ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി; ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ

ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി; ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ

ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ. നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ ഗ്രീന്‍വിച്ച്‌ മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി) ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്.

ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച്‌ പറത്തുന്ന ആദ്യ വാഹനം എന്ന പേര് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കി. നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ഇന്‍ജെന്യൂയിറ്റി പറന്നുയര്‍ന്നത്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ഹെലികോപ്ടര്‍.

1.8 കിലോ ഭാരമുള്ള ഇന്‍ജനുവിറ്റി പേഴ്‌സിവറന്‍സില്‍ നിന്ന് പുറത്തിറക്കി വച്ചിരിക്കുകയായിരുന്നു. അനുകൂല അന്തരീക്ഷത്തിനു വേണ്ടിയും ചുറ്റുവട്ടം എങ്ങനെയെന്ന് പഠിക്കാനും വേണ്ടിയാണ് പറക്കല്‍ ഇന്നലത്തേക്ക് നിശ്ചയിച്ചിരുന്നത്. കാര്യങ്ങള്‍ എല്ലാം ശരിയായ സാഹചര്യത്തില്‍ കൃത്യസമയത്ത് സിഗ്‌നല്‍ നല്‍കി. അതോടെ പേഴ്‌സിവറന്‍സിന് അല്പം അകലെ ചൊവ്വയുടെ പ്രതലത്തില്‍ ഇറക്കിവച്ചിരുന്ന കോപ്ടറിന്റെ റോട്ടറുകള്‍ കറങ്ങിത്തുടങ്ങി. പിന്നെ അതിന്റെ വേഗം കൂടി. നിര്‍ദ്ദിഷ്ട വേഗം കൈവന്നതോടെ ഇന്‍ജനുവിറ്റി പ്രതലത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഹെലികോപ്റ്റര്‍ പരീക്ഷണ പറത്തല്‍ നടത്തിയത്. ഇതിന്റെ തത്സമയ വിവരങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. 30 സെക്കന്റ് നേരം ഉയര്‍ന്നു നിന്ന ഹെലികോപ്റ്റര്‍ പിന്നീട് താഴെ സുരക്ഷിതമായിറക്കി. ആകെ 39.1 സെക്കന്റ് നേരമാണ് ഇന്‍ജെന്യൂയിറ്റിയുടെ ആദ്യ പറക്കല്‍ നീണ്ടുനിന്നത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വികസിപ്പിച്ച അല്‍ഗൊരിതം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗതിനിയന്ത്രണ സംവിധാനങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി പൂര്‍ണമായും ഓട്ടോണമസ് ആയാണ് ഹെലിക്കോപ്റ്ററിന്റെ ആദ്യ പറക്കല്‍ നടത്തിയത്.

ആറു മണിക്കൂര്‍ കഴിഞ്ഞതോടെ കോപ്ടര്‍ ചരിത്രം കുറിച്ചതിന്റെ സന്ദേശം പേഴ്‌സിവറന്‍സില്‍ നിന്ന് ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തി. ഒപ്പം ചിത്രങ്ങളും. ആദ്യ ചിത്രം ചൊവ്വയുടെ പ്രതലത്തില്‍ പതിഞ്ഞ കോപ്ടറിന്റെ നിഴലിന്റെയായിരുന്നു. തൊട്ടു പിന്നാലെ വന്നു വീഡിയോയും.

ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ ആദ്യമായി പറന്നുയര്‍ന്ന സ്ഥലം ഇനി റൈറ്റ് ബ്രദേഴ്സ് ഫീല്‍ഡ് എന്ന് അറിയപ്പെടുമെന്ന് നാസയുടെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റര്‍ ഫോര്‍ സയന്‍സ് തോമസ് സര്‍ബചെന്‍ പ്രഖ്യാപിച്ചു. ഭൂമിയില്‍ ആദ്യ വിമാനം പറത്തിയ റൈറ്റ് ബ്രദേഴ്സിനോടുള്ള ആദരസൂചകമായാണ് ഈ പേര് നല്‍കിയത്.

നിലവില്‍ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററില്‍ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങളൊന്നും തന്നെയില്ല. ഭാവിയില്‍ ചൊവ്വയിലെ ആകാശമാര്‍ഗമുള്ള പഠനങ്ങള്‍ക്ക് സഹായകമാവുന്ന ഉപകരണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണമാണ് ഇത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.