ട്രോമ കെയറിന്റെ ആവശ്യകത

ട്രോമ കെയറിന്റെ ആവശ്യകത

Cardiopulmonary resuscitation. Rescue team (doctor and a paramedic) resuscitating the man on the street.

 

ഡോ. അരുണ്‍ ഉമ്മന്‍, ന്യൂറോ സര്‍ജന്‍, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍

 

റോഡപകടം, വര്‍ക്ക് സൈറ്റ് അപകടം, ആക്രമണം, തെന്നിവീഴല്‍ തുടങ്ങിയവയാല്‍ ശരീരത്തിന് ഏല്‍ക്കുന്ന പരിക്കുകളാണ് ട്രോമ എന്നറിയപ്പെടുന്നത്. ട്രോമയെ തുടര്‍ന്നുള്ള മരണം ലോകത്തിലെ വലിയ സാമൂഹ്യ സാമ്പത്തിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. കൂടുതലും 15 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവരാണ് ട്രോമ കേസുകളില്‍ മരണപ്പെടുന്നത്. പലപ്പോഴും വീട്ടിലെ പ്രധാന വരുമാനമാര്‍ഗ്ഗമാണ് ഇവരുടെ മരണത്തിലൂടെ പൊലിഞ്ഞുപോകുന്നത്. ട്രോമയെ തുടര്‍ന്ന് സ്ഥിരമായി വികലാംഗരായി മാറുന്നവരുടെ എണ്ണവും കുറവല്ല. ശരിയായ ട്രോമ മാനേജ്‌മെന്റിലൂടെ അപകട നിരക്കും മരണ നിരക്കും ഒഴിവാക്കാന്‍ സാധിക്കും.

ഒരു സമ്പൂര്‍ണ്ണ ട്രോമ കെയറില്‍ അഞ്ച് പ്രധാന ഭാഗങ്ങളുണ്ട്;
1.ഹെല്‍മറ്റ്-സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, വണ്ടിയോടിക്കുമ്പോള്‍ മദ്യവും മയക്കമരുന്നും ഒഴിവാക്കല്‍, സ്പീഡ് നിയന്ത്രണം, ട്രാഫിക് നിയമങ്ങള്‍ അനുസരിക്കല്‍, ട്രാഫിക് നിയമങ്ങളും സിഗ്നലുകളും പാലിക്കല്‍, വര്‍ക്ക് സൈറ്റില്‍ എയര്‍ ബലൂണ്‍, സുരക്ഷാഉപകരണങ്ങള്‍ ഉപയോഗിക്കല്‍ എന്നിവ കര്‍ശമാനമാക്കണം.
2. റോഡപകടം ഉണ്ടാകുമ്പോള്‍ നല്‍കേണ്ട പരിചരണത്തെക്കുറിച്ച് പൊതുജനത്തിന് നല്ല പരിശീലനം നല്‍കണം.
3.അപകടം നടന്ന സ്ഥലത്ത് നിന്ന് കൃത്യമായ രീതിയില്‍ മികച്ച ട്രോമ-എമര്‍ജന്‍സി കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കണം.
4.ആശുപത്രിയില്‍ ശരിയായ ചികിത്സാ സംവിധാനം ലഭ്യമാക്കണം.
5.പോസ്റ്റ് ഹോസ്പിറ്റല്‍ കെയറും പുനരധിവാസവും.

മറ്റ് വികസിതരാഷ്ട്രങ്ങളേക്കാള്‍ ഇന്ത്യ ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. പ്രത്യേകിച്ചും രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങളില്‍. ഒരു ട്രോമ ഇരയ്ക്ക് അവസരോചിതമായി എന്തൊക്കെ പരിചരണം നല്‍കണമെന്ന കാര്യം ആര്‍ക്കും അറിയില്ല. നമ്മുടെ വിദ്യാഭ്യാസകേന്ദ്രങ്ങളിലോ മറ്റോ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരിശീലനം നല്‍കാത്തതാണ് ഇതിന് കാരണം. കൃത്യസമയത്ത് പരിചരണം ലഭിച്ചാല്‍ പിന്നീടുള്ള വികലാംഗത വരെ തടയാനാവും. രക്തംപോക്ക് തടയല്‍, ശരീരത്തിന്റെ ചലനം വീണ്ടെടുക്കല്‍, കാര്‍ഡിയോറെസ്പിറേറ്ററി പുനരുജ്ജീവനം, സ്പ്ലിന്റിംഗ് ടെക്‌നിക്കുകള്‍ എന്നിവ പ്രധാനമാണ്. അപകടം കണ്ടുനില്‍ക്കുന്ന പലര്‍ക്കും എങ്ങനെ പ്രരിചരിക്കണമെന്ന്് അറിയാത്തതിനാല്‍ പലപ്പോഴും ഇരയാകുന്നവര്‍ ആശുപത്രിയിലെത്തുംമുമ്പ് പലതരം വൈകല്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു. അതുപോലെ രോഗിയെ ഒരു മികച്ച ട്രോമ കെയര്‍ സെന്ററില്‍ എത്തിക്കുന്നതിലും നമ്മള്‍ പരാജയപ്പെടുന്നു. അപകടം സംഭവിച്ച ആദ്യമണിക്കൂറുകളിലെ പരിചരണം പ്രധാനമാണ്.

അതിനാല്‍ ട്രോമ കെയര്‍ സംബന്ധിച്ച് നല്ല പരിശീലനം ജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, സംഘടനകള്‍ എന്നിവ ഇതിനായി സജ്ജമാക്കാം. ഇരയെ പൊടുന്നനെ ആശുപത്രിയില്‍ എത്തിച്ച് ട്രോമ കെയര്‍ പരിചരണം നല്‍കാന്‍ കഴിയാത്തത് ഒട്ടേറെ പ്രശ്‌നങ്ങള്‍ വരുത്തുന്നുണ്ട്. അപകടം നടന്ന ശേഷമുള്ള ആദ്യ മണിക്കൂറുകളാണ് പ്രധാനം. ഈ മണിക്കൂറാണ് ജീവിതത്തിനും മരണത്തിനും അംഗവൈകല്യത്തിനും ഇടയിലുള്ള സമയം.

ഇന്ത്യയിലെ 50 ശതമാനം റോഡപകടങ്ങള്‍മൂലമുള്ള മരണവും സമയത്തിന് പരിചരണം ലഭിക്കാത്തതിനാലാണ് സംഭവിച്ചതെന്ന് ലോ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനാവശ്യമായി കേസിന്റെയും പൊലീസ് സ്റ്റേഷന്റെയും നൂലാമാലകളില്‍ കുരുങ്ങുമെന്നതിനാലാണ് അപടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ പലപ്പോഴും ആളുകള്‍ മുന്നോട്ട് വരാന്‍ മടിക്കുന്നത്.

രോഗിയെ ശരിയായ രീതിയില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്. എങ്കിലേ ട്രോമ കെയര്‍ ഫലപ്രദമാകൂ. മാത്രമല്ല മികച്ച ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സാചെലവ് ഉയര്‍ന്നതായതിനാല്‍ പലരും ചെറിയ ആശുപത്രികളെ സമീപിക്കുന്നു. ഇത് പലപ്പോഴും അംഗവൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.

പാശ്ചാത്യരാഷ്ട്രങ്ങളില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ ചെലവിലാണ് ചികിത്സ ലഭിക്കുന്നത്. രോഗിയുടെ പുനരുജ്ജീവനത്തിനുള്ള ചെലവ് വരെ സര്‍ക്കാരുകള്‍ തന്നെ വഹിക്കുന്നുണ്ട്. അവിടെ ശേഖരിക്കുന്ന നികുതിയുടെ നല്ലൊരു ശതമാനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. എല്ലാ പൗര•ാര്‍ക്കും അവരുടെ സാമ്പത്തിക നിലവാരം നോക്കാതെ തന്നെ തുല്ല്യ ചികിത്സ ലഭ്യമാകുന്നു.

ട്രോമയെ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍
1. മദ്യപിച്ച് വാഹനമോടിക്കുന്നത് കര്‍ശനമായി നിരോധിക്കല്‍.
2.വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്ന മികച്ച നിലവാരത്തിലുള്ള റോഡുകള്‍, സ്പീഡ് നിയന്ത്രണത്തിനുള്ള ഉപാധികള്‍, മികച്ച സമാന്തര റോഡ് സംവിധാനങ്ങള്‍, നല്ല ട്രാഫിക് സിഗ്നലുകള്‍, സീബ്ര ക്രോസിംഗ് എന്നിവ വേണം.
3.പൊതു ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
4.ട്രെയിന്‍, ബോട്ട്, തുടങ്ങിയ മറ്റ് യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക.
5.ജനങ്ങളെ ബോധവല്‍ക്കരിക്കല്‍.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.