മണപ്പുറം മിസ് ഏഷ്യ: ലോഗോയും ഡോണര്‍ പാസും പ്രകാശനം ചെയ്തു

മണപ്പുറം മിസ് ഏഷ്യ: ലോഗോയും ഡോണര്‍ പാസും പ്രകാശനം ചെയ്തു

manതൃശ്ശൂര്‍: പെഗാസസിന്റെ അന്താരാഷ്ട്ര സംരംഭമായ മണപ്പുറം മിസ് ഏഷ്യയുടെ ലോഗോയും ഡോണര്‍ പാസും മണപ്പുറം എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍ പ്രകാശനം ചെയ്തു. വലപ്പാട് മണപ്പുറം ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ മണപ്പുറം സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. സുമിത നന്ദന്‍, ചീഫ് ജനറല്‍ മാനേജര്‍ എന്‍.ആര്‍ ബാഹുലേയന്‍, മീഡിയ റിലേഷന്‍സ് ഹെഡ് രാജു റാഫേല്‍, പെഗാസസ് ചെയര്‍മാന്‍ അജിത് രവി എന്നിവര്‍ പങ്കെടുത്തു.
ഏഷ്യയിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് ഒരുക്കുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമാണ് മിസ് ഏഷ്യ. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരം ആഗസ്റ്റ് 18ന് കൊച്ചി ലേ മെറിഡിയനില്‍ നടക്കും. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3293 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് മിസ് ഏഷ്യയുടെ മുഖ്യപ്രായോജകര്‍.

 

മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ എന്നീ ഇവന്റുകളിലൂടെ സൗന്ദര്യ മത്സരങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പെഗാസസിന്റെ ആദ്യ അന്താരാഷ്ട്ര സംരംഭമാണ് മിസ് ഏഷ്യ. ഏഷ്യന്‍ വന്‍കരയിലെ യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കുന്ന മത്സരത്തില്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യ ജേതാവ് കനിക കപൂറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഓഗസ്റ്റ് 12ന് ഹോട്ടല്‍ ബ്യൂ മൗണ്ടില്‍ ആരംഭിക്കും. ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു.

 

 

തന്റെ വരുമാനത്തിന്റെ ലാഭവിഹിതം നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിനായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലേക്ക് നീക്കിവെക്കുമെന്നും ഇതിനോടകം തന്നെ രണ്ട് പേര്‍ക്ക് ചികിത്സാസഹായം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലി സ്വദേശിനി സാറാമ്മ വര്‍ഗീസ് (55) , കരുമാല്ലൂര്‍ സ്വദേശിനി അല്‍ഫിയ ഫാത്തിമ(6) എന്നിവര്‍ക്കാണ് സണ്‍റൈസ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

 

 

മിസ് ഏഷ്യ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ (http://in.bookmyshow.com) എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ ലഭിക്കുന്ന പൂര്‍ണ വരുമാനം 100 ലൈഫ് ചലഞ്ചിനു വേണ്ടി വിനിയോഗിക്കുമെന്നും അജിത് രവി പെഗാസസ് അറിയിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.