തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി റഷ്യ.

തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി റഷ്യ.

സ്പുട്നികിനും എപിവാക് കൊറോണയ്ക്കും പിന്നാലെ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുകയാണ് റഷ്യ. ചുമക്കോവ് സെൻ്റര്‍ വികസിപ്പിച്ച വാക്സിന് ‘ കൊവിവാക് ‘ എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റ് രണ്ട് വാക്സിനുകളെ പോലെ തന്നെ കൊവിവാകിനും വലിയ തോതിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുമ്പാണ് ആഭ്യന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്.

മോസ്കോയിലെ ഗമേലയാ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക് V വാക്സിന് അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്നേ അനുമതി നല്‍കിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, നിലവില്‍ സ്പുട്നികിൻ്റെ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ത്യയിലും സ്പുട്നികിൻ്റെ ക്ലിനിക്കല്‍ പരീക്ഷണള്‍ പുരോഗമിക്കുകയാണ്. റഷ്യയില്‍ സെപ്റ്റംബറില്‍ അംഗീകാരം ലഭിച്ച സ്പുട്നികിൻ്റെ വന്‍ തോതിലുള്ള വാക്സിനേഷന്‍ ഡിസംബര്‍ മുതലാണ് ആരംഭിച്ചത്.

പ്രാരംഭഘട്ട ട്രയലുകളില്‍ നിന്ന് 91.4 ശതമാനം ഫലപ്രാപ്തി സ്പുട്നികിന് കണ്ടെത്തിയിരുന്നു. ഇതുവരെ രണ്ട് ദശലക്ഷം റഷ്യക്കാര്‍ക്ക് സ്പുട്നിക് വാക്സിൻ്റെ കുറഞ്ഞത് ഒരു ഡോസെങ്കിലും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച എപ്പിവാക് കൊറോണയും ആളുകള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. നിലവില്‍ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് കൊവിഡ് വാക്സിനുകളുള്ള ഏക രാജ്യം റഷ്യയാണെന്ന് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

1955ല്‍ സ്ഥാപിതമായ ചുമക്കോവ് സെന്റര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സ്ഥിതി ചെയ്യുന്നത്. ഓറല്‍ പോളിയോ വാക്സിന്‍ ഗവേഷണങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച സോവിയറ്റ് മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായിരുന്ന മിഖയില്‍ ചുമക്കോവ് ആണ് ഇത് സ്ഥാപിച്ചത്.

കൊവിവാകില്‍ വൈറസിൻ്റെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്നതിനാല്‍ വിവിധ തരത്തിലുള്ള വകഭേദങ്ങളില്‍ നിന്ന് പരിരക്ഷിക്കാന്‍ തക്ക രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍, യു.കെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ വകഭേദങ്ങളില്‍ കൊവിവാക് ഫലപ്രദമാണോ എന്ന് ഇനി ഗവേഷണങ്ങള്‍ നടത്തുകയേ ഉള്ളൂ. 14 ദിവസത്തെ ഇടവേളകളിലായി രണ്ട് ഡോസുകളാണ് കൊവിവാക്സിനുള്ളത്. സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ ( 2 – 8 ഡിഗ്രി സെല്‍ഷ്യസ് ) കൊവിവാക് സൂക്ഷിക്കാം.

കൊവിവാകിൻ്റെ ആദ്യഘട്ട ട്രയല്‍ സെപ്റ്റംബര്‍ 21ന് തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 200 ഓളം പേരില്‍ പരീക്ഷിച്ച കൊവിവാകിന് ആദ്യഘട്ടത്തില്‍ പ്രതികൂല ഫലങ്ങള്‍ ഒന്നും പ്രകടമായില്ലെന്ന് അധികൃതര്‍ പറയുന്നു. ദേശീയ തലത്തിലെ വാക്സിനേഷന്‍ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള കൊവിവാകിൻ്റെ ആദ്യ 120,000 ഡോസുകള്‍ മാര്‍ച്ചിലാണ് പുറത്തിറക്കുന്നത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.