പരോക്ഷനിക്ഷേപത്തിന്റെ ഉയര്‍ച്ചയും അപകടവും

പരോക്ഷനിക്ഷേപത്തിന്റെ ഉയര്‍ച്ചയും അപകടവും

ActivePassive

2018 ജനുവരി അവസാനം വരെ ആഗോളതലത്തില്‍ ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തുകയും റെക്കോര്‍ഡിടുകയും ചെയ്തിരുന്നു. 2018 ജനുവരി 26ന് യുഎസിലെ ഡൗ ജോണ്‍സ് 26,616 എന്ന റെക്കോഡിട്ടു. 2018 ജനുവരി 29ന് ബിഎസ്‌സി സെന്‍സെക്‌സ് 36,283 എന്ന റെക്കോഡില്‍ എത്തുകയുണ്ടായി.

പക്ഷെ ഫെബ്രുവരിയില്‍ ചിത്രം ആകെ മാറിമറിഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഡൗ ജോണ്‍സ് 3200 പോയിന്റുകള്‍ താഴ്ന്ന് ഏകദേശം 12 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. ഇതില്‍ ഫെബ്രുവരി അഞ്ചിനെ ഓഹരിവിപണിയിലെ ഭയാനകദിവസം എന്ന് വിളിക്കാവുന്നതാണ്. കാരണം അന്ന് ഒരൊറ്റ ദിവസം 1600 പോയിന്റാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇത്രയും കടുത്ത രീതിയിലുള്ള ഒരു തിരുത്തല്‍ വിപണിയില്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, അതും യുഎസ് സമ്പദ്ഘടന ഇത്രയേറെ കരുത്തോടെ നില്‍ക്കുമ്പോള്‍.

യുഎസ് ഓഹരിവിപണിയിലെ വീഴ്ചയ്ക്ക് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് യുഎസ് ബോണ്ട് വരുമാനം കൂടി, നാണ്യപ്പെരുപ്പം വര്‍ധിച്ചു, ഇതിനെല്ലാം പുറമെ യുഎസ് തൊഴില്‍ വിപണി നെഗറ്റീവായി. അതുകൊണ്ട് തന്നെ ഓഹരി വിപണിയില്‍ പൊടുന്നനെയുള്ള ഉയര്‍ച്ചയും താഴ്ചയും പതിവായി. പലപ്പോഴും വിപണിയിലെ കടുത്ത ഉയര്‍ച്ചയും താഴ്ചയും എഴുപതുകളുടെ പാതിയില്‍ കണ്ട ചില പ്രവണതകള്‍ വീണ്ടും ശക്തിപ്രാപിക്കുന്നുവെന്നതിന്റെ സൂചനയാണ്. ഇത് 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഉണ്ടായ ബുള്‍ തരംഗത്തിലാണ് ആദ്യം പ്രകടമായത്. ധനകാര്യ വിപണിയില്‍ വലിയൊരു വലിയൊരു തരംഗമായി വീണ്ടും അത് രൂപപ്പെടുകയാണ്. അതിനെയാണ് പാസ്സീവ് ഇന്‍വെസ്റ്റിംഗ് അഥവാ പരോക്ഷ നിക്ഷേപരീതി എന്ന് വിളിക്കുന്നത്. മാത്രമല്ല, ഇതിന്റെ ഏറ്റവും വലിയ ലക്ഷണമായി കാണുന്നത് അസറ്റ് മാനേജ്‌മെന്റ് ഫണ്ടിന്റെ വര്‍ധിച്ച പ്രധാന്യമാണ്. കാരണം പാസീവ് ഇന്‍വെസ്റ്റിങ് കാലത്താണ് അസറ്റ് മാനേജ്‌മെന്റ് ഫണ്ട് വര്‍ധിക്കുക.

എന്താണ് പാസീവ് ഇന്‍വെസ്റ്റിംഗ്?
ഇനി നമുക്ക് ഇതിന്റെ നേര്‍വിപരീതമായ ആക്ടീവ് ഇന്‍വെസ്റ്റിംഗ് അഥവാ പ്രത്യക്ഷ നിക്ഷേപരീതി എന്തെന്ന് പരിശോധിക്കാം. ആക്ടീവ് ഫണ്ട്‌സ് മാനേജ്‌മെന്റ് ഒരു കമ്പനിയുടെ അടിസ്ഥാനഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അതില്‍ നിക്ഷേപം ഇറക്കുന്ന രീതിയാണ്. ഫണ്ട് മാനേജര്‍മാര്‍ ഒരു കമ്പനിയുടെ സാമ്പത്തിക-മൂല്യഅളവുകോലുകള്‍ പഠിച്ച് സമയമെടുത്താണ് നിക്ഷേപിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നത്. ഈ കമ്പനികളില്‍ പണം മുടക്കുന്നതില്‍ തെറ്റില്ലെന്ന് അവര്‍ നിക്ഷേപകരോടും അവരുടെ കക്ഷികളോടും നിര്‍ദേശിക്കുകയും ചെയ്യും. ഓഹരി വിപണിയുടെ വിശാലമായ ഘടകങ്ങള്‍ നേടുന്ന നേട്ടത്തേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. പക്ഷെ 2018 ജനുവരിയില്‍ ഏറ്റവും ഉയരത്തില്‍ എത്തിയതോടെ ഇനിയങ്ങോട്ട് ഓഹരിവിപണിയില്‍ നേട്ടത്തിനുള്ള സാധ്യത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ആക്ടീവ് ഫണ്ട് മാനേജര്‍മാര്‍ക്ക് പുതുതായി നേട്ടമുണ്ടാക്കാവുന്ന കമ്പനികളെ കണ്ടെത്താന്‍ കഴിയാത്തതിനാലായിരിക്കാം പാസീവ് ഇന്‍വെസ്റ്റിംഗ് വര്‍ധിക്കുന്നത്.

ഉദാഹരണത്തിന് 2016ല്‍ 60 ശതമാനത്തില്‍ കൂടുതല്‍ ആക്ടീവ് ഫണ്ട് മാനേജര്‍മാരുടെ ഓഹരികളിലും വര്‍ധനവുണ്ടായില്ല. മിഡ്കാപ്-സ്‌മോള്‍ കാപ് ഫണ്ടുകളുടെ പ്രകടനം ദയനീയമായിരുന്നു. ഇവയ്ക്ക് വിപണിയുടെ ശരാശരി പ്രകടനത്തേക്കാള്‍ യഥാക്രമം 89.3 ശതമാനം, 85.5 ശതമാനം എന്നിങ്ങനെ മാത്രമേ പുരോഗതിയുണ്ടായുള്ളൂ. ഫണ്ട് മാനേജര്‍മാര്‍ സ്ഥിരം നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നവരല്ലെന്ന് ഉപഭോക്താക്കള്‍ക്ക് ബോധ്യപ്പെട്ടു. ആക്ടീവ് ഫണ്ട് മാനേജര്‍മാരുടെ റോള്‍ ന്യായീകരിക്കത്തക്കതല്ലായിരുന്നു. ഇതിന്റെ ഫലമായി മറ്റ് ചില നിക്ഷേപരീതികള്‍ രൂപം കൊണ്ടു. അത് നിക്ഷേപകര്‍ക്ക് കൂടുതല്‍ ലാളിത്യവും സൗകര്യവും കൊണ്ടുവരുന്നവയായിരുന്നു.

ഇങ്ങനെ രൂപം കൊണ്ട മറ്റൊരു നിക്ഷേപരീതിയായിരുന്നു പാസീവ് ഇന്‍വെസ്റ്റ്‌മെന്റ് തന്ത്രം. ഓരോ ഓഹരിയെക്കുറിച്ച് പഠിച്ച് വിലയിരുത്തി നിക്ഷേപിക്കുന്നതിന് പകരം ഒരു കൂട്ടം ഓഹരികള്‍ കണക്കിലെടുത്ത് അവയില്‍ നിക്ഷേപിക്കുന്ന തന്ത്രമാണിത്. പാസീവ് ഫണ്ട് മാനേജര്‍മാര്‍ ഒരു പ്രത്യേക സൂചികയെ പ്രതിനിധീകരിക്കുന്ന ഓഹരികളാണ് വാങ്ങുക. ഇവിടെ മികച്ച ലാഭം ഉണ്ടായില്ലെങ്കിലും നിങ്ങളുടെ ഓഹരി വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കില്ല.

പാസീവ് ഫണ്ട് മാനേജ്‌മെന്റിന് ആക്ടീവ് ഫണ്ട് മാനേജര്‍മാര്‍ ഈടാക്കുന്ന ഫീസിന്റെ ഒരു ചെറിയ ഭാഗം മതിയാവും. 2015ലെ കണക്കനുസരിച്ച് 10,000 ഡോളര്‍ വരെയുള്ള ഫണ്ട് മാനേജ് ചെയ്യാന്‍ പാസീവ് ഫണ്ട് മാനേജര്‍ ഈടാക്കുക വര്‍ഷത്തില്‍ 3 ഡോളര്‍ മാത്രമാണ്. വളരെ എളുപ്പത്തില്‍ ഈ ഫണ്ടുകള്‍ ട്രേഡ് ചെയ്യാം. അതേ സമയം 10000 ഡോളര്‍ കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ ഈടാക്കുന്നത് 131 ഡോളര്‍ വരെയാണ്. പാസീവ് ഇന്‍വെസ്റ്റ്‌മെന്റ് പ്രവണതയുടെ ഭാഗമായാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഈടിഎഫ്) കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നത്. 2017ല്‍ യുഎസില്‍ മാത്രം 2,000 ഇടിഎഫ് ഫണ്ടുകളാണ് ഉണ്ടായിരുന്നത്. ഇത്രയും ഫണ്ടുകള്‍ ഏകദേശം 2.56 ട്രില്ല്യണ്‍ ഡോളറുകള്‍ ആണ് ഇവര്‍ കൈകാര്യം ചെയ്തത്. തൊട്ടുമുന്നത്തെ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലായിരുന്നു ഇത്.

എവിടെയാണ് റിസ്‌ക്?
പാസീവ് ഇന്‍വെസ്റ്റിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത വിപണി എന്തെങ്കിലും ദൗര്‍ബല്യം കാട്ടുമ്പോള്‍ തന്നെ വിറ്റുമാറുക എന്നതാണ്. ഇതില്‍ മാനുഷികമായ തീരുമാനത്തിന് വലിയ പ്രസക്തിയില്ല. വില്‍ക്കാനുള്ള തീരുമാനം ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്തിരിക്കുകയാണ്. ആക്ടീവ് ഫണ്ട് മാനേജ്‌മെന്റിലും സ്റ്റോപ്പ് ലോസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഫണ്ട് മാനേജര്‍മാര്‍ക്ക് വാങ്ങാനുള്ള തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതുപോലെ ഒരു ഓഹരിയിലോ സെക്ടറിലോ വില കൂടിയാല്‍ അതിന്റെ മൂല്യം കൂടുന്നതിനനുസരിച്ച് പാസീവ് ഇന്‍വെസ്റ്റിംഗ് ഫണ്ടിംഗിലേക്ക് ഫണ്ട് ഒഴുകുന്നു. ഇത്തരത്തില്‍ ഒഴുക്കിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപരീതി വിജയിച്ചുകൊണ്ടേയിരിക്കുന്ന ഓഹരികളെ കണ്ടെത്തുന്നു. നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഓഹരിവിപണിയില്‍ പാസീവ് ഇന്‍വെസ്റ്റിംഗ് നല്ലതുപോലെ സഹായകരമാകും. പക്ഷെ നിരന്തരം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിപണിയില്‍ ഇതിന് വലിയ പ്രസക്തിയില്ല.

യുഎസ് ഓഹരി വിപണിയില്‍ കഴിഞ്ഞ ഒരു ദശകമായി പാസീവ് നിക്ഷേപരീതിയില്‍ വന്‍ വളര്‍ച്ചയായിരുന്നു. ഇതിന് ഉദാഹരണമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ എയുഎംല്‍ ഉണ്ടായ വളര്‍ച്ച. 2016ല്‍, യുഎസില്‍ പാസീവ് ഫണ്ടുകള്‍ 506 ബില്ല്യണ്‍ ഡോളറുകളാണ് ആകര്‍ഷിച്ചത്. അതേ സമയം ആക്ടീവ് ഫണ്ടുകള്‍ വെറും 341 ബില്ല്യണ്‍ ഡോളറുകള്‍ മാത്രമായിരുന്നു. പാസീവ് ഫണ്ടുകള്‍ യുഎസ് വിപണിയുടെ 29 ശതമാനത്തോളം ഉണ്ടായിരുന്നു.

ആക്ടീവില്‍ നിന്നും പാസീവ് നിക്ഷേപത്തിലേക്കുള്ള മാറ്റം വിപണിയുടെ വന്‍ നഷ്ടങ്ങളില്‍ നിന്നും കരകയറാനുള്ള ശേഷിയെ ദുര്‍ബലമാക്കി. യുഎസില്‍ കഴിഞ്ഞ സാമ്പത്തിക തകര്‍ച്ചയുടെ കാലഘട്ടത്തില്‍ രണ്ട് ട്രില്ല്യന്‍ ഡോളറുകളോളം ആക്ടീവില്‍ നിന്നും പാസീവായി മാറുകയുണ്ടായി. ഈ പാസീവ് ഫണ്ടുകള്‍ താഴേക്ക് പതിച്ച ഓഹരികള്‍ വാങ്ങുകയും വലിയൊരു തകര്‍ച്ചയില്‍ നിന്നും ഓഹരിവിപണിയെ രക്ഷിക്കുകയും ചെയ്തു.

ഓഹരിവിപണിയുടെ മൂല്യം പ്രതീക്ഷിച്ചതിനേക്കാള്‍ അധികമാവുമ്പോഴാണ് ഈ റിസ്‌കുകളെല്ലാം മുന്നോട്ട് വരിക. യുഎസ് ഫെഡും മറ്റ് സെന്‍ട്രല്‍ ഏജന്‍സികളും എളുപ്പത്തില്‍ മൂലധനം ലഭ്യമാക്കുന്ന നയങ്ങള്‍ കൊണ്ടുവന്നതോടെ അധികം ഓഹരികളും ചരിത്രമെടുത്ത് നോക്കിയാല്‍ തന്നെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് നിലകൊള്ളുന്നത്. ഈ അധിക വില എല്ലായിടത്തും കാണാം. ടെക് സ്റ്റാര്‍ട്ടപ് കമ്പനികളുടെ ശതകോടി ഡോളര്‍ മൂല്യവും സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ക്ക് കണക്കാക്കുന്ന ഭാരിച്ച മൂല്യവും ബിറ്റ്‌കോയിനുകളുടെ വിലകളില്‍ ഉള്ള കുതിപ്പും എല്ലാം ഇതിന് ഉദാഹരണമാണ്.

ഓഹരിവിപണികള്‍ കുതിക്കുമ്പോള്‍, ബോണ്ട് മാര്‍ക്കറ്റ് സാധാരണ ദൗര്‍ബല്യം കാണിക്കാറുണ്ട്. കഴിഞ്ഞ രണ്ട് ദശകമായി, അധികം റിസ്‌ക് മോഡലുകളും ഓഹരിവിപണിയിലെ റിസ്‌ക് ഒഴിവാക്കാന്‍ ബോണ്ടുകളെയാണ് ആശ്രയിക്കുന്നത്. പക്ഷെ യുഎസ് ഫെഡറല്‍ റിസര്‍വ്വ് ഇപ്പോള്‍ എളുപ്പത്തില്‍ മൂലധനം ലഭ്യമാക്കുന്നതിനോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ്. ഇനി മുതല്‍ ഓഹരി വിപണി വീണാലും ബോണ്ട് മാര്‍ക്കറ്റിനെ ആശ്രയിച്ചിട്ട് കാര്യമില്ല. ഇനി ബോണ്ടു മാര്‍ക്കറ്റും ഓഹരി വിപണിയും ഒരുമിച്ച് വീണാലും ആരും അതിശയിക്കേണ്ട. ഇവിടെ വിപണിയെ മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക് വലിച്ചെറിയുന്ന ഒരു മുന്നറിയിപ്പായി പാസീവ് ഇന്‍വെസ്റ്റിംഗ് നിലകൊള്ളുന്നു.

Nandakumar-Photoവി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.