വിശുദ്ധമായ വന്യതയിലേക്ക് ഒരു യാത്ര പോകാം

വിശുദ്ധമായ വന്യതയിലേക്ക് ഒരു യാത്ര പോകാം

 

antനമുക്കെല്ലാവര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ചില സ്വപ്‌നങ്ങള്‍ വന്യമാണ്. വന്യമായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എളുപ്പമല്ല. നിങ്ങള്‍ക്കും അത്തരമൊരു സ്വപ്‌നമുണ്ടോ? സ്വപ്‌നം കാണുന്ന ശീലം ഒഴിവാക്കാനാവാത്ത മനുഷ്യരോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് അപ്രസക്തമായിരിക്കാം.

ലോകത്തിലെ അവസാനത്തെ വിശുദ്ധമായ വന്യതയിലേക്ക് ഒരു സാഹസികയാത്രപോകാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടോ? പൈശാചികമായ കാറ്റ്, ഭയപ്പെടുത്തുന്ന നിശ്ശബ്ദത, അസഹനീയമായ തണുപ്പ്, രക്ഷപ്പെടാനാവാത്ത ഏകാന്തത… ഇത്തരം അന്തരീക്ഷമുള്ള ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് അന്റാര്‍ട്ടിക്ക.
അന്റാര്‍ട്ടിക്ക ഒരു രാജ്യമല്ല; ഒരു ഭാവനാലോകവുമല്ല. 98 ശതമാനം ഐസ് കൊണ്ട് മൂടപ്പെട്ട ഈ വെളുത്ത വന്‍കര ലോകത്തിലെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ്. ഇവിടെ സ്ഥിരം താമസക്കാരില്ല. തീര്‍ച്ചയായും ഈ ഇടം ലോകത്തിലെ അവശേഷിക്കുന്ന ഏക വിശുദ്ധവന്യനാട് എന്ന വിശേഷണം അര്‍ഹിക്കുന്നു.

ഒരു വര്‍ഷം 50,000ല്‍ താഴെ പേരാണ് അന്റാര്‍ട്ടിക്ക സന്ദര്‍ശിക്കുന്നത്. ഇതില്‍ രണ്ടായിരത്തില്‍ താഴെ പേര്‍ മാത്രമാണ് ഏഴ് ദിവസത്തില്‍ കൂടുതല്‍ ഇവിടെ താമസിക്കുന്നത്. ഇവര്‍ അധികവും ശാസ്ത്രജ്ഞരാണ്. തങ്ങളുടെ രാജ്യത്തിന്റെ അന്റാര്‍ട്ടിക്കയിലുള്ള ഗവേഷണകേന്ദ്രത്തില്‍ ജോലി ചെയ്യാന്‍ എത്തുന്ന ശാസ്ത്രജ്ഞര്‍.

antarഅന്റാര്‍ടിക് ഉടമ്പടി സംവിധാനം അനുസരിച്ചാണ് അന്റാര്‍ട്ടിക്കയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. കാരണം ഇവിടെ സര്‍ക്കാരില്ല. ഈ ഉടമ്പടിയില്‍ അര്‍ജന്റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം, ചിലി, ജപ്പാന്‍, റഷ്യ, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഇവിടുത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയാനാണ് ഈ ഉടമ്പടി. രാജ്യങ്ങള്‍ക്ക് ഇവിടെ ഗവേഷണകേന്ദ്രങ്ങള്‍ ആരംഭിക്കാം. വ്യവസായങ്ങളില്ല, അതിനാല്‍ സമ്പദ്ഘടനയുമില്ല. ഈയിടെയാണ് ടൂറിസം ഒരു വരുമാനമാര്‍ഗ്ഗമായി മാറിയത്. സാഹസിക ടൂറിസത്തിന് പറ്റിയ മികച്ച സ്ഥലമാണിത്. രണ്ടാമതൊരിക്കല്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത സാഹസികതകളാണ് ഈ വന്‍കരയില്‍ കാത്തിരിക്കുന്നത്. വിമാനമാര്‍ഗ്ഗമോ കപ്പല്‍മാര്‍ഗ്ഗമോ ഇവിടെയെത്താം. വിമാനയാത്ര ഇവിടുത്തെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല.

തെക്കന്‍ അമേരിക്കയില്‍ നിന്നാണ് ഇവിടേക്കുള്ള കപ്പല്‍ യാത്ര ആരംഭിക്കുന്നത്. മറ്റ് കപ്പല്‍ യാത്രപോലെ എളുപ്പമല്ല അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്ര. പ്രകൃതിതന്നെ ഈ നാട്ടിലേക്ക് ആരും എത്താതിരിക്കാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. കാലാവസ്ഥ നല്ലതല്ലെങ്കില്‍ സഞ്ചാരികള്‍ക്ക് കടല്‍ച്ചൊരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രകൃതിയോട് മല്ലിട്ട് ഇവിടെ എത്തിയാല്‍ അത് അവിസ്മരണീയ അനുഭവമാകും. നിര്‍ഭയരായ തിമിംഗലങ്ങള്‍, മനോഹരമായ ഐസ്ബര്‍ഗുകള്‍, സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍ ഇതാണ് സാഹസികാനുഭവത്തോടൊപ്പം നിങ്ങളെ കാത്തിരിക്കുന്നത്.

വിവിധ ട്രാവല്‍ഏജന്റുമാര്‍ അന്റാര്‍ട്ടിക്കയിലേക്ക് കപ്പല്‍-ക്രൂസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. വരുന്ന വഴിക്ക് തന്നെ ഡിസപ്ഷന്‍ ഐലന്റ്, പോര്‍ട്ട് ലോക്‌റോയ് എന്നീ സ്ഥലങ്ങളും കയാകിംഗ്, പോളാര്‍ പ്ലഞ്ച്, കാമ്പിംഗ്, സോഡിയാക് ടൂര്‍ എന്നീ സാഹസികതകളും കാത്തിരിപ്പുണ്ട്. ഈ സാഹസികതകളെല്ലാം ഐസ് കട്ടകള്‍ കൊണ്ടു നിറഞ്ഞ, മരവിപ്പിക്കുന്ന തണുപ്പിലാണെന്നോര്‍ക്കണം. പോളാര്‍ പ്ലഞ്ചും പോളാര്‍ കാമ്പിംഗും ആരും ജീവിതത്തില്‍ രണ്ടാമത് ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടാത്ത സാഹസികതകളാണ്. ഒരു പക്ഷെ ഭൂമിയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സാഹസികത.

ഈ ധ്രുവപ്രദേശത്തെ മൃഗങ്ങള്‍ ഇണക്കമുള്ളവയാണ്. നിങ്ങളുടെ ബോട്ടിനെ ചുറ്റിമറിയുന്ന തിമിംഗലങ്ങളെപ്പോലെ. പോളാര്‍ പെന്‍ഗ്വിനുകളും അങ്ങനെത്തന്നെ. ഫൊട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ മനോഹരമായ ഒരു പ്രദേശമില്ല. പ്രകൃതിസ്‌നേഹികള്‍ ഈ സൗന്ദര്യത്തില്‍ മതിമറന്നുപോകും. പെന്‍ഗ്വിനുകളും തിമിംഗലങ്ങളും പോലെ ഇവിടുത്തെ എല്ലാ ജീവജാലങ്ങളും നിഷ്‌കളങ്കതയുടെ പര്യായമാണ്. ഇനി എന്തിനാണ് വൈകുന്നത്? അന്റാര്‍ട്ടിക്കയിലേക്ക് യാത്രയ്ക്കായി തയ്യാറെടുക്കൂ..

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.