ബുലന്ദ്ശഹര്‍ കലാപം: സുബോധ്കുമാറിനെ വെടിവെച്ചത് മുന്സൈനികന്
യുപിയിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ് ദാദ്രിയില്‍ ഗോഹത്യയുടെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസ് തുടക്കത്തില്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് മുന്‍ ആര്‍മി ഉദ്യോഗസ്ഥനെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബജ്രംഗ്ദള് പ്രാദേശിക നേതാവായ യോഗേഷ് രാജ് അടക്കമുള്ളവരാണ് കലാപം ആസൂത്രണം ചെയ്തതെന്നും എഫ്ഐആറില്‍ പറയുന്നു.
2015 സെപ്തംബറിലാണ് യുപിയിലെ ദാദ്രിയില്‍ പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഖ്ലാഖിനെ അടിച്ചുകൊന്നത്. കേസ് തുടക്കത്തില്‍ അന്വേഷിച്ച സുബോധ്കുമാര്‍ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
മാത്രമല്ല അഖ്ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മാംസം വേഗത്തില്‍ത്തന്നെ പരിശോധനയ്ക്കായി ലാബിലെത്തിക്കുകയും ചെയ്തു. പശുമാംസം അല്ലെന്നായിരുന്നു ലാബ്പരിശോധനയിലെ കണ്ടെത്തല്‍. അന്വേഷണ ഘട്ടത്തിനിടയില്‍ സുബോധിനെ വാരാണസിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംഘപരിവാര്‍ സമര്‍ദത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റമെന്ന് ആക്ഷേപം ഉയരുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright