സേവനങ്ങളുടെ പേരില്‍ ബാങ്കുകളുടെ പകൽകൊള്ള

സേവനങ്ങളുടെ പേരില്‍ ബാങ്കുകളുടെ പകൽകൊള്ള

സേവനങ്ങളുടെ പേരില്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നത് കോടികളാണ്. ഇതുവരെ സൗജന്യമായി ലഭിച്ച സേവനങ്ങള്‍ക്ക് ( ചെക്ക് ബുക്ക് വാങ്ങിയാലും എടിഎം ഉപയോഗിച്ചാലും ബാലന്‍സ് പരിശോധിച്ചാലും വരെ) ഇനി ജിഎസ്ടി ഈടാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തിലെ ഏകീകരണം പ്രതീക്ഷിച്ച്‌ ഏര്‍പ്പെടുത്തിയ ജിഎസ്ടി എ പുത്തന്‍ സാമ്പത്തീക പരിഷ്‌കരണം രാജ്യത്ത് നടപ്പാക്കി ഒര വര്‍ഷത്തിന് ശേഷവും അതിന്റെ ബുദ്ധിമുട്ടുകള്‍ വിട്ടൊഴിയുന്നില്ല. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും താഴേ തട്ടിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് ഇപ്പോഴും ജിഎസ്ടി തലവേദന ഒഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇത്രയും നാള്‍ സൗജന്യമായി ലഭിച്ചിരുന്ന ബാങ്ക് സേവനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ ബാങ്കുകള്‍ നികുതി മൂലം അനുഭവിക്കുന്ന അമിത ഭാരം ഇനി ഉപഭോക്താവ് ചുമക്കണം. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗം, ഇന്ധന സര്‍ച്ചാര്‍ജ് തിരിച്ചുനല്‍കല്‍ എന്നി സേവനങ്ങള്‍ നിലവില്‍ സൗജന്യമായാണ് ഉപഭോക്താവ് ലഭിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയാല്‍ ഈ സേവനങ്ങള്‍ക്കും ചാര്‍ജ് ഈടാക്കും. ഇത് സാധാരണക്കാരായ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വലിയ തിരിച്ചടിയാവും.

ഏറെ നാളുകളായി ലഭിച്ചുവന്ന സൗജന്യ സേവനങ്ങള്‍ക്ക് ജിഎസ്ടി നല്‍കണമൊവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നികുതി ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകളില്‍ പലതും തീരുമാനിച്ചുകഴിഞ്ഞു.എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഉടനെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി നല്‍കാന്‍ എല്ലാ ബാങ്കുകളും സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിനാലാണ് സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നതെന്നും അതിനാല്‍തന്നെ സേവനങ്ങള്‍ക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു .

ബാങ്കിങ് സേവനങ്ങള്‍ക്കായി വ്യാപകമായി ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും സേവനങ്ങളിലെ കാണാക്കണക്കുകളും കൊള്ളയും പലതും സാധാരണക്കാർ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. നോട്ട് നിരോധനസമയത്ത് എടിഎം ഉപയോഗത്തിന്റെ നിരക്കുകള്‍ വലിയ ചര്‍ച്ചയാകുകയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ബാങ്കുകള്‍ നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. തന്റെ അക്കൗണ്ടില്‍ നിന്നും 59 രൂപ നഷ്ടപ്പെട്ട ഒരു എസ്.ബി.ഐ. അക്കൗണ്ട് ഉടമ കാര്യമറിയാനായി ബാങ്കിന്റെ സര്‍വ്വീസ് സെന്ററിലേക്കു വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പലരും ശ്രദ്ധിക്കാതെപോയ ഒരു നിരക്കിനെക്കുറിച്ചും പൊതുജനശ്രദ്ധയില്‍ കൊണ്ടുവിട്ടുള്ളത്.

സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണവും പ്രതിഷേധവുമാണ് ഈ ഓഡിയോ ക്ലിപ്പ് ഉയര്‍ത്തുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് ബ്രാഞ്ചുകള്‍ വഴി മൂന്നിലധികം തവണ പണം ഇട്ടാലോ രണ്ടിലധികം തവണ പണം പിന്‍വലിച്ചാലോ 59 രൂപ പിഴ ചുമത്തുകയാണ് ബാങ്കുകള്‍ എന്ന് വെളിപ്പെടുത്തുകയാണ് ഈ ഓഡിയോ ക്ലിപ്പ്. എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ക്കായി നിരക്ക് വര്‍ദ്ധന നടപ്പാക്കിയത് ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പാണ്. ഇത്ര കാലമായിട്ടും എ.ടി.എം ഇടപാടുകള്‍ക്കും മിനിമം ബാലന്‍സ് ഇല്ലാത്തതിനും ചുമത്തു ഫീസ് ഒഴികെയുള്ള മറ്റു നിരക്കുകളെപ്പറ്റി ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് വലിയ ധാരണയൊന്നും ഇല്ലായെന്നതാണ് വാസ്തവം. മുഷിഞ്ഞ നോട്ടുകള്‍ മാറി എടുക്കുന്നതിന് തൊട്ട് മൂന്നില്‍ കൂടുതല്‍ തവണ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് വരെ എസ്.ബി.ഐ അധിക ചാര്‍ജ്ജ് ഈടാക്കുന്നു.

മൂന്നു തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 50 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 59 രൂപയാണ് എസ്.ബി.ഐ ഈടാക്കുന്നത്. എത്ര കുറഞ്ഞ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചാലും ഓരോ തവണയും 59 രൂപ ചാര്‍ജ്ജ് ആയി നല്‍കേണ്ടി വരും. അതായത്, നാലാമത്തെ തവണ 10 രൂപയാണ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കിലും 59 രൂപ ബാങ്കിന് നല്‍കണമെന്ന് ചുരുക്കം. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കിലും ബാങ്ക് പണം ഈടാക്കും. രണ്ടു തവണ മാത്രമേ ബ്രാഞ്ചുകള്‍ വഴി അക്കൗണ്ടില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നുള്ളൂ. മൂന്നാമത് പണം എടുക്കണമെങ്കില്‍ 50 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 59 രൂപ കൊടുക്കണം.

എന്നാല്‍ അക്കൗണ്ടിലെ പ്രതിമാസ ബാലന്‍സ് തുക അധികമായവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. പ്രതിമാസ ബാലന്‍സ് തുക 25,000 ത്തിനു മുകളില്‍ ആണെങ്കില്‍ 10 തവണയും 50,000 ത്തിനു മുകളില്‍ ആണെങ്കില്‍ 15 തവണയും ചാര്‍ജ്ജില്ലാതെ പണം എടുക്കാന്‍ സാധിക്കും. ഒരു ലക്ഷത്തിനു മുകളില്‍ പ്രതിമാസ ബാലന്‍സ് ഉള്ളവര്‍ക്ക് എല്ലാ പിന്‍വലിക്കലും സൗജന്യമായി ചെയ്യാം. ചുരുക്കത്തില്‍ വലിയ ബാങ്ക് ബാലന്‍സുകള്‍ ഇല്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ബാങ്കിങ് സേവനത്തിനായി വലിയ നിരക്കുകള്‍ നല്‍കേണ്ടിവരുമെന്ന് സാരം.

കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴിയോ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവില്‍ ചാര്‍ജ്ജുകള്‍ ചുമത്തിയിട്ടില്ല. അപ്പോഴും ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാനാകാത്ത സാധാരണക്കാര്‍ക്കാണ് പിഴശിക്ഷ! ഓഡിയോ ക്ലിപ്പ് എസ്.ബി.ഐ. യെക്കുറിച്ചാണെങ്കിലും മറ്റു പൊതുമേഖലാ-സ്വകാര്യബാങ്കുകളിലും ഇതേ കഴുത്തറപ്പന്‍ സമീപനം തന്നെയാണെന്ന് വിശദമാക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ സന്ദേശവും എസ്.ബി.ഐ. ബാങ്കുമായി ബന്ധപ്പെട്ടവരില്‍ നിന്നും പ്രചരിക്കുന്നുണ്ട്. എസ്.ബി.ഐ. യെ ടാര്‍ഗറ്റ് ചെയ്യുന്നത് പൊതുമേഖലയെ തകര്‍ക്കാനാണെന്നും സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിക്കാനുമാണ് ഈ സന്ദേശത്തിലെ ആഹ്വാനം. ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് പോലുള്ള പൊതു ബാങ്കുകളിലേയും എച്ച്‌.ഡി.എഫ്.സി. പോലുള്ള സ്വകാര്യ ബാങ്കുകളിലേയും അക്കൗണ്ട് ഉടമ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള പരിധികളും ചാര്‍ജ്ജുകളും വിശദീകരിച്ചുകൊണ്ടാണ് ഈ സന്ദേശം. എന്നാല്‍ അതില്‍ നിന്നും തന്നെ മറ്റുള്ളവയേക്കാള്‍ കൂടുതലാണ് എസ്.ബി.ഐ.യുടെ നിരക്കുകളെന്നും വ്യക്തമാകുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങളില്‍ കൂടുതലും ബാങ്കിങ് മേഖലയിലൂടെ ആക്കിയതുകൊണ്ടുപോലും സാധാരണക്കാരായ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. അതിനിടയിലാണ് നികുതി ഭാരവും കൂടി ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ബാങ്കുകളും രംഗത്തേക്ക് വരുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.