ബാര്‍ബഡോസ്: യൂറോപ്യന്മാരുടെ സ്വര്‍ഗ്ഗം

ബാര്‍ബഡോസ്: യൂറോപ്യന്മാരുടെ സ്വര്‍ഗ്ഗം

barbados-beach-xlargeയൂറോപ്യന്മാരുടെ പറുദീസ എന്ന് അറിയപ്പെടുന്ന ദ്വീപാണ് ബാര്‍ബഡോസ്. മനോഹരമായ കടല്‍ത്തീരങ്ങള്‍, കൊളോണിയല്‍ അവശിഷ്ടങ്ങള്‍, ആകര്‍ഷകമായ മ്യൂസിയങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ബാര്‍ബഡോസ് വിനോദസഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണ്. അവിസ്മരണീയമായ ഒരു അവധിക്കാലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ്മയങ്ങളൊരുക്കി ഈ ദ്വീപ് കാത്തിരിക്കുന്നു.

പഴയ ബ്രിട്ടീഷ് കോളനിയായ ബാര്‍ബഡോസ് കരീബിയന്‍ മേഖലയില്‍ കിഴക്കന്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ഈ ദ്വീപിന്റെ ആകെ വിസ്തീര്‍ണ്ണം 430 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ്. ബ്രീട്ടീഷുകാര്‍ ബാര്‍ബഡോസിനെ കോളനിയാക്കുന്നതിന് മുമ്പ് കലിനാഗോ, അമേരിന്ത്യന്‍സ്, സ്‌പെയിന്‍കാര്‍, പോര്‍ച്ചുഗീസുകാര്‍ എന്നിവര്‍ കുറച്ചുകാലം വീതം ഇവിടെ താമസിച്ചിരുന്നു. 1625ലാണ് ബ്രിട്ടീഷുകാര്‍ ഇവിടെ എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ ഇവിടെ കരിമ്പ് തോട്ടങ്ങള്‍ ഉയര്‍ത്തി. ആഫ്രിക്കയില്‍ നിന്നുള്ള അടിമകളായിരുന്നു ദ്വീപില്‍ ജോലിക്കെത്തിയത്. കുറച്ചുവര്‍ഷങ്ങള്‍ക്കകം ഇവിടം ആഫ്രിക്കന്‍ അടിമകളെ കച്ചവടം ചെയ്യാനുള്ള സ്ഥലമായി മാറി.
അടിമകളായി ജീവിച്ച ബാര്‍ബഡോസുകാരുടെ ഉള്ളില്‍ സ്വാതന്ത്ര്യത്തിനുള്ള ദാഹം നുരഞ്ഞുപൊന്തിയിരുന്നു. പ്രത്യേകിച്ചും അടിമക്കച്ചവടം ഔദ്യോഗികമായി നിരോധിച്ച 1834ന് ശേഷം. പിന്നീട് രാജ്യം നിരവധി സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയി. ഈ പരിഷ്‌കാരങ്ങള്‍ അവര്‍ക്ക് സാമ്പത്തികവളര്‍ച്ചയും സ്വാതന്ത്ര്യവും നല്‍കി. ഇന്ന് ലോകത്തിലെ 53ാമത് സമ്പന്ന രാഷ്ട്രമാണ് ബാര്‍ബഡോസ്. ജിഡിപിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനം. നേരത്തെ കരിമ്പിന്‍ കൃഷിയെ ആശ്രയിച്ചിരുന്ന ദ്വീപ് പിന്നീട് ഉല്‍പാദനത്തിലും ടൂറിസം മേഖലയിലും നിക്ഷേപം നടത്തി പുതിയ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലും രാജ്യം നേട്ടങ്ങളുണ്ടാക്കി. 99.7 ശതമാനമാണ് ഇവിടുത്തെ സാക്ഷരത നിരക്ക്. സ്വദേശവാസികള്‍ പരസ്പര ആശയവിനിമയത്തിന് ഗോത്രഭാഷയാണ് ഉപയോഗിക്കുന്നതെങ്കിലും ബാര്‍ബഡോസുകാര്‍ ഇംഗ്ലീഷില്‍ അഗ്രഗണ്യരാണ്.
പാര്‍ലമെന്ററി ജനാധിപത്യമായിരുന്നു ബാര്‍ബഡോസിന്റെ കരുത്ത്. ഇപ്പോഴും എലിസബത്ത് രാജ്ഞിയാണ് ഈ ദ്വീപിനെ ഭരിക്കുന്നത്. രാജ്യം ഭരിക്കാന്‍ തനതായ ഗവര്‍ണര്‍ ജനറലും പ്രധാനമന്ത്രിയും വേറെയുണ്ട്. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രിയായി മാറുന്നത്. രണ്ട് പാര്‍ട്ടികളെ അടിസ്ഥാനമാക്കിയുള്ള രാഷ്്ട്രീയഭരണമാണ് ഇവിടെയുള്ളത്. ഡമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയും ബാര്‍ബഡോസ് ലേബര്‍ പാര്‍ട്ടിയും. സിഎസ്എംഇ, എസിഎസ്, ഒഎഎസ്, സിസിജെ, ഡബ്ല്യുടിഒ, കാരികോം എന്നീ വ്യാപാരസംഘടനകളില്‍ ബാര്‍ബഡോസ് അംഗമാണ്. അതേ സമയം വലിയ പ്രതിരോധസേനയൊന്നും ഈ ദ്വീപിനില്ല. ഇക്കാര്യത്തില്‍ ബ്രിട്ടനെയാണ് ആശ്രയിക്കുന്നത്.

ബ്രിഡ്ജ് ടൗണ്‍, ഓസ്റ്റിന്‍സ്, ഹോള്‍ടൗണ്‍, ബാത്‌ഷേബ എന്നിവയാണ് ബാര്‍ബഡോസിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ബ്രിഡ്ജ് ടൗണ്‍ ആണ് തലസ്ഥാനം. ബീച്ചുകള്‍, പ്ലാന്റേഷന്‍ ഹൗസുകള്‍, കൊളോണിയല്‍ വാസ്തുശില്‍പകല, ഗുഹകള്‍, മ്യൂസിയങ്ങള്‍ എന്നിവയാണ് ഈ നഗരത്തിന്റെ പ്രത്യേകതകള്‍. ഹാരിസണ്‍സ് കേവ്, അനിമല്‍ ഫ്‌ളവര്‍ കേവ്, ഗാരിസണ്‍ സാവന്ന റേസ് ട്രാക്, സെയിന്റ് നിക്കോളാസ് അബി, ബോട്ടം ബേ, ബാര്‍ബഡോസ് മ്യൂസിയം, ഹിസ്റ്റോറിക്കല്‍ സൊസൈറ്റി, ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഹൗസ് എന്നിവയും പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാണ്.

ഓസ്റ്റിന്‍സ് എന്ന തീരദേശ ഗ്രാമം സാഹസികയാത്രകള്‍, ബീച്ച് പാര്‍ട്ടികള്‍, ബീച്ച് ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്ക് പേര് കേട്ടതാണ്. മിയാമി ബീച്ച്, ഡൊവര്‍ ബീച്ച്, റോക്ലി ബീച്ച്, വര്‍തിംഗ് ബീച്ച്, വെല്‍ഷസ് ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍. സ്‌നോര്‍ക്കലിംഗ് പോലുള്ള സാഹസിക സ്‌പോര്‍ട്‌സിന് പറ്റിയ ഇടമാണ് ഹോള്‍ടൗണ്‍. പൂന്തോട്ടങ്ങളുടെ നഗരമായ ഫ്‌ളവര്‍ ഫോറസ്റ്റ്, അന്റോമെഡ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബെത്സബ ബീച്ച് പാര്‍ക്ക്, പെയിന്‍സ് ബേ, ഫോക്‌സ്റ്റോണ്‍ മറീന്‍ പാര്‍ക്, മ്യൂസിയം, സാന്റി ലെയിന്‍ ബീച്ച്, അലെയന്‍സ് ബേ, സെന്റ് ജെയിംസ് ചര്‍ച്ച്, ഗ്രെയിം ഹാള്‍ നേച്ചര്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രികര്‍ക്ക് വ്യത്യസ്ത അനുഭവം പകരുന്നു.

സെന്റ് ജെയിംസ് പാരിഷും സ്‌പെയിറ്റ്‌സ് ടൗണും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. മികച്ച നിശാജീവിതം, വാരാന്ത്യപാര്‍ട്ടികള്‍, ബീച്ച് ക്ലബ്ബുകള്‍, ബീച്ച് സംഗീതോത്സവം, ബീച്ച് പാര്‍ട്ടികള്‍, പ്ലാന്റേഷന്‍ ഹൗസ് പാര്‍ട്ടികള്‍, സാഹസിക സ്‌പോര്‍ട്‌സ് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. ഒരിക്കലും ഈ രസകരമായ ഈ യാത്ര ഒഴിവാക്കരുത്. നിങ്ങളുടെ അടുത്ത ലക്ഷ്യകേന്ദ്രം ബാര്‍ബഡോസ് തന്നെയാകട്ടെ..

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.