അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജ ഇന്ന്: പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജ ഇന്ന്: പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.

ലോകമെമ്പാടുമുള്ള കോടാനുകോടി ഇന്ത്യക്കാര്‍ കാത്തിരുന്ന ആ നിമിഷത്തിന് ഇന്ന് തുടക്കം കുറിക്കും. അയോധ്യയില്‍ രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന് നടക്കും. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്താന്‍ ഇന്ന് 11 മണിയോടെ അയോദ്ധ്യാ നഗരത്തില്‍ എത്തിച്ചേരും. സാകേത് സര്‍വ്വകലാശാല മൈതാനത്ത് ഹെലികോപ്റ്ററില്‍ എത്തിച്ചേരുന്ന അദ്ദേഹം ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശിലാന്യാസച്ചടങ്ങിന്റെ വേദിയിലെത്തുക.

കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുക. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്.

ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു.പി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക. ഭൂമി പൂജ ചടങ്ങിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നടുമെന്ന് മഹാന്ത് രാജ്കുമാര്‍ ദാസ് വ്യക്തമാക്കി. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.

1.25 ലക്ഷം ലഡുവാണ് പ്രസാദമായി നല്‍കുന്നത്. ഇന്നലെ മുതല്‍ നഗരം ദീപാലങ്കാരങ്ങളാല്‍ തിളങ്ങുകയാണ്. സരയൂ നദീ തീരത്ത് നിരവധി വേദികള്‍ തീര്‍ത്ത് നദീപൂജയും തര്‍പ്പണവും ഇന്നലെ വിവിധ സന്യാസി സമൂഹങ്ങള്‍ നടത്തി. 11000 ചിരാതുകള്‍ തെളിയിച്ചാണ് ഇന്നലെ ദീപോത്സവവും ആരതിയും നടന്നത്. നിലവില്‍ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ രാമാചര്‍ച്ചന നടന്നു. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ചടങ്ങുകൾക്ക് ശേഷം നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.