ഐക്യുവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഐക്യുവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

full_SQYrIL8fഒരു വ്യക്തിയുടെ ഐക്യു (ഇന്റലിജന്‍സ്‌ ക്വാഷ്യന്റ്‌) അഥവാ ബുദ്ധിമാനം പലഘടകങ്ങളൈയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ ജനിതകഘടകങ്ങളും അല്ലാത്തവയും ഉള്‍പ്പെടുന്നു. മനുഷ്യബുദ്ധിയെ രൂപപ്പെടുത്തുന്നതില്‍ പ്രകൃതിദത്തഘടകങ്ങളോടൊപ്പം സാഹചര്യങ്ങളുടെ പ്രേരണയും പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും ജനിതകം അഥവാ ജീന്‍ ഒരു പ്രധാനഘടകം തന്നെയാണ്‌. എന്നാല്‍ അതോടൊപ്പം വിദ്യാഭ്യാസം, അകാലപ്പിറവി (നേരത്തെയുള്ള പ്രസവം) പോഷകം, അന്തരീക്ഷമലിനീകരണം, മരുന്ന്‌, ലഹരിപാനീയത്തിന്റെ ദുരുപയോഗം, മാനസികരോഗങ്ങള്‍ എന്നീ ഘടകങ്ങളും ഐക്യു നിശ്ചയിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഘടകങ്ങള്‍ക്ക്‌ ജനിതകപരമായ പരിമിതകളെ മറികടക്കുന്നതിനുള്ള കരുത്ത്‌ നല്‍കാന്‍ പോലും സാധിക്കും.

ജനിതകഘടകങ്ങള്‍ക്ക്‌ മനുഷ്യസിദ്ധികളെ സ്വാധീനിക്കാന്‍ ശക്തമായ കഴിവുകളുണ്ട്‌. വ്യക്തികള്‍ തമ്മില്‍ ധാരണാശക്തിയില്‍ ഏറ്റിറക്കങ്ങളുണ്ടാകാന്‍ പ്രധാന കാരണം ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളാണ്‌. ജനിതകത്താല്‍ നിശ്ചയിക്കപ്പെടുന്ന ധാരണാശക്തികളെ മാറ്റാന്‍ പരിതസ്ഥിതികള്‍ക്ക്‌ കഴിയും. സമ്പന്നമായ സാഹചര്യം ഒരു വ്യക്തിയുടെ കഴിവ്‌ വളര്‍ത്തുന്നതിനെ സഹായിക്കും. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ജീവിതചക്രം മുഴുവനും പരിസരങ്ങളുടെയും ജനിതകഘടകങ്ങളുടെയും സ്വാധീനം ഒരു പോലെയായിരിക്കില്ല. നമ്മുടെ ബുദ്ധി വളരുകയും വികസിക്കുകയും ചെയ്യുന്ന കാലഘട്ടമാണ്‌ ബാല്യം. ആ സമയത്ത്‌ നമ്മള്‍ കഴിക്കുന്ന പോഷകഘടകങ്ങള്‍, മാനസികമായ പ്രോത്സാഹനം എന്നിവയെല്ലാം ഐക്യുവിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ തലച്ചോറിന്റെ വളര്‍ച്ച പാരമ്യത്തിലെത്തുകയും ഐക്യുവില്‍ പരിതസ്ഥിതിയുടെ സ്വാധീനം കുറയുകയും ചെയ്യുന്നു. തലച്ചോറിന്‌ പ്രായമേറുമ്പോഴും പരിസ്ഥിതിക്കുള്ള സ്വാധീനം വര്‍ധിക്കും. ഈ പ്രക്രിയ ജനിതകഘടകങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു.

ഐക്യുവിന്മേല്‍ ജനിതകസ്വാധീനത്തിനുള്ള തെളിവ്‌
ഇരട്ടകളെക്കുറിച്ചുള്ള പഠനത്തില്‍ ഒരു പോലെയുള്ള ഇരട്ടകളുടെ ഐക്യു ഏറെക്കുറെ സമാനമാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരേ വീടിന്റെ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളുടെ ഐക്യു ഏറെക്കുറെ സമമാണെങ്കിലും ഒരേ അന്തരീക്ഷത്തില്‍ വളരുന്ന ദത്തെടുത്ത കുട്ടികളുടെ ഐക്യു തമ്മില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

ഐക്യുവില്‍ പാരിസ്ഥിതിക സ്വാധീനത്തിനുള്ള തെളിവ്‌
1.വ്യത്യസ്‌ത അന്തരീക്ഷത്തില്‍ വളരുന്ന ഇരട്ടകളേക്കാള്‍, ഒരേ അന്തരീക്ഷത്തില്‍ വളരുന്ന ഇരട്ടകളുടെ ഐക്യുവിലുള്ള സാമ്യം കൂടുതലാണ്‌.
2.ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം സ്‌കൂളിലെ അവന്റെ സാന്നിധ്യം ഐക്യു സ്‌കോറിനെ ബാധിക്കും.
3.ആദ്യത്തെ മൂന്നു മുതല്‍ അഞ്ച്‌ മാസം വരെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളുടെ ഐക്യു, മുലപ്പാല്‍ കുടിക്കാതെ വളരുന്ന കുട്ടികളുടെ ഐക്യുവിനേക്കാള്‍ കുറവായിരിക്കും.

ജീനുകള്‍ ചില പ്രത്യേക സാഹചര്യഘടകങ്ങള്‍ വഴി ബുദ്ധി ആര്‍ജ്ജിക്കാന്‍ ആളുകളെ പ്രേരിപ്പിക്കും. അതിനാല്‍ ഐക്യുവിന്‌ പിന്നിലുള്ള ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ സ്വതന്ത്രമല്ല. അതായത്‌, ചില ജനിതക സ്വാധീനത്തിന്റെ തോത്‌ പാരിസ്ഥിതികമായും കണക്കാക്കാം.

ഐക്യുവിനെ ബാധിക്കുന്ന ജനിതക ഘടകങ്ങള്‍
ബുദ്ധിയേയും ഐക്യുവിനെയും നമ്മുടെ ജീനുകള്‍ സ്വാധീനിക്കുന്നു. 40 മുതല്‍ 80 ശതമാനം വരെയാണ്‌ ഇവയുടെ സ്വാധീനം. നമ്മുടെ തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനവും ബുദ്ധിശക്തിയുടെ നിലവാരത്തിനെ ബാധിക്കുന്നു. തലച്ചോറിന്റെ മുന്‍ഭാഗത്തിന്റെ വലിപ്പവും ആകൃതിയും രക്തത്തിന്റെ അളവും രാസപ്രവര്‍ത്തനവും തലച്ചോറിലെ മൊത്തം പദാര്‍ത്ഥത്തിന്റെ അളവും കോര്‍ടെക്‌സിന്റെ കനവും ഗ്ലൂക്കോസിന്റെ മെറ്റബോളിക്‌ റേറ്റും എല്ലാം ഐക്യുവിനെ ബാധിക്കുന്ന ഘടകങ്ങളാണ്‌. ന്യൂറോണുകളുടെ ഘടന മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും കാര്യക്ഷതയും വിവര പ്രക്രിയയും എല്ലാം ഐക്യു സ്‌കോറിനെ മികച്ചതാക്കാന്‍ സഹായിക്കുന്നു. ഓട്ടിസവും തലച്ചോറിന്റെ വലിപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്ടിസത്തില്‍ ന്യൂറോണുകളുടെ മാര്‍ഗ്ഗങ്ങളില്‍ ഒട്ടേറെ കേടുപാടുകള്‍ ഉണ്ടെങ്കിലും അവിടെയും ജീനുകളാണ്‌ എല്ലാം നിയന്ത്രിക്കുന്നത്‌.

പരിസ്ഥിതി ഘടകങ്ങള്‍
ജനിതക പാരമ്പര്യമനുസരിച്ച്‌ നമ്മുടെ തലച്ചോറിന്‌ നിശ്ചിത അളവിലുള്ള വ്യാപ്‌തിയും ഘടനയും ഉണ്ടായിരിക്കും. അതായത്‌ നിശ്ചിത അളവിലുള്ള ബുദ്ധിയുണ്ടായിരിക്കും എന്നര്‍ത്ഥം. പക്ഷെ ജൈവികഘടനകൊണ്ട്‌ മാത്രം ഇതിനെ അളക്കാന്‍ കഴിയില്ല. നമ്മുടെ ജീവിതരീതിയും ബുദ്ധിശക്തിയെ ബാധിക്കും.

ഗവേഷകര്‍ സാധാരണ പരസ്‌പരം വേര്‍തിരിക്കപ്പെട്ട ഇരട്ടകളെക്കുറിച്ച്‌ പഠിക്കാറുണ്ട്‌. പ്രകൃതിയും വളര്‍ത്തല്‍ രീതിയും എങ്ങനെയാണ്‌ ഇവരെ ബാധിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌ പഠിക്കുന്നത്‌. ബുദ്ധിശക്തിയെന്നത്‌ വെറും ജൈവശാസ്‌ത്രപരം മാത്രമാണെങ്കില്‍ പരസ്‌പരം വേര്‍തിരിക്കപ്പെട്ട ഒരു പോലെയുള്ള ഇരട്ടകള്‍ക്ക്‌ ഒരേ നിലവാരത്തിലുള്ള ബുദ്ധിയാണ്‌ ഉണ്ടായിരിക്കേണ്ടത്‌. പക്ഷെ പലപ്പോഴും ജനിതകപരമായി ബുദ്ധിശക്തിയുള്ള കുട്ടികള്‍ തങ്ങള്‍ക്ക്‌ പ്രചോദനം നല്‍കുന്ന അന്തരീക്ഷം തേടുകയും അവരുടെ ബുദ്ധിശക്തിയെ വീണ്ടും വളര്‍ത്തുകയുമാണ്‌ ചെയ്യുന്നത്‌. ഐക്യു വികസിപ്പിക്കാനുള്ള പരിപാടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുട്ടികളിലെ ഐക്യു വളര്‍ത്തുന്നതിന്‌ സഹായകരമാണ്‌. അവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ബൗദ്ധികാനുഭവങ്ങള്‍ തേടുന്നുവെങ്കില്‍ തീര്‍ച്ചയായും ബുദ്ധി വികസിക്കാറുണ്ട്‌. ഒരാളുടെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം അയാളുടെ ഐക്യു നിലവാരം കൂടി ഉയര്‍ത്തുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

പോഷകാഹാര നയത്തിലെ പുരോഗതി ലോകമെമ്പാടും ഐക്യു നിലവാരം ഉയര്‍ത്തുന്നതിന്‌ സഹായകരമായിട്ടുണ്ട്‌. ചെറുപ്രായത്തില്‍ ലഭ്യമാകുന്ന പോഷകാഹാരവും തലച്ചോറിന്റെ വളര്‍ച്ചയും തമ്മി്‌ല്‍ അഭേദ്യബന്ധമാണുള്ളത്‌. ശിശുക്കള്‍ക്ക്‌ മികച്ച പോഷകാഹാരം നല്‍കിയാല്‍ അവരുടെ തലച്ചോറിന്റെ വലിപ്പം കൂടുമെന്നും ഐക്യു നിലവാരം ഉയരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനിച്ച്‌ ആഴ്‌ചകള്‍ മാത്രം പ്രായമായ കുഞ്ഞിന്‌ പോഷകാഹാരം ശരിയായി നല്‍കിയാല്‍ ഓര്‍മ്മയും പഠനവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ കോഡേറ്റിന്റെ വലിപ്പം കൂടുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. അത്തരം കുട്ടികളുടെ ഐക്യു സ്‌കോര്‍ ഉയര്‍ന്നതായിരിക്കും. സിങ്ക്‌, അയേണ്‍, ഫൊലേറ്റ്‌, അയഡിന്‍, ബി12, പോഷകം എന്നിവയുടെ കുറവ്‌ മൂലം ഐക്യു കുറയുവാന്‍ സാധ്യതയേറെയാണ്‌. ശരിയായി മുലപ്പാല്‍ കുടിച്ച്‌ വളര്‍ന്ന കുട്ടികളുടെ ധാരണാശക്തിയുടെ വളര്‍ച്ച 24ാം മാസത്തില്‍ തിരിച്ചറിയാനാകുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. ഡിഎച്ച്‌എ പോലുള്ള പോളിഅണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌ നിറഞ്ഞ ഭക്ഷണം കഴിക്കുന്ന കുട്ടികളിലും മികച്ച ഐക്യു കാണപ്പെടാറുണ്ട്‌. ഇത്തരം ആഹാരം പതിവാക്കുന്ന ഗര്‍ഭിണികള്‍ക്ക്‌ കൂടുതല്‍ ബുദ്ധിശക്തിയുള്ള കുട്ടികള്‍ ജനിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെ ക്രിയാറ്റിന്‍ ഉള്‍പ്പെട്ട ആഹാരം കഴിക്കുന്ന പ്രായമുള്ളവരിലും ബുദ്ധിശക്തി വികസിക്കുന്നതായി പറയപ്പെടുന്നു.

സംഗീതപരിശീലനവും ഐക്യുവും തമ്മില്‍ പാരസ്‌പര്യമുണ്ട്‌. അതേ സമയം സംഗീതപരിശീലനം നേടിയതുകൊണ്ട്‌ ഒരാളുടെ വൈകാരിക ഐക്യു ഉയരുമെന്ന്‌ കണ്ടെത്തിയിട്ടില്ല. സംഗീത പരിശീലനം നേടിയ കുട്ടികള്‍ക്ക്‌ ശബ്ദങ്ങളെ വേര്‍തിരിച്ചറിയാനുള്ള ശ്രവണശേഷിയും ഫിംഗര്‍ മോട്ടോര്‍ നൈപുണ്യവും കൂടുതലാണ്‌. കണ്ണും കയ്യും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന മിടുക്കാണ്‌ ഫിംഗര്‍ മോട്ടോര്‍ നൈപുണ്യം. അതുപോലെ ഭാഷാ നൈപുണ്യവും ഇക്കൂട്ടരില്‍ കൂടുതലായിരിക്കും. ക്ലാസിക്കല്‍ സംഗീതം കേള്‍ക്കുന്നത്‌ കുട്ടികളിലെ ഐക്യു വര്‍ധിപ്പിക്കുമത്രെ.

ഗര്‍ഭകാലത്തും ശൈശവകാലത്തും ധാരണാശക്തിയില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിന്‌ ഒട്ടേറെ കാരണങ്ങളുണ്ട്‌. ലെഡ്‌, മെര്‍ക്കുറി, ഓര്‍ഗന്‍ ക്ലോറൈഡുകള്‍, മദ്യം, പുകവലി, മയക്കമരുന്ന്‌, തലയിലെ ക്ഷതം, മാനസിക രോഗം, ശാരീരിക-മാനസിക സമ്മര്‍ദ്ദം എന്നിവ ഇത്തരം കാരണങ്ങളില്‍ ചിലതാണ്‌.
ജനനക്രമം
ആദ്യം ജനിച്ച കുട്ടികള്‍ക്ക്‌ പിന്നീട്‌ ജനിക്കുന്ന കുട്ടികളേക്കാള്‍ മൂന്ന്‌ മടങ്ങ്‌ ഐക്യു വര്‍ധനയുള്ളതായി കാണാന്‍ സാദിക്കും. ഗര്‍ഭകാലത്തും ശൈശവത്തിലും ലഭിക്കുന്ന മികച്ച പരിചരണം, മാതാപിതാക്കളുടെ വാത്സല്യം, പോഷകം, വിദ്യാഭ്യാസ പിന്തുണ എന്നിവ ഐക്യുവിനെ പിന്തുണയ്‌ക്കുന്ന ഘടകങ്ങളാണ്‌. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങളില്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക പിന്തുണയും ലഭിക്കുന്നത്‌ അവരുടെ ഐക്യു വികാസത്തിന്‌ കാരണമാകാറുണ്ട്‌.

ഫ്‌ളിന്‍ ഇഫക്ട്‌
സമയം കടന്നുപോകുന്നതിനനുസരിച്ച്‌ വ്യക്തികളിലെ ഐക്യു ക്രമാനുഗതമായി വര്‍ധിക്കുന്നുവെന്ന കണ്ടെത്തലാണ്‌ ഫ്‌ളിന്‍ ഇഫക്ട്‌. ഓരോ ദശകത്തിലും ആളുകളുടെ ഐക്യു മൂന്ന്‌ പോയിന്റുകളോളം വര്‍ധിക്കുന്നുവെന്നാണ്‌ ഐക്യു ടെസ്റ്റ്‌ സ്‌കോറുകള്‍ തെളിയിക്കുന്നത്‌. മെച്ചപ്പെട്ട പോഷകം, അണുകുടുംബത്തിലേക്ക്‌ നീങ്ങുന്ന പ്രവണത, നല്ല വിദ്യാഭ്യാസം, പരിതസ്ഥിതികളിലെ വര്‍ധിച്ചുവരുന്ന സങ്കീര്‍ണ്ണതകള്‍, ഹെട്രോസിസ്റ്റ്‌ പ്രതിഭാസം (അതായത്‌ മാതാപിതാക്കളുടെ വ്യത്യസ്‌തമായ ജീനുകള്‍ കൂടിക്കലര്‍ന്ന്‌ മെച്ചപ്പെട്ട കുട്ടിയുണ്ടാകുന്നുവെന്ന സിദ്ധാന്തം) ഇതൊക്കെയാണ്‌ ഈ ഐക്യു വര്‍ധനയുടെ കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

ഐക്യു ടെസ്റ്റുകള്‍ ബുദ്ധിശക്തിയുടെ ചില മേഖലകള്‍ മാത്രമാണ്‌ പരിശോധിക്കുന്നത്‌. ഉദാഹരണത്തിന്‌ സര്‍ഗ്ഗാത്മകത, വൈകാരിക ചാതുര്യം എന്നിവ അളക്കാന്‍ ഐക്യു ടെസ്റ്റുകള്‍ക്കാവില്ല. ഐക്യുവില്‍ 98 ശതമാനം നേടിയ പ്രതിഭകള്‍ക്ക്‌ അംഗത്വം നല്‍കുന്ന അന്താരാഷ്ട്ര സാമൂഹ്യസംഘടനയാണ്‌ മെന്‍സ ഇന്റര്‍നാഷണല്‍.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.