ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി

ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി

How-will-GST-affect-Indian-Businessesഇന്ത്യയുടെ ഏറ്റവും വലിയതും കരുത്തുറ്റതുമായ പരോക്ഷ നികുതി സംവിധാനമായ ജിഎസ്ടി(ചരക്ക് സേവന നികുതി) ജൂലായ് ഒന്നു മുതല്‍ നടപ്പില്‍ വന്നുകഴിഞ്ഞു. ഇതിലൂടെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള പരോക്ഷ നികുതി സംവിധാനത്തിലേക്ക് ഇന്ത്യ മാറുകയാണ്.

നിലവിലുള്ള സംവിധാനമനുസരിച്ച് തീരുവ ഈടാക്കുന്നത് ഉല്‍പാദനത്തിനാണ്. ജിഎസ്ടി വഴി വരുന്ന പുതിയ മാറ്റം സ്വാഗതാര്‍ഹമാണ്. കാരണം ഉല്‍പാദനത്തിന് പകരം ഉപഭോഗമാണ് ഇവിടെ പരോക്ഷനികുതി ഈടാക്കുന്നതിനുള്ള പ്രധാനഘടകം. ലോകത്തിലെ 160 രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ഈ സംവിധാനത്തിലേക്ക് ഇന്ത്യയും ചുവടുവെക്കുന്നു. നികുതിസംവിധാനം വിപുലമാകുമെങ്കിലും ഓരോ വ്യക്തിയും നല്‍കേണ്ട നികുതിയുടെ ഭാരം കുറയുമെന്നതാണ് ആകര്‍ഷണം.

ചരിത്രപ്രാധാന്യമുള്ള ഈ നികുതിപരിഷ്‌കരണത്തോട് സഹകരിച്ച കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നടപടിയെ ശ്ലാഘിച്ചേ തീരു. ജിഎസ്ടി നിരക്കുകള്‍, വിവിധ സേവനങ്ങളുടെ തരംതിരിവ്, സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടംനികത്തല്‍ തുക എന്നിവ സംബന്ധിച്ചും കേന്ദ്ര ധനമന്ത്രിയും സംസ്ഥാനധനമന്ത്രിമാരും ഉള്‍പ്പെട്ട ജിഎസ്ടികൗണ്‍സില്‍ തീരുമാനമെടുത്തുകഴിഞ്ഞു.

ജിഎസ്ടിയിലൂടെ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ‘ഒരുരാജ്യം ഒരു നികുതി’ എന്ന സംവിധാനം വരികയാണ്. ചില പട്ടികകളില്‍പ്പെട്ട സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള നികുതിനിരക്കിന്റെ സ്ലാബ് നിശ്ചയിക്കുമ്പോള്‍ നികുതി അടിത്തറ വിപുലമാവുകയും അതുവഴി തലവേദനയില്ലാത്ത ഒരു പരോക്ഷ നികുതി സംവിധാനം നിലവില്‍ വരികയുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ആകര്‍ഷകമായ പരസ്യവാചകം മാറ്റിനിര്‍ത്തിയാല്‍, ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഏതാണ്ടെല്ലാ ചരക്കുകളും സേവനങ്ങളും കുറഞ്ഞ നികുതി നിരക്കിലൂടെ പട്ടികയില്‍ ചേരുകയാണ്.

എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 0%, 5%, 12%, 18%, 28% എന്നിങ്ങനെ അഞ്ച് പട്ടികയിലായി പരോക്ഷനികുതി ജിഎസ്ടി കൗണ്‍സില്‍ 2017 മെയ് 19ന് നിശ്ചയിച്ചുകഴിഞ്ഞു. അതേ സമയം, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, എവിയേഷന്‍ ഫ്യൂവല്‍, ഡീസല്‍, പെട്രോള്‍, റിയല്‍ എസ്റ്റേറ്റ്, മദ്യപാനീയങ്ങള്‍, വൈദ്യുതി എന്നിവയെ ഈ പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഈ ചരക്കുകളിന്മേല്‍ നല്‍കുന്ന നികുതി ജിഎസ്ടിയില്‍ തട്ടിക്കിഴിക്കില്ല. ഈ നികുതി പട്ടികകള്‍ക്ക് ഒട്ടേറെ നേട്ടങ്ങളുണ്ട്. അതില്‍ പ്രധാനം അവശ്യസാധനങ്ങള്‍ക്ക് 0% നികുതിയേ ഉള്ളൂ എന്നതാണ്. ഇത് രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്കും ആവശ്യക്കാര്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിലേക്കും നയിക്കും. രണ്ടാമത്, സേവനനികുതി ഒഴിവാക്കപ്പെട്ട ഏതാനും സേവനമേഖലകള്‍ക്ക് ആ ആനുകൂല്യം ജിഎസ്ടിയിലും തുടരുമെന്നതാണ്. അതില്‍ ചിലത് എടുത്തുപറയേണ്ടതാണ്. താങ്ങാവുന്ന ചെലവിലുള്ള വീട് നിര്‍മ്മാണം, ചില പ്രത്യേക അന്താരാഷ്ട്ര സംഘടനകളുടെ സേവനങ്ങള്‍, നൈപുണ്യവികസനം എന്നിവയെ സേവനനികുതിയില്‍ നിന്നും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്.

ജിഎസ്ടിയിലെ പ്രധാന പോരായ്മ വേര്‍തിരിച്ചുള്ള പട്ടികകളുടെ എണ്ണത്തിലെ വര്‍ധനയാണ്. ഇത് പിന്നീട് പട്ടികകള്‍ സംബന്ധിച്ച തര്‍ക്കങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പട്ടികകള്‍ മാറ്റിക്കാണിച്ച് നികുതിവെട്ടിപ്പ് നടത്താനും സാധ്യത കൂടുതലാണ്. ഇത് പിന്നീട് ജിഎസ്ടി സംബന്ധിച്ച നിയമതര്‍ക്കത്തിന് ഒരു ഭാരിച്ചചെലവിന് കാരണമാകും.

വ്യാപാരികള്‍ തുടക്കം മുതലേ സജീവമാണ്. അവര്‍ അവരുടെ ബിസിനസിന്മേലും ഇടപാടിന്മേലും ജിഎസ്ടി മൂലം വില, മാനദണ്ഡങ്ങള്‍ക്ക് വഴങ്ങല്‍, നികുതി, പട്ടികകള്‍ എന്നിവ മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ വിലയിരുത്തിക്കഴിഞ്ഞു. ജിഎസ്ടി പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ വ്യാപാരികളും നിര്‍ബന്ധമായും മാസംതോറും വര്‍ഷാവസാനവും റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം. സംയോജിത പദ്ധതി തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഇളവുണ്ട്. അവര്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ കാണിച്ചാല്‍ മതിയാവും. അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധന മൂന്ന് വട്ടം നടക്കും. നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം ഇത് ഒരു വട്ടം മാത്രമേ നടക്കൂ. ഇന്‍വോയ്‌സ് തമ്മില്‍ ഒത്തുപോകുന്നുണ്ടോ എന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പരിശോധിക്കുന്നതാണ് ജിഎസ്ടിയുടെ ഒരു പ്രധാന നേട്ടമായി വിലയിരുത്തുന്നത്. വിതരണക്കാരന്‍ കാണിച്ചിരിക്കുന്ന അതേ ഇന്‍വോയ്‌സ് തന്നെയാണ് അത് സ്വീകരിച്ചയാളും കാണിച്ചിരിക്കുന്നത് എന്ന് ഒത്തുനോക്കാന്‍ കഴിയും. ഇത് രണ്ടും ഒത്തുപോയാല്‍ മാത്രമാണ് ആ സേവനമോ ചരക്കോ സ്വീകരിച്ചയാള്‍ക്ക് ഈടാക്കിയ നികുതിയിളവ് ലഭ്യമാകൂ. അതേ സമയം, വിതരണക്കാരനും സ്വീകര്‍ത്താവും തമ്മില്‍ ഇന്‍വോയ്‌സില്‍ പൊരുത്തമില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയക്കും. നോട്ടീസിന് ശേഷവും പൊരുത്തക്കേട് ഇരുകൂട്ടരും പരിഹരിച്ചില്ലെങ്കില്‍ സ്വീകര്‍ത്താവിന് ലഭിച്ച ടാക്‌സ് ഇളവ് തിരിച്ചടക്കാനുള്ള നികുതിബാധ്യതയായി മാറും.

ഐടി സംവിധാനവും ജിഎസ്ടി കണ്ണികളും തടസ്സമില്ലാതെ, ഒരൊറ്റ ശൃംഖലയായി പ്രവര്‍ത്തിപ്പിക്കുന്നതിലാണ് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രധാന ശ്രദ്ധ. ഇന്‍കംടാക്‌സ് അടിസ്ഥാനസൗകര്യങ്ങള്‍ ജിഎസ്ടി ഫലപ്രദമായി നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കാരണം ഇടപാടുകള്‍ ഒരു ചങ്ങലയിലെന്നോണം പരസ്പരബന്ധിതമാണ്. എങ്കിലേ നികുതിയീടാക്കല്‍, റീഫണ്ട്, ക്രെഡിറ്റ് എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയൂ.

ഇതിന് പുറമെ, നേരത്തെ സൂചിപ്പിച്ചതുപോലെ, നികുതി ആസൂത്രണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംബന്ധിച്ചും ജിഎസ്ടി അനുസരിച്ച് നിക്ഷേപിക്കാനുള്ള നികുതിത്തുക കണക്കാക്കലും സംബന്ധിച്ച് അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതുപോലെ സ്റ്റോക്ക് ചെയ്ത ചരക്കിനുള്ള എക്‌സൈസ് നികുതി ജിഎസ്ടി സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന കാര്യം വിലയിരുത്തണം.

 

ലേഖനം: അഡ്വ. ഷെറി സാമുവേല്‍ ഉമ്മന്‍
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ടാക്‌സ്, കോര്‍പറേറ്റ് നിയമം എന്നിവയില്‍ വൈദഗ്ധ്യം നേടിയ ചാട്ടേര്‍ഡ് അക്കൗണ്ടന്റും കോസ്റ്റ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയും കൂടിയാണ്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.