ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടാണ് ബ്രിട്ടന്‍ വളര്‍ന്നത്: തരൂര്‍

ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടാണ് ബ്രിട്ടന്‍ വളര്‍ന്നത്: തരൂര്‍

sasiഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ 400ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടാണ് ബ്രിട്ടന്‍ വളര്‍ന്നതെന്നും ബ്രിട്ടനിലെ വ്യവസായവല്‍ക്കരണം ഉണ്ടായത് ഇന്ത്യയിലെ വ്യവസായ നശീകരണത്തില്‍ നിന്നാണെന്നും തരൂര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

എട്ടു മിനിറ്റാണ് എനിക്കു സംസാരിക്കാന്‍ തന്നിരിക്കുന്നത്. ‘ഹെന്റി എട്ടാമന്‍ പബ്ലിക് സ്പീക്കിങ് സ്‌കൂളി’ല്‍ പെട്ടയാളാണു ഞാന്‍. ഹെന്റി എട്ടാമന്‍ ഭാര്യമാരോടു പറഞ്ഞതുപോലെ ‘ ഞാന്‍ നിങ്ങളെ കൂടുതല്‍ സമയം ബുദ്ധിമുട്ടിക്കില്ല’ (സദസ്സില്‍ നിന്നു നിറഞ്ഞ കയ്യടി. ഹെന്റി എട്ടാമന്‍ രാജാവ് ആറു തവണ വിവാഹം കഴിച്ചിരുന്നു.) ഏഴാമത്തെ പ്രസംഗകനാണ് ഞാന്‍. ഞാനിപ്പോള്‍ എന്നെ കാണുന്നത് ഹെന്റി എട്ടാമന്റെ അവസാനത്തെ ഭാര്യയെപ്പോലെയാണ്. നിങ്ങള്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്താണെന്ന് എനിക്ക് അറിയാം. അത് വ്യത്യസ്തയോടെ ചെയ്യാനാവുമോ എന്നെനിക്കുറപ്പില്ല.

ബ്രിട്ടന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ലോക സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. ബ്രിട്ടിഷുകാര്‍ പോയപ്പോഴേക്കും അത് നാലു ശതമാനത്തില്‍ കുറവായി. ഇന്ത്യയെ കൊള്ളയടിച്ചത് ഉപയോഗിച്ചാണ് രണ്ടു നൂറ്റാണ്ടിലേറെ കാലം കൊണ്ട് ബ്രിട്ടന്‍ വളര്‍ന്നത്. ബ്രിട്ടനിലെ വ്യവസായവല്‍ക്കരണം ഉണ്ടായത് ഇന്ത്യയിലെ വ്യവസായ നശീകരണത്തില്‍ നിന്നാണ്.

ഇന്ത്യയിലെ നെയ്ത്തുകാരുടെ കാര്യം തന്നെ എടുക്കാം. ബ്രിട്ടിഷുകാര്‍ വരും മുന്‍പ് മസ്‌ലിന്‍ പോലെ മികച്ച തുണി ഉല്‍പാദിപ്പിച്ചിരുന്നവരാണ് ഇന്ത്യയിലെ നെയ്ത്തുകാര്‍. ലോകമെങ്ങും പ്രശസ്തി നേടിയവര്‍. ബ്രിട്ടിഷുകാര്‍ എത്തി അവരുടെ കൈകള്‍ തല്ലിയൊടിച്ചു, തറികള്‍ തകര്‍ത്തു, നികുതികള്‍ ഏര്‍പ്പെടുത്തി, അസംസ്‌കൃത വസ്തുക്കള്‍ ബ്രിട്ടനിലേക്കു കടത്തി. അവിടെ നിന്ന് ലോകമെമ്പാടും തുണി കയറ്റിയയച്ചു. ഇന്ത്യയിലെ നെയ്ത്തുകാര്‍ പിച്ചക്കാരായി. ലോക വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് 27 ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനത്തില്‍ കുറവായി കുറഞ്ഞു.

അതേസമയം റോബര്‍ട്ട് ക്ലൈവിനെപ്പോലെയുള്ള കൊളോണിയലിസ്റ്റുകള്‍ ഹിന്ദിയിലെ ലൂട്ട് എന്ന വാക്ക് അവരുടെ സ്വഭാവത്തെപ്പോലെ തന്നെ ഇംഗ്ലിഷ് നിഘണ്ടുവിലേക്കു കൊണ്ടുപോയി (കയ്യടി). ക്ലൈവ് ഓഫ് ഇന്ത്യ എന്നു ബ്രിട്ടന്‍ വിളിച്ചു. ഇന്ത്യ മുഴുവന്‍ അയാളുടെയാണെന്ന പോലെ. (കയ്യടി). 19ാം നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഇന്ത്യ ബ്രിട്ടന്റെ ഏറ്റവും വലിയ കറവപ്പശുവായി മാറിയിരുന്നു. ബ്രിട്ടന്‍ ഉണ്ടാക്കിവിടുന്ന സാധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം, ബ്രിട്ടിഷുകാര്‍ക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കുന്ന രാജ്യം. ഞങ്ങളെ അടിച്ചമര്‍ത്തിയതിന് ഞങ്ങള്‍ അങ്ങോട്ടു പണം കൊടുക്കേണ്ടിവന്നു.

19ാം നൂറ്റാണ്ടിന്റെ പണക്കാരായ ബ്രിട്ടിഷുകാരില്‍ അഞ്ചിലൊരുഭാഗം 30 ലക്ഷം ആഫ്രിക്കന്‍ അടിമകളെ കടത്തിയാണു പണമുണ്ടാക്കിയത്. 1833ല്‍ അടിമത്തം അവസാനിപ്പിച്ചപ്പോള്‍ 20 ദശലക്ഷം പൗണ്ടാണ് നല്‍കിയത്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരമായല്ല അതു നല്‍കിയത്, മറിച്ച് ഭൂമി നഷ്ടപ്പെട്ടവര്‍ക്കാണ് അതു നല്‍കിയത്.

ഇന്ത്യയെക്കുറിച്ചു പറയാം. പതിനഞ്ചു ദശലക്ഷത്തിനും 20 ദശലക്ഷത്തിനും ഇടയില്‍ ഇന്ത്യക്കാര്‍ ബ്രിട്ടിഷ് ഭരണകാലത്തു പട്ടിണി മൂലം മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാലു ദശലക്ഷം പേര്‍ പട്ടിണി മൂലം മരിച്ച ബംഗാള്‍ ഏറ്റവും നല്ല ഉദാഹരണം. ബംഗാളിലെ ജനങ്ങള്‍ക്കു കിട്ടേണ്ട ഭക്ഷണം മനപ്പൂര്‍വം നല്‍കാതെ, ബ്രിട്ടനു ഭാവിയില്‍ ഉപയോഗിക്കാന്‍ മാറ്റിവച്ചത് വിന്‍സ്റ്റന്‍ ചര്‍ച്ചിലാണ്. ഇതു ശരിയല്ലെന്നു ബ്രിട്ടിഷുകാര്‍ തന്നെ ചര്‍ച്ചിലിനോടു ചൂണ്ടിക്കാട്ടിയപ്പോള്‍ ചര്‍ച്ചില്‍ ഫയലിന്റെ മാര്‍ജിനില്‍ എഴുതി.”എന്തുകൊണ്ടാണ് ഇതുവരെ ഗാന്ധിജി മരിക്കാത്തത്?” 1943ല്‍ ചര്‍ച്ചില്‍ ചെയ്തത് ഒരു ഉദാഹരണം മാത്രം. എത്രയോ ബ്രിട്ടിഷുകാര്‍ ഇന്ത്യയോട് അതേ രീതിയില്‍ പെരുമാറി. ബ്രിട്ടിഷ് സാമ്രാജ്യത്തില്‍ സൂര്യനസ്തമിക്കാതിരുന്നതില്‍ അദ്ഭുതമില്ല. കാരണം, ദൈവത്തിനു പോലും ഇരുട്ടത്ത് ബ്രിട്ടിഷുകാരെ വിശ്വാസമില്ലായിരുന്നു (കയ്യടി).

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാര്യമെടുക്കാം. ബ്രിട്ടിഷ് സൈന്യത്തില്‍ യുദ്ധം ചെയ്തവരില്‍ ആറിലൊരു ഭാഗം ഇന്ത്യക്കാരായിരുന്നു. 54,000 ഇന്ത്യക്കാര്‍ക്ക് ആ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 65,000 ഇന്ത്യക്കാര്‍ക്കു പരുക്കേറ്റു. 4000 ഇന്ത്യക്കാരെ കാണാതാവുകയോ അവര്‍ ജയിലിലടയ്ക്കപ്പെടുകയോ ചെയ്തു. ഇന്ത്യയിലെ നികുതിദായകര്‍ 100 ദശലക്ഷം പൗണ്ട് (അക്കാലത്തെ മൂല്യം) നികുതിയടയ്‌ക്കേണ്ടിവന്നു. ഇന്ത്യ ആറു ലക്ഷം തോക്കുകള്‍ നല്‍കി, 40 ദശലക്ഷം വസ്ത്രങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചു തയ്ച്ച് പുറത്തേക്കു കൊണ്ടുപോയി. ഇന്ത്യയില്‍ നിന്ന് അക്കാലത്തു കൊണ്ടുപോയ വസ്തുക്കളുടെ മൂല്യം ഇന്നത്തെ മൂല്യമനുസരിച്ചു കണക്കാക്കിയാല്‍ 800 കോടി പൗണ്ട് ആണ്. ഇന്ത്യ പട്ടിണി അനുഭവിക്കുന്ന സമയത്തായിരുന്നു ഇതെന്ന് ഓര്‍ക്കണം.

രണ്ടാം ലോക മഹായുദ്ധകാലത്തെക്കുറിച്ചു പറയാം. അത് കൂടുതല്‍ മോശമാണ്. 25 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടനുവേണ്ടി പൊരുതിയത്. 1945ലെ ബ്രിട്ടന്റെ യുദ്ധക്കടം 300 കോടി പൗണ്ട് ആയിരുന്നു. അതില്‍ 125 കോടി പൗണ്ട് ഇന്ത്യയുടേതാണ്. ഈ പണം ഇതുവരെ തിരിച്ചുതന്നിട്ടില്ല.

സ്‌കോട്‌ലന്‍ഡിനെപ്പറ്റി ഇവിടെയാരോ പറഞ്ഞു. കോളനിവല്‍ക്കരണമാണ് സ്‌കോട്‌ലന്‍ഡുമായുള്ള നിങ്ങളുടെ ബന്ധം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യയില്‍ ഇഷ്ടം പോലെ സ്‌കോട്‌ലന്‍ഡുകാര്‍ക്കു ജോലി കിട്ടുമെന്ന നില വന്നു. കച്ചവടക്കാരായും സൈനികരായും ഏജന്റുമാരായുമൊക്കെ ഇഷ്ടം പോലെ ജോലി. ഇത് സ്‌കോട്‌ലന്‍ഡിനെ പട്ടിണിയില്‍ നിന്നു കരകയറ്റി. ഇപ്പോള്‍ അതിന് ഇന്ത്യയില്ലല്ലോ. എല്ലുകള്‍ അയഞ്ഞുതുടങ്ങുന്നതില്‍ അദ്ഭുതമില്ല. (സദസില്‍ നിന്നു ചിരി).

റയില്‍വേയെപ്പറ്റി ആരോ ഇവിടെ പറഞ്ഞു. ബ്രിട്ടനുവേണ്ടിയാണ് റയില്‍വേയും റോഡും ഉണ്ടാക്കിയതെന്ന് ജമൈക്കന്‍ ഹൈമ്മിഷനര്‍ പറഞ്ഞല്ലോ. ബ്രിട്ടനിലെ നിക്ഷേപകര്‍ക്ക് വലിയ ലാഭം ഉറപ്പുകൊടുത്താണ് ഇന്ത്യയില്‍ റയില്‍വേ ഉണ്ടാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള നികുതിയില്‍ നിന്ന് വന്‍ ലാഭം ബ്രിട്ടന്‍ അവര്‍ക്ക് ഉറപ്പുകൊടുത്തു. അതുകൊണ്ട് എന്തുണ്ടായി? കാനഡയിലോ ഓസ്‌ട്രേലിയയിലോ ഒരു മൈല്‍ റയില്‍വേ ലൈന്‍ ഉണ്ടാക്കുന്നതിന്റെ ഇരട്ടി തുക ചെലവാക്കിയാണ് ഇന്ത്യയില്‍ ഒരു മൈല്‍ റയില്‍വേ ലൈന്‍ നിര്‍മിച്ചത്. കൂടുതല്‍ പണം നിക്ഷേപകര്‍ തന്നതിനാലാണിത്. ലാഭമെല്ലാം ബ്രിട്ടന്‍ ഉണ്ടാക്കി.

ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയ ധനസഹായത്തെപ്പറ്റി ഒരാള്‍ പറഞ്ഞു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 % മാത്രമാണ് ബ്രിട്ടന്‍ ഇന്ത്യയ്ക്കു നല്‍കിയ ധനസഹായം. ഇതില്‍ കൂടുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വളം സബ്‌സിഡിയായി നല്‍കുന്നുണ്ട് (സദസില്‍ നിന്നു ചിരി).

ബ്രിട്ടിഷ് കോളനികളായിരുന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം കോളനിവാഴ്ചയാണ്. രാജ്യങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കിയ ചരിത്രമുണ്ടോ എന്നൊരാള്‍ ചോദിച്ചു. ഇസ്രയേല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ഇറ്റലി ലിബിയയ്ക്കു നഷ്ടപരിഹാരം നല്‍കി. ജപ്പാന്‍ കൊറിയയ്ക്കു നഷ്ടപരിഹാരം നല്‍കി. ബ്രിട്ടനും നഷ്ടപരിഹാരം നല്‍കിയ ചരിത്രമുണ്ട്–ന്യൂസീലന്‍ഡിന്. എതിര്‍പക്ഷത്തെ വാദങ്ങളുടെ സംക്ഷിപ്തമായി ടെക്‌സസിലെ പ്രയോഗം എടുത്തുപറയാം. ‘ഓള്‍ ഹാറ്റ് ആന്‍ഡ് നോ കാറ്റില്‍’ (വെറും പുറംപൂച്ചു മാത്രം, കഴമ്പില്ല.)

ജനാധിപത്യത്തെപ്പറ്റി ഇപ്പോള്‍ നിങ്ങള്‍ പറയുന്നു. നിങ്ങള്‍ ജനങ്ങളെ കൊല്ലുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്ത് 200 വര്‍ഷം ഭരിച്ചിട്ട് അവസാനം ജനാധിപത്യം വന്നെന്നു പറഞ്ഞ് ആഘോഷിക്കുന്നു (കയ്യടി). ഞങ്ങള്‍ക്കു ജനാധിപത്യം തന്നില്ല. ഞങ്ങള്‍ക്കതു നിങ്ങളില്‍ നിന്നു തട്ടിപ്പറിക്കേണ്ടിവന്നു.

ബ്രിട്ടന്‍ ഇന്ത്യയ്ക്കു നഷ്ടപരിഹാരം തരണമെന്നു പറയുമ്പോള്‍ എത്ര തുക വേണമെന്നു തീരുമാനിക്കുക ബുദ്ധിമുട്ടാണ്. ഉണ്ടായ നഷ്ടത്തിനൊക്കെ വിലയിടാനാവില്ല. എന്നാല്‍ നഷ്ടപരിഹാരം നല്‍കുകയെന്ന തത്വമാണിവിടെ പ്രധാനം. തരാനുണ്ടെന്നു തത്വത്തില്‍ സമ്മതിക്കുക. ഒരു ‘സോറി’ പറഞ്ഞാല്‍ അതു വലിയ കാര്യമാണ്. അടുത്ത 200 വര്‍ഷത്തേക്ക് ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം നഷ്ടപരിഹാരമായി ഒരു പൗണ്ട് തരാന്‍ തീരുമാനിച്ചാലും ഞാന്‍ സന്തോഷവാനാണ്. എല്ലാവര്‍ക്കും നന്ദി.

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.