പണം മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും
ന്യൂഡല്‍ഹി: ബാങ്കില്‍ നിന്ന് അസാധുവായ നോട്ടുകള്‍ മാറ്റുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒരേ വ്യക്തികള്‍ തന്നെ പല ബാങ്കുകളിലെത്തി നോട്ടുകള്‍ മാറ്റി വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴി പല ബാങ്കുകളിലൂടെ പണം മാറ്റിവാങ്ങുന്നുണ്ടെന്നും ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും നീണ്ട ക്യൂവിന് പിന്നില്‍ ഇവരാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ സംഘങ്ങളായി എ.ടി.എമ്മുകളിലും ബാങ്കുകളിലും എത്തിച്ച് കള്ളപ്പണം വെളുപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ജനങ്ങള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അറിയിച്ചു. നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
Photo courtesy : Google /images may be subject to copyright