ ഇറ്റാലിയയുടെ എം.ഡി.യായ ശ്രീ.കെ.വി.സക്കീർ ഹുസൈൻ. കേരളത്തിലും വിദേശത്തും വിവിധ മേഖലകളിൽ തന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള അദ്ദേഹം പ്രതിസന്ധികളിലൂടെയാണ് തന്റെ അജയ്യമായ യാത്ര തുടരുന്നത്. ഇതിന് തുടക്കമിട്ടത് ഇദ്ദേഹത്തിന്റെ പിതാമഹൻ 1948 – ൽ സ്ഥാപിച്ച റ്റൈൽ ആന്റ് റ്റിംബർ ബിസിനസ്സിലൂടെയാണ്. പിന്നീട് 1970 – ൽ ഇദ്ദേഹത്തിന്റെ പിതാവ് ശ്രീ.കെ.വി.അരറാൻകുട്ടി ഹാജി, സ്വദേശി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് രൂപം നൽകിയതിലൂടെ കേരളത്തിലെ ആദ്യ ഗ്രാനൈറ്റ് ഫാക്ടറിക്ക് തുടക്കമായി. പിന്നീട് സ്ഥാപനം, മുന്നിൽ നിന്നുകൊണ്ട് വളർച്ചയിലേക്ക് നയിച്ച കെ.വി.സക്കീർ ഹുസൈനിന്റെ കരങ്ങളിൽ ഭദ്രമായി. നിലവിൽ കേരളത്തിൽ ഇറ്റാലിയൻ മാർബിൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഒരേയൊരു സ്ഥാപനമാണ് സ്വദേശി മെർമെർ ഇറ്റാലിയ.

ലോകത്തിന്റെ അതിർത്തിവരെ ചെന്ന് ഉന്നത നിലവാരമുള്ള മാർബിൾ കണ്ടെത്തി ഇറക്കുമതി ചെയ്യുന്നതാണ് വിപണിയിൽ തന്റെ സ്വീകാര്യതയ്ക്കും വിജയത്തിനും കാരണമെന്ന് അഭിമാനത്തോടെ ഇദ്ദേഹം പറയുന്നു. മാത്രമല്ല വിദേശത്തു നിന്നും ഇന്ത്യയിലേക്ക് ഗ്രാനൈറ്റും, മാർബിളും ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് ഇന്നും സ്വകാര്യമേഖലയ്ക്ക് നൽകുന്നതിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാർബിൾ ഗ്രാനൈറ്റ് ഖനനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇത്. എന്നാൽ മുമ്പ് ചില ഉപാധികളോടെ സ്‌പെഷ്യൽ ലൈസൻസ് നൽകിയ സന്ദർഭത്തിൽ കേരളത്തിൽ നിന്നും സ്വദേശിക്ക് കേന്ദ്രസർക്കാരിൽ നിന്നും ഇറക്കുമതിക്കായുള്ള അനുവാദം ലഭിച്ചു. വളരെ വിപുലമായ ഫാക്ടറി അന്ന് കേരളത്തിൽ സ്ഥാപനത്തിന് ഉണ്ടായിരുന്നതിനാലാണ് അത് ലഭിച്ചതെന്നും സക്കീർ ഹുസൈൻ പറയുന്നു. ദക്ഷിണേന്ത്യയിൽ ഗ്രാനൈറ്റ് സുലഭമാണ്. എന്നാൽ മാർബിൾ ലഭിക്കുന്നത് രാജസ്ഥാനിൽ മാത്രമാണ്. ഗ്രാനൈറ്റ് വളരെ കട്ടിയുള്ള ശിലയും മാർബിൾ ഗ്രാനൈറ്റിനെ അപേക്ഷിച്ച് വളരെ മൃദുവായതുമാണ്. അതിനാൽ ഇവ മുറിക്കുന്നതിനുള്ള ഉപകരണങ്ങളും വ്യത്യസ്തമാണ്. മെർമെർ ഇറ്റാലിയ, ഇറ്റലി, സ്‌പെയ്ൻ, ഗ്രീസ്, നോർവെ, ടർക്കി, ഈജിപ്ത്, ഒമാൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്രനിലവാരമുള്ള മാർബിളുകൾ മുറിച്ച് മിനുസപ്പെടുത്തിയാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ രാജസ്ഥാനിലെ സ്ഥാപനങ്ങൾ, അസംസ്‌കൃത മാർബിൾ ശിലകൾ ഇറക്കുമതി ചെയ്തതിനു
ശേഷം ഇവിടെവച്ചാണ് മുറിക്കുന്നത്. ഇത് നിലവാരമില്ലാത്ത മാർബിളുകൾ ശ്രീലങ്ക, ഇന്ത്യ, ആഫ്രിക്ക, ചൈന, നേപ്പാൾ എന്നിവിടങ്ങളിൽ വ്യാപകമാകുന്നതിന് കാരണമായിരിക്കുന്നു. മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തേക്കാൾ താഴ്ന്ന 12ാാ 15ാാ അളവിലാണ് ഇവർ മാർബിൾ നൽകുന്നതും. കൂടാതെ മാർബിൾ പ്രതലത്തിലെ വിള്ളലുകളും മറ്റും നികത്തുന്നതിന് അപോക്‌സി, ഫിക്‌സ്‌നൈറ്റ് എന്നീ സീലിങ് പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ മെർമെർ അന്താരാഷ്ട്ര നിലവാരത്തിലുള്ള 20ാാ കനത്തിൽ ദൃഢതയുള്ളതും പോളിഷ് ചെയ്തതുമായ മാർബിളുകളാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണമേ•യുള്ള മാർബിൾ ലഭ്യമാക്കുന്നു. മാത്രമല്ല മറ്റുള്ളവരേക്കാൾ വളരെ മിതമായ നിരക്കിലാണ് മെർമെർ ഉല്പന്നങ്ങൾ നൽകുന്നത്. ശ്രീ.കെ.വി.സക്കീർ ഹുസൈൻ കൂടുതൽ വസ്തുതകൾ യുണീക്ക് ടൈംസുമായി പങ്ക് വയ്ക്കുന്നു.

ഈ വ്യവസായ സംരംബത്തിന്റെ വളർച്ചയിൽ താങ്കൾ അഭിമുഖീകരിച്ചിട്ടുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്?

പുതിയ സംരംഭങ്ങൾ ഉടലെടുക്കുമ്പോൾ വെല്ലുവിളികൾ സ്വാഭാവികമാണ്. ഞാൻ ബിസിനസ്സ് കൈകാര്യം ചെയ്ത് തുടങ്ങുമ്പോൾ മാർബിൾ വ്യാപകമാകുന്ന ഒരു കാലമായിരുന്നു. ഗ്രാനൈറ്റ്, അക്കാലത്ത് വളരെ അപൂർവ്വമായിരുന്നു. ഒരു പക്ഷേ കിച്ചൻ ടോപ്പുകളിലും ഷോക്കേസ് വാളുകളിലും മാത്രം. വളരെ ശ്രദ്ധാപൂർവ്വം പദ്ധതികൾ ആവിഷ്‌കരിക്കേണ്ട സന്ദർഭമായിരുന്നു അത്. കാരണം അന്നാണ് തമിഴ്‌നാട് ഗവൺമെന്റ് ഗ്രാനൈറ്റ് ക്വാറി ഉടമകൾ സത്യമംഗലം വനത്തിൽ വീരപ്പനെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഗ്രാനൈറ്റ് ക്വാറികളിലെ ഖനനം നിർത്തിവയ്ക്കുവാൻ ഉത്തരവിട്ടത്. ഞങ്ങൾക്കും തമിഴ്‌നാട്ടിലെ ഞങ്ങളുടെ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. ആ സമയത്താണ് ഞങ്ങൾ കുടുംബത്തിൽ ഭാഗം വയ്ക്കൽ നടത്തിയത്. വളരെ സാമ്പത്തിക നഷ്ടം ആ സമയത്ത് നേരിടേണ്ടിവന്നിരുന്നു. എന്റെ മറ്റ് ബിസിനസ്സ് മേഖലകൾക്കൊപ്പം, നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ ഏറ്റെടുത്ത് വളർത്തുക എന്ന ദൗത്യം എന്റെ മുഴുവൻ ഊർജ്ജവും, ധൈര്യവും സംഭരിച്ച് ഞാൻ സ്വീകരിച്ചു. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടമായിരുന്നു അത്.

IMG_5580

ഈ മേഖലയിൽ അനിവാര്യമായി വരേണ്ട ഒരു മാറ്റം, താങ്കളുടെ അഭിപ്രായത്തിൽ എന്താണ്?

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്ക് മാർബിൾ ഇറക്കുമതി ചെയ്യുന്നത് വളരെ സങ്കീർണ്ണത അനുഭവപ്പെടുന്ന ഒരു കാര്യമാണ്. ഞങ്ങൾക്ക് 198 3000 രൂപയ്ക്കിടയിലുള്ള ഉല്പ്പന്നങ്ങളുടെ ശ്രേണിയുണ്ട്.
മറ്റ് മേഖലകളിൽ നാം 5% നികുതി നൽകുമ്പോൾ ഇവിടെ ഒരു ഉടമയ്ക്ക് കസ്റ്റംസ് വിഭാഗം നിശ്ചയിക്കുന്ന തുക നൽകേണ്ടി വരുന്നു. ഇതിന് പുറമെ ഷിപ്പിംങ് ചാർജ്ജ്, ക്ലിയറിംഗ് ചാർജ്ജ്, ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ്, ഗ്രോസ് പ്രോഫിറ്റിന്റെ 10 ശതമാനം, പിന്നെ 14.5% മൊത്ത നികുതി കേരള സർക്കാരിനും നൽകുന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ നികുതി സമ്പ്രദായത്തിൽ മാറ്റം വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 1.5 കോടി രൂപയുടെ കരാറിന് 2 കോടി രൂപ മുതൽമുടക്ക് ഞങ്ങൾക്ക് ചിലവാക്കേണ്ടതായി വരുന്നു. ഇതേ ഉല്പന്നം തന്നെ രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിൽ വളരെ കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുവാൻ കഴിയും. അതിനാൽ ആ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ഇറക്കുമതി ഉടമകൾ നിർബന്ധിതമാകും.

മെർമെർ ഇറ്റാലിയയുടെ പിന്നിലെ പ്രചോദനം എന്തായിരുന്നു?

കുടുംബത്തിലെ ഭാഗം വയ്ക്കലിനുശേഷം എന്റെ മനസ്സിൽ മെർമെർ ഇറ്റാലിയയെക്കുറിച്ചുള്ള ആശയം രൂപം കൊണ്ടു. അൻപതിലധികം രാജ്യങ്ങളിലൂടെയുള്ള എന്റെ യാത്രകൾ ഇതിന് സഹായകരമായി എന്നു പറയാം. ബോംബെ, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ മേഖലകളെ അപേക്ഷിച്ച്, ഏറ്റവും കുറഞ്ഞ സാധ്യമായ നിരക്കിൽ മാർബിൾ ഉപഭോക്താക്കൾക്ക് നൽകുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതിനായി വിപണിയെ നന്നായി മനസ്സിലാ ക്കുന്നതിനും പഠിക്കുന്നതിനുമായി ഞങ്ങൾ ഒരു ഗ്രൂപ്പിനെ തയ്യാറാക്കി. ഇതിന്റെയൊക്കെ പരിണിതഫലമായി ഇന്ന് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി ഏറ്റവും മികച്ച മാർബിളുകൾ മിതമായ നിരക്കിൽ ലഭ്യമായിരിക്കുന്നു. അതിനാൽ മെർമെർ ഇറ്റാലിയയുടെ ഉപഭോക്താക്കൾ നൂറുശതമാനവും സംതൃപ്തരാണെന്ന് എനിക്ക് പറയുവാൻ കഴിയും.

താങ്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം…

എന്നെ ഊർജ്ജസ്വലനാക്കുന്ന ഒരു കാര്യമാണ് യാത്രകൾ. അമ്പതിലധികം രാജ്യങ്ങളിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. പുതിയ ആളുകളെയും, സംസ്‌കാരങ്ങളെയും അറിയുന്നതിനും എന്റെ ചിന്തകളിൽ നവീന ആശയങ്ങൾ നിറയ്ക്കുന്നതിനും യാത്രകൾ സഹായകരമായിട്ടുണ്ട്.

താങ്കളുടെ സ്ഥാപനം അവലംബിക്കുന്ന പ്രവർത്തന രീതി ഒന്നു വിവരിക്കാമോ?

എന്റെ ജീവനക്കാരുടെ മുന്നിൽ ഞാനൊരു തുറന്ന സമീപനം പുലർത്തുന്ന ഉടമയാണ്. സമയബന്ധിതമായി ജോലി പൂർത്തിയാക്കുക എന്നതാണ് ജീവനക്കാരിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നതും, പ്രതീക്ഷിക്കുന്നതും. ഓഫീസിൽ അവർ താമസിച്ച് വരുന്നതിലോ വൈകുന്നേരം സമയത്തിന് മുമ്പ് പോകുന്നതിലോ എനിക്ക് വിമുഖതയില്ല. മാത്രമല്ല പല സന്ദർഭങ്ങളിലും സ്ഥാപനത്തിന്റെ ആവശ്യം മനസിലാക്കി എന്റെ ജീവനക്കാർ അധികനേരം ജോലി ചെയ്യുന്ന സന്ദർഭങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അമിതമായ നിയമങ്ങളും നിയന്ത്രണങ്ങളും ജീവനക്കാരുടെ മേൽ ഞങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ജീവനക്കാർക്ക്, സ്ഥാപനം അവരുടേതാണ് എന്ന ഒരു അനുഭാവമാണ് മനസ്സിൽ രൂപപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു പക്ഷേ ഞാൻ പ്രകടമാകുന്ന സമർപ്പണ മനോഭാവത്തേക്കാൾ അധികമായി ജീവനക്കാർ സ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്നു പറയുന്നതിലും എനിക്ക് അഭിമാനമുണ്ട്.

താങ്കളുടെ ഒരു ദിവസം

വെളുപ്പിന് ഉണരുന്നതാണ് ശീലം. അദ്യ മണിക്കൂറുകൾ ഫോൺകോളുകൾക്കും, ഈ മെയിലുകൾക്കുള്ള മറുപടികൾക്കുമായി മാറ്റി വെച്ചിരിക്കുന്നു. സാധാരണ 10.30 ന് ഞാൻ ഓഫീസിൽ വരികയും ഏകദേശം 8 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്നു. ഉച്ചഭക്ഷണം എനിക്ക് പതിവില്ലാത്തതിനാൽ, ഒരു മണിക്കൂർ സമയം ചെയ്ത് തീർക്കേണ്ട ജോലികൾ പൂർത്തിയാക്കുവാൻ എനിക്ക് ലഭിക്കുന്നു. ചായയും, കാപ്പിയും ഞാൻ കുടിക്കാറില്ല. രാത്രിയിലെ ലഘുഭക്ഷണം വരെ ജ്യൂസ് അല്ലെങ്കിൽ കരിക്കിൻ വെള്ളമാണ് എന്റെ പ്രധാന ആഹാരമെന്ന് പറയാം.

വിവിധ സാമൂഹ്യ – സേവന സംഘടനകളിൽ ഞാൻ ഭാഗമാണ്. അതിനാൽ അതുമായി ബന്ധപ്പെട്ടും നിരവധി വ്യക്തികളെ ഞാൻ ഓരോ ദിവസവും കാണുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയിൽ വിശ്വസിക്കുന്നതിനാൽ ഞങ്ങളുടെ സ്വദേശി ട്രസ്റ്റ് എന്ന ചാരിറ്റബിൾ സംഘടനയിലൂടെ നിരവധി വ്യക്തികൾക്ക് സഹായ ഹസ്തം നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ ട്രസ്റ്റിലൂടെ നിർവ്വഹിക്കുന്നു.

താങ്കളെ വ്യത്യസ്തനാക്കുന്ന ഒരു കാര്യം സൂചിപ്പിക്കാമോ?

ഞാൻ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും എന്തെങ്കിലും വ്യത്യസ്തതയും, പുതുമയും പുലർത്തുവാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ റോട്ടറി പ്രസിഡന്റായിരുന്ന സമയത്ത്, റോട്ടറിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇൻസ്റ്റാളേഷൻ സെറിമണി വിമാനത്തിൽവച്ച് നടത്തപ്പെടുകയുണ്ടായി. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു ഇത്. കിങ്ഫിഷർ എയർലൈൻസും ഇതിനായി ഞങ്ങളോട് സഹകരിച്ചിരുന്നു. എന്റെ എല്ലാ പ്രവർത്തന മേഖലകളിലും പുതുമയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത് എന്റെ ഭവനത്തിന്റെ നിർമ്മതിയിലും പ്രതിഫലിക്കുന്നുണ്ട്. ഒരു ആശയം അനുകരിക്കുന്നതിലല്ല ആശയത്തിന് ജ•ം നൽകുന്നതിനാണ് ഞാൻ വിലമതിക്കുന്നത്.

ബിസിനസ്സിലെ പ്രതിയോഗികളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ താങ്കളെ സ്വയം എങ്ങിനെ വിലയിരുത്തുന്നു?

വിൽക്കുന്ന ഓരോ ഉല്പ്പന്നങ്ങളും സവിശേഷത ഉള്ളതായിരിക്കണം എന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. ഇക്കാരണത്താൽ തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും നമ്മുടെ ഉറച്ച വിശ്വാസം വിജയത്തിലേക്ക് നയിക്കുമെന്നതിൽ എനിക്ക് ഉറപ്പുണ്ട്. വിജയിച്ച ഓരോ സംരംഭങ്ങൾക്ക് പിന്നിലും, വിജയിച്ച ആശയങ്ങളുണ്ട്. മാർബിൾ ശിലകൾ അൻപതോ നൂറോ രൂപ കുറച്ച് വിൽക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അവർ പെട്ടെന്നുള്ള ലാഭത്തിനാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ പെട്ടെന്ന് വിറ്റഴിക്കുന്നതിനായും, ലാഭം നേടുന്നതിനായും ഗുണനിലവാരത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ഞങ്ങൾ വിപണിയിൽ പിടിച്ചു നിന്നതും വിജയിച്ചതും സംതൃപ്തരായ ഉപഭോക്താക്കളുടെ അനുകൂല പ്രതികരണങ്ങളിലൂടെയും, അവർ നൽകിയ പിന്തുണയിലൂടെയും ആണ്. അത് തന്നെയാണ് ഞങ്ങളുടെ ബിസിനസ്സിന്റെ ശക്തിയും.

ജീവിതത്തിൽ താങ്കളെ ഏറ്റവും അധികം സ്വാധീനിച്ച ഒരു വ്യക്തി…..

ഞാൻ എന്നും ആദരവോടെ വീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എന്റെ ഭാര്യാപിതാവ്, അന്തരിച്ച ശ്രീ. മീരാൻ. ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകൻ. 1994-ൽ എന്റെ വിവാഹശേഷം, എല്ലാ ദിവസവും വൈകുന്നേരം ജോലികഴിഞ്ഞതിനുശേഷം അദ്ദേഹം എന്നോട് സംസാരിക്കുമായിരുന്നു. ഈ അവസരം അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും ഞാൻ എന്നിലേക്ക് സ്വാംശീകരിക്കുവാനുള്ള സന്ദർഭങ്ങളാക്കി മാറ്റി. അദ്ദേഹത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ എനിക്ക് ഉപകാരപ്രദമായിട്ടുണ്ട്. ചില പ്രതിസന്ധിഘട്ടങ്ങളിൽ ഞാൻ പകച്ചു നിന്നപ്പോൾ അദ്ദേഹം വളരെ അനായാസമായി അതിൽ നിന്നും എന്നെ കരകയറ്റിയിട്ടുണ്ട്. ഇന്നും അദ്ദേഹം എനിക്ക് നൽകിയ ഉപദേശങ്ങൾ എന്റെ നിത്യജീവിതത്തിൽ ഞാൻ പ്രാവർത്തികമാക്കുന്നുണ്ട്.

താങ്കളുടെ ഭാവി പരിപാടികൾ?

ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ഗ്രാനൈറ്റ് വളരെ കുറഞ്ഞ തോതിലായിരുന്നു വിപണനം ചെയ്തിരുന്നത്. എന്നാൽ ഇന്ന് അത് മാറിയിരിക്കുന്നു. ബിസിനസ്സ് വളരെ വിപുലമായിരിക്കുന്നു. അതുപോലെ ഇറക്കുമതി ചെയ്യപ്പെടുന്ന മാർബിളിന്റെ ഉപഭോഗം വരുന്ന സമയങ്ങളിൽ വർദ്ധിക്കുമെന്ന് എനിക്കുറപ്പുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും അധികം
മാർബിൾ ഉപഭോഗം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ലോകത്തിലെ എല്ലാ വർണ്ണങ്ങളും സൗന്ദര്യം വിരിയിക്കുന്ന മാർബിൾ ശിലകൾ ഞങ്ങളുടെ ഷോറൂമുകളിൽ കൊണ്ടുവരുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് കേരളത്തിലും, ബാംഗ്ലൂരും, ഷാർജയിലും, ഹോങ്കോങിലും ഷോറൂമുകളുണ്ട്. മാർബിളിന്റെ ഉപഭോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 16 ശാഖകൾ ഞങ്ങൾ തുറക്കുകയാണ്. ഒമാനിൽ ഞങ്ങളുടെ ഫാക്ടറി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു ഉല്പാദന യൂണിറ്റായാണ് ഞങ്ങൾ ആവിഷ്‌കരിക്കുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നും മാർബിൾ ഇവിടെ ഇറക്കുമതി ചെയ്യുകയും അതിനുശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായിരിക്കും. അതുപോലെ തന്നെ നിലവിലുള്ള ഗ്രാനൈറ്റ് ഖനനവും കയറ്റുമതിയും ഞങ്ങൾ കൂടുതൽ വിപുലമാക്കുവാനുള്ള പരിശ്രമത്തിലാണ്.

യുവസംരംഭകരോട് താങ്കൾക്ക് എന്താണ് പറയുവാനുള്ളത്?

‘കഠിനാദ്ധ്വാനം’ അടിച്ചേൽപ്പിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. ബിസിനസ്സ് എന്നത് ശരിയായ പദ്ധതികളുടെ ആവിഷ്‌ക്കാരമാണ്. ഒരു പായ്ക്കപ്പലിലൂടെയുള്ള ഒരു യാത്രപോലെയാണത്. ഒരാൾക്ക് സുരക്ഷിതമായി തീരം അടുക്കാം; അതിന് കാറ്റിന്റെ ഗതി മനസ്സിലാക്കുകയും പായ അതനുസരിച്ച് ചലിപ്പിക്കുകയും ചെയ്താൽ മതി. എന്റെ മനസ്സിനെ ഞാൻ സമ്മർദ്ദത്തിൽ കുരുക്കാറില്ല. വൈകുന്നേരം വീട്ടിൽ എത്തിച്ചേർന്നാൽ ഓഫീസ് കാര്യങ്ങൾ ഞാൻ പൂർണ്ണമായും മാറ്റിവയ്ക്കുന്നു. പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തുന്നത് വരെ.

യുവതലമുറയോട് എനിക്ക് ഒന്നേ പറയുവാനുള്ളൂ. നിങ്ങൾ സ്വപ്നം കാണുക. ഒരു സ്വപ്നം നിങ്ങൾക്ക് ശക്തി പകരുന്നു. ആ ശക്തി നിങ്ങളെ പ്രവർത്തനനിരതരാക്കുകയും പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യം നേടുവാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

വളരെ ലളിതമായാണ് ശ്രീ സക്കീർ ഹുസൈൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. യാത്രകൾ ഇഷ്ടപ്പെടുന്നതോടൊപ്പം സംഗീതത്തോടും, കാറു കളോടും താത്പര്യം പുലർത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് മാർബിളിൽ വിവധ വർണ്ണങ്ങൾ നേടുന്ന ഇദ്ദേഹത്തിന്റെ ഇഷ്ടവർണ്ണം ഏതെന്ന് ചോദിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ ഭവനവും, ഓഫീസും എല്ലാം തൂവെൺമയാൽ ശോഭിതമാണ്. മെർസിഡെസ് കാറുകളോടുള്ള തന്റെ പ്രിയം മറച്ചുവയ്ക്കുന്നില്ല. ഏതാനും വർഷം മുമ്പ് സ്വന്തമാക്കിയ ടക്ലാസ് മെർസിഡെസിലാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം. ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ബഹുമതികളും, പുരസ്‌കാരങ്ങളും ചേർത്തു വായിക്കുകയാണെങ്കിൽ ഒട്ടനവധി കാര്യങ്ങൾ കൂടി ഇവിടെ പ്രതിപാദി ക്കേണ്ടതായിവരും.

ശ്രീ സക്കീർഹുസൈനിന്റെ പത്‌നി ശ്രീമതി നിസ സക്കീർ എം.എസ്.സി.ഹോം സയൻസിൽ റാങ്ക് ജേതാവും നിലവിൽ ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്. ഇവർക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ആർസു സക്കീർ, ആമിയ സക്കീർ, അമൻ സക്കീർ ഇവർ എറണാകുളം ചോയ്‌സ് സ്‌കൂൾ വിദ്യാർത്ഥികളാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.