ഹോണ്ട അമേസ്

ഹോണ്ട അമേസ്

 

honda
ബ്രയോ ഹാച്ച്ബാക്കില്‍ നിന്നും വികസിപ്പിച്ചെടുത്ത അമേസ് ഇന്ത്യയിലെ ഹോണ്ടയുടെ ആദ്യ ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന വാഹനമാണ്. 2013ല്‍ പുറത്തിറങ്ങുമ്പോള്‍, ഈ നിരയില്‍പ്പെട്ട വാഹനങ്ങളില്‍വെച്ച് ഏറ്റവുമധികം ഇടമുള്ള വാഹനമായിട്ടായിരുന്നു അമേസ് അറിയപ്പെട്ടത്. പക്ഷെ ഈ നിരയില്‍ പുതിയ സൗകര്യങ്ങള്‍ വന്നതോടെ മത്സരം മുറുകുകയായിരുന്നു. ആദ്യതലമുറയിലെ അമേസ് ഏട്ട് വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം എണ്ണമാണ് വിറ്റഴിഞ്ഞത്. പുതിയ മോഡലിന്റെ പ്രീ-പ്രൊഡക്ഷന്‍ വാഹനമാണ് ഞങ്ങള്‍ ടെസ്റ്റിനായി ഉപയോഗിച്ചത്.

പുതിയ അമേസിലൂടെ ഹോണ്ട തികച്ചും നൂതനമായ സ്റ്റൈലിംഗിന്റെ ദിശയിലേക്കാണ് നീങ്ങുന്നത്. പഴയ വാഹനം മുന്നിലേക്ക് ചെറിയ പ്രൊജക്ഷനുള്ള, മുന്‍ഭാഗം ബസുകളുടേതുപോലെ പരന്നതും ആക്‌സിലിന് മുകളില്‍ കാബുമുള്ള ബ്രയോ ആയിരുന്നു. പുതിയ അമേസ് മൂന്ന് ബോക്‌സുകളോട് കൂടിയ സാധാരണ സെഡാന്‍ ആണ്. ബോണറ്റ് നല്ലതുപോലെ മെച്ചപ്പെടുത്തിയിരിക്കുന്നു. വണ്ടിയുടെ ഷോള്‍ഡര്‍ ലൈന്‍ തിരശ്ചീനമാണ്. ബൂട്ട് നല്ലതുപോലെ ചേര്‍ന്ന് നില്‍ക്കുന്നതാണ്. സിവിക് എന്ന ഇന്റര്‍നാഷണല്‍ മോഡലിന്റെ മാതൃകയുടെ സ്വാനീനമാണ് പുതിയ അമേസില്‍ നിഴലിച്ചുകാണുന്നത്. ഹെഡ്‌ലാമ്പിലേക്ക് കയറിനില്‍ക്കുന്ന ചതുരഗ്രില്‍ മികച്ചതാണ്. 65എംഎം ആണ് വീല്‍ബേസ്. പഴയ മോഡലിനേക്കാള്‍ 40 കിലോഗ്രാം ഭാരക്കുറവുള്ള അമേസിന് മുന്നിലും പിന്നിലുമായി 17എംഎം, 25എംഎം എന്നിങ്ങനെ വിശാല ട്രാക്കാണ് ഉള്ളത്.

കാല്‍മുട്ടിന് ധാരാളം ഇടമുള്ള ലെഗ്‌റൂമാണ് പുതിയ അമേസ് വാഗ്ദാനം ചെയ്യുന്നത്. പിന്നിലെ ഷോള്‍ഡര്‍ റൂം 45എംഎം അധികമായിരിക്കുന്നു. കൂടുതല്‍ ആഢംബരമായ മുന്‍സീറ്റുകളും തലചായ്ച്ചുവെക്കാന്‍ പ്രത്യേകം ഹെഡ് റെസ്റ്റുമാണ് അമേസിന്റെ സവിശേഷത. കീ ഇല്ലാതെ അകത്തേക്ക് കടക്കാനും പുഷ് ബട്ടണ്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്യാനുമുള്ള സൗകര്യം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവയെല്ലാം പുതിയ അമേസ് വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള മോഡലില്‍ ഇന്‍ഫൊടെയ്ന്റ്‌മെന്റ് യൂണിറ്റ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുണ്ട്. ബൂട്ട് സ്‌പേസ് 20 ലിറ്റര്‍ അധികമാക്കി, ഇപ്പോള്‍ 420 ലിറ്ററില്‍ എത്തിനില്‍ക്കുന്നു.

പഴയ മോഡലിനേക്കാള്‍ സ്റ്റിയറിംഗിന് അല്‍പം ഭാരക്കൂടുതലുണ്ട്. വീല്‍ വലിപ്പം 15 ഇഞ്ച് കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഡീസല്‍ മോഡലില്‍ 5.5 ജെ റിം ആണ് ഉപയോഗിക്കുക. രണ്ട് മോഡലിനും 175/65ആര്‍15 ടയറുകള്‍ ആണുള്ളത്. ഉയര്‍ന്ന വേഗതയിലും കാര്‍ അനക്കമില്ലാതെ ഓടിക്കൊണ്ടിരിക്കും. മണിക്കൂറില്‍ 145 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. മുന്‍തലമുറയേക്കാള്‍ മെച്ചപ്പെട്ട യാത്രാനുഭവമാണ് പുതിയ അമേസ് നല്‍കുന്നത്. ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം ആണ്.

ഡീസല്‍ സിവിടി ആണ് ഇതിലെ പ്രധാനമാറ്റം. അമിയോ ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ബോക്‌സും ഡിസയര്‍ എഎംടിയും ഉപയോഗിക്കുമ്പോള്‍ സിവിടി യൂണിറ്റ് തന്നെയാണ് ഹോണ്ടയില്‍ കാണാനാവുക. 80 ബിഎച്ച്പിയും 160എന്‍എം ടോര്‍കുമാണ് സിവിടി യൂണിറ്റില്‍ ഉള്ളത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലില്‍ 100 ബിഎച്ച്പിയും 200 എന്‍എം ടോര്‍കുമാണ്. ടോര്‍ക് ഔട്ട്പുട്ട് 40എന്‍എം ആക്കി കുറച്ചു. ടോര്‍ക് ഇരട്ടിയാക്കാനുള്ള ടോര്‍ക് കണ്‍വെര്‍ട്ടറും ഇതിലുള്ളതിനാല്‍ കുറഞ്ഞ വേഗതയിലും സുഗമമായി നീങ്ങാം. എഞ്ചിന്‍ കവറിന് കീഴില്‍ നല്ല ഇന്‍സുലേഷന്‍ മെറ്റീരിയല്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ധനക്ഷമതയാണ് പുതിയ മോഡലിന്റെ എടുത്തുപറയേണ്ട സവിശേഷത. ഇറക്കമിറങ്ങുമ്പോള്‍ ഗിയര്‍ ബോക്‌സ് ലോക്ക് ചെയ്യാന്‍ എല്‍ മോഡും ലഭ്യമാണ്.

1.2 ലിറ്ററും 90ബിഎച്ച്പിയും 110എന്‍എം ഐവി ടെക് മോട്ടോറും ചേര്‍ന്നുള്ളതാണ് സിവിടി ഗിയര്‍ബോക്‌സ്. ജാസില്‍ കാണുന്ന അതേ എഞ്ചിനും ഗിയര്‍ ബോക്‌സുമാണ് അമേസിലുമുള്ളത്. നഗരത്തില്‍ ഓടിക്കാന്‍ പറ്റിയ കാര്‍ ആണിത്. പക്ഷേ ഹൈവേയില്‍ അമിതവേഗതയെടുക്കുമ്പോള്‍ അത്ര സുഗമമല്ല. അമിതവേഗതയില്‍ ത്രോട്ടില്‍ 50 ശതമാനത്തില്‍ അധികമാണെന്ന് മാത്രമല്ല നല്ല നോയ്‌സും ഉണ്ടാകുന്നു. പാഡിലുകളിലൊന്ന് കുറച്ച് വണ്ടിയുടെ നോയ്‌സ് കുറക്കാം. എങ്കിലും കുടുതല്‍ വേഗതയില്‍ ഓടിക്കുമ്പോള്‍ എഞ്ചിന്‍ അതിന്റെ സുഗമമായ അവസ്ഥയില്‍ നിന്നും മാറുന്നതായി അനുഭവപ്പെടും. പക്ഷെ നഗരത്തിനകത്ത് ഓടിക്കുന്നത് സുഖകരമായ അവസ്ഥയാണ്.

പുതിയ അമേസ് പഴയ മോഡലിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്. പഴയ തലമുറ ബൂട്ടോട് കൂടിയ ബ്രയോ മാത്രമാണ്. പുതിയ അമേസ് നാല് മീറ്ററില്‍ താഴെ നീളത്തില്‍ രൂപകല്‍പന ചെയ്ത സെഡാന്‍ ആണ്. മികച്ച ഇന്റീരിയര്‍, കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (പെട്രോളിലും ഡീസലിലും) എന്നിവ വാഹനത്തിന്റെ ആകര്‍ഷണം കൂട്ടുന്നു. ഈ മോഡലിന് സര്‍വ്വീസ് ചെലവ് വളരെ കുറവായിരിക്കും എന്ന മെച്ചം കൂടിയുണ്ട്. മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടിഅഞ്ച് വര്‍ഷം വരെ കൂട്ടാവുന്നതുമാണ്. ഞങ്ങള്‍ ഡീസല്‍ സിവിടിയാണ് ഉപയോഗിച്ച് നോക്കിയത്. പവറില്‍ അല്‍പം കുറവുണ്ടെന്ന തോന്നല്‍ ഉണ്ടാകാം. പ്രീലോഞ്ച് മോഡലാണ് പരീക്ഷിച്ചതെന്നതിനാല്‍ വില തിട്ടപ്പെടുത്തിയിട്ടില്ല. പക്ഷെ പുതിയ അമേസിന്റെ വില ഡിസയറിന്റേതായിരിക്കുമെന്ന് കരുതുന്നു.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.