ന്യൂ ജനറേഷന്‍ സ്വിഫ്റ്റ്

ന്യൂ ജനറേഷന്‍ സ്വിഫ്റ്റ്

maruti

ഇന്ത്യയില്‍ ആള്‍ട്ടോയ്ക്ക് ശേഷം ഏറ്റവും അധികം വില്‍പനയുള്ള രണ്ടാമത്തെ ഹാച്ബാക് കാര്‍ ആണ് സ്വിഫ്റ്റ്. ഏറ്റവും മികച്ച വില്‍പനയുള്ള കാര്‍ പരിഗണിക്കുമ്പോള്‍ മൂന്നാമതാണ് സ്വിഫ്റ്റിന്റെ സ്ഥാനം. അവസാനഘട്ടത്തില്‍ 15,000 യൂണിറ്റുകളാണ് ഇതിന്റെ രണ്ടാം തലമുറ വിറ്റഴിഞ്ഞത്. മിക്കവാറും വീടുകളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് സ്വിഫ്റ്റിന്റെ സവിശേഷത. ഗുണനിലവാരവും സൗന്ദര്യവും ഒന്നിക്കുന്ന സ്വിഫ്റ്റ് ഡ്രൈവ് ചെയ്യാന്‍ വളരെയധികം സുഖകരമാണ്. വിശ്വസ്തമായ ചെറിയ കാര്‍ അന്വേഷിക്കുന്നവരുടെ ആദ്യത്തെ ഓപ്ഷന്‍ ആയി സ്വിഫ്റ്റ്് മാറി. 2005-2011ല്‍ നിലനിന്നിരുന്ന സ്വിഫ്റ്റിന്റെ ആദ്യ തലമുറയേക്കാള്‍ മികച്ചതായിരുന്നു 2011-2017 വരെ ഉണ്ടായിരുന്ന രണ്ടാമത്തെ തലമുറ. ഇപ്പോള്‍ ഇതാ കുറെക്കൂടി മെച്ചപ്പെട്ട മൂന്നാം തലമുറ വരുന്നു.

മുന്‍ തലമുറയേക്കാള്‍ ബോള്‍ഡ് ലുക്കിലാണ് ന്യൂജനറേഷന്‍ സ്വിഫ്റ്റ് രംഗപ്രവേശം ചെയ്യുന്നത്. പുതിയ സ്വിഫ്റ്റിന്റെ ഷോര്‍ഡര്‍ വളരെ വ്യക്തമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. കാറിന്റെ രൂപഘടനയെ വിളിച്ചോതുന്ന ലൈനുകളെല്ലാം കൂടുതല്‍ സുഗമമാണ്. ഡിസൈര്‍ ശൈലിയിലാണ് മുന്‍ഭാഗം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. മുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഉണ്ട്. പിന്നില്‍ ടെയില്‍ ലാമ്പ് ചതുരവടിവിലാണ്. അത് ഫെന്‍ഡറിലേക്ക് ഒഴുകിയിറങ്ങുന്ന രീതിയിലാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഇരട്ടഡോറിന്റെ ലുക്ക് കിട്ടാന്‍ പിന്‍ഡോര്‍ കൂടുതലായി പില്ലറിലേക്ക് കയറിയിട്ടുണ്ട്. ഇന്ത്യന്‍ മോഡലിന് 15 ഇഞ്ച് അലോയ് വീലും അന്താരാഷ്ട്ര മോഡലിന് 16 ഇഞ്ച് വീലുമാണുള്ളത്. 10 മില്ലിമീറ്റര്‍ ചെറുതും 40 മില്ലീമീറ്റര്‍ വീതി കൂടിയതുമാണ് പുതിയ മോഡല്‍. വീല്‍ബേസ് 20 മില്ലീമീറ്റര്‍ കൂടി ഉയര്‍ത്തിയിരിക്കുന്നു. ഇപ്പോഴത്തെ മോഡലിന് 85 കിലോഗ്രാം ഭാരക്കുറവാണ്. കാറിന്റെ ബലം കുറെക്കൂടി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ഡിസൈര്‍ പോലെതന്നെയാണ് പുതിയ സ്വിഫ്റ്റിന്റെ ഡാഷ് ബോര്‍ഡ്. എസിവെന്റും ക്ലൈമറ്റ് കണ്‍ട്രോളിനും റോട്ടറി ഘടകങ്ങള്‍ ഉണ്ട്. ഡിസൈറില്‍ ഡാഷ് ബോര്‍ഡ് കറുപ്പും ബീജും ആണെങ്കില്‍, സ്വിഫ്റ്റില്‍ കറുപ്പും വുഡ് ഫിനിഷും ചേര്‍ന്നതാണ്. ഫ്‌ളാറ്റായ അടിഭാഗത്തോടെയുള്ള സ്റ്റിയറിംഗ് വീല്‍ ഒരു വില കൂടിയ കാറിലേതുപോലെയാണ്. ടച്ച് സ്‌ക്രീന്‍ ഓഡിയോ സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉണ്ട്. പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം മികച്ചതാണ്. മുന്നിലെ ഷോര്‍ഡര്‍ റൂം 23 എംഎം കൂടുതലാണ്. ക്യാബിന്റെ അധിക വീതി അനുഭവിച്ചറിയാനാകും. സ്‌പോര്‍ട്ടിയായ മുന്‍സീറ്റുകള്‍ യൂറോപ്യന്‍ കാറുകളിലെ റികാറോ സ്റ്റൈല്‍ ജെസി സ്‌പോര്‍ട് ബക്കറ്റുകള്‍ പോലെയാണ്. ഫ്‌ളാറ്റായ പിന്‍സീറ്റുകള്‍ പ്രത്യേകമായി ബലപ്പെടുത്തിയിട്ടുമുണ്ട്. ലെഗ്‌റൂമും ഷോള്‍ഡര്‍ റൂമും മികച്ചതാണ്. ബാക്ക് റെസ്റ്റിന്റെ ആംഗിള്‍ രണ്ട് ഡിഗ്രി കൂട്ടിയതിനാല്‍ ബൂട്ട് സ്‌പേസ് 58 ലിറ്ററോളം അധികം ലഭിക്കും.

എഞ്ചിന്‍ 1.2കെ സീരീസും 1.3 എംജെഡിയും തന്നെയാണ്. ഇതിനെല്ലാം പുറമെ എ.എം.ടി ചോയ്‌സും ലഭ്യമാണ്. ഇത് പുതിയ സ്വിഫ്റ്റിന്റെ സ്വീകാര്യത വര്‍ധിപ്പിക്കും. 82 ബിഎച്ച്പി പെട്രോള്‍ എഞ്ചിന് 113 എന്‍എം ടോര്‍ക് ലഭിക്കും. സാവധാനത്തിനും ഇടത്തരം വേഗതയിലും അതിവേഗക്കുതിപ്പിലും ഒരേ പ്രകടനം പുറത്തെടുക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. ലൈറ്റ് ക്ലച്ചും എളുപ്പമായ ഗിയര്‍ഷിഫ്റ്റും മികച്ച അനുഭവമായിരിക്കും. പുതിയ കാറില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കുറെക്കൂടി മെച്ചപ്പെട്ട അനുഭവം നല്‍കുന്നുണ്ട്. ഡീസല്‍ എഞ്ചിന്‍ 75 ബിഎച്ച്പിയും 190 എന്‍എം ടോര്‍കും നല്‍കുന്നു. കഴിഞ്ഞതിനേക്കാള്‍ മെച്ചപ്പെട്ട ഡീസല്‍ എഞ്ചിനാണ് പുതിയ കാറില്‍ ഉള്ളത്. ടോര്‍ക് കുറച്ചതിനാല്‍ ഡ്രൈവിംഗും ക്ലച്ചിന്റെ ആക്ഷനും സുഗമമാണ്. ഇന്ധനക്ഷമതയും കൂടും. 5000 ആര്‍പിഎം റെഡ്‌ലൈനിലും മുരളിച്ചയില്ല. സൗകര്യവും ഇക്കോണമിയും മോഹിക്കുന്നവര്‍ക്ക് ഈ സ്വിഫ്റ്റ് മികച്ച സെലക്ഷനായിരിക്കും.

മികച്ച രീതിയില്‍ കൈകാര്യം ചെയ്യാവുന്ന ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. രണ്ടാം തലമുറയ്ക്ക് ആദ്യത്തേതിനേക്കാള്‍ സഞ്ചാരസുഖമായിരുന്നു ബോണസെങ്കില്‍ മൂന്നാം തലമുറയ്ക്ക് നല്ല ഷാസിയും സസ്‌പെന്‍ഷനും ലഭിക്കും. 185 സെക്ഷന്‍ ബ്രിഡ്ജ്‌സ്റ്റോണ്‍ ഇകോപിയ ടയറുകള്‍ പക്ഷെ വിചാരച്ച ഫലം നല്‍കിയില്ലേ എന്ന് സംശയമുണ്ട്. വളരെ കിറുകൃത്യമായ ഡ്രൈവിംഗ് ഈ മൂന്നാം തലമുറക്കാരന്‍ സാധ്യമാക്കുന്നു. മികച്ച ബ്രേക്കുകളുള്ള സ്വിഫ്റ്റില്‍ പെഡല്‍ അനുഭവം വ്യത്യസ്തമാണ്. കുറഞ്ഞ വേഗതയില്‍ ചെറുതായി പിടുത്തം അനുഭവപ്പെട്ടേക്കാമെങ്കിലും ബമ്പുകളും കുഴികളും അനായാസം താണ്ടിക്കൊള്ളും.

എന്തായാലും മികച്ച ചെറുകാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. കൂടുതല്‍ സ്‌പേസ്, സൗകര്യങ്ങള്‍, മികച്ച യാത്രാസുഖം, ഭാരക്കുറവ്, എ.ബി.എസിന്റെ സുരക്ഷാകവചം എന്നിവയെല്ലാം പുതിയ സ്വിഫ്റ്റില്‍ ലഭ്യമാണ്. പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുകയും പെട്രോളിലും ഡീസലിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൊണ്ടുവരികയും ചെയ്ത സ്വിഫ്റ്റ് കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമായ കാര്‍ ആയി മാറിയിരിക്കുന്നു.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.