രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ചികിത്സയിലുളള പത്ത് ജില്ലകളില്‍ ഏഴും കേരളത്തിൽ; ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള രണ്ടാമത്തെ ജില്ല എറണാകുളം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയിലേറെയും സംസ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ചികിത്സയിലുളള പത്ത് ജില്ലകളില്‍ ഏഴും കേരളത്തിലാണ്.
മഹാരാഷ്ട്ര ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍ വൈറസ് നിയന്ത്രണ വിധേയമാകുമ്പോഴാണ് സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുളള അഞ്ച് സംസ്ഥാനങ്ങളില്‍ മറ്റ് നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലുമാണ്. കേരളത്തില്‍ 72,392 പേരാണ് ചികിത്സയിലുളളത്. മറ്റ് നാലു സംസ്ഥാനങ്ങളിലും ചേര്‍ന്ന് 61,489 പേരാണ് ചികിത്സയിലുളളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള രണ്ടാമത്തെ ജില്ല എറണാകുളമാണ്. തൊട്ടുപിന്നില്‍ കോഴിക്കോടുമുണ്ട്. 10,873 രോഗികളാണ് എറണാകുളത്തുളളത്. കോഴിക്കോട് 8002 പേര്. 13,014 രോഗികളുളള പൂനെയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നാലാമതുളള താനെ ജില്ലയില്‍ 7683 പേരും, അഞ്ചാമതുളള കോട്ടയത്ത് 6972 രോഗികളുമുണ്ട്. കൊല്ലം, പത്തനംതിട്ട, മുംബയ്, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള പത്തു ജില്ലകള്‍.
Photo Courtesy : Google/ images are subject to copyright