പ്രകൃതിസ്‌നേഹിയായ ജനനേതാവ് ശ്രീ പി പ്രസാദ്, കൃഷി മന്ത്രി

പ്രകൃതിസ്‌നേഹിയായ ജനനേതാവ് ശ്രീ പി പ്രസാദ്, കൃഷി മന്ത്രി

ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേലില്‍ ജി. പരമേശ്വരന്‍ നായരുടെയും ഗോമതിയമ്മയുടെയും മകനായി 1969 – ല്‍ ജനനം. നൂറനാട് സിബിഎം ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1989-ല്‍ പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹം തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, മികച്ച പ്രാസംഗികന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയും 15-ാം കേരള നിയമസഭയിലെ കൃഷി മന്ത്രിയുമായ ശ്രീ. പി. പ്രസാദിന്റെ വിശേഷങ്ങളിലൂടെ.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പി.പ്രസാദ് എ ഐ എസ് എഫ് താലൂക്ക് പ്രസിഡന്റായും പന്തളം എന്‍ എസ് എസ് കോളജില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന പദവിയും അദ്ദേഹം നിര്‍വ്വഹിക്കുന്നു. 2011-ലെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരുമായിരുന്നു.

P Prasad Uniquetimes
P Prasad

”കൊച്ചു വായില്‍ വലിയ വര്‍ത്തമാനം പറയുന്ന” പ്രസാദ് എന്ന കുട്ടി പത്തുവയസ്സുമുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശികവേദികളില്‍ പ്രസംഗിച്ചിരുന്നു. നാല്‍പ്പതുവര്‍ഷത്തിനിപ്പുറം, ആ വാക്കുകള്‍ ആ ഗ്രാമത്തിന്റെ ചരിത്രവും വര്‍ത്തമാനവുമായി മാറി. നൂറനാട് കവിതാ വായനശാലയിലിരുന്ന് വായിച്ചുകൂട്ടിയ അറിവുകള്‍ അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളിലും നിറഞ്ഞിരുന്നു. പറയുന്ന വിഷയത്തെ കൃത്യമായി വിശകലനം ചെയ്ത് അവതരിപ്പിക്കാനുള്ള സ്വതസിദ്ധമായ കഴിവ് അദ്ദേഹത്തിനുണ്ട് . വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വായനയിലൂടെ ലഭിച്ച അറിവുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വായിക്കുക എന്ന ശീലം വളരെ ചെറുപ്പം മുതലേ അദ്ദേഹത്തിനുണ്ടായിരുന്നു. പിതാവ് ജി പരമേശ്വരന്‍ നായരില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ് ഈ വായനാശീലം. അഗാധമായ വായനയും അറിവും മനോഹരമായി സംസാരിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ പതിവ് രാഷ്ട്രീയക്കാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
പി പ്രസാദ് എന്ന പൊതുപ്രവര്‍ത്തകനെ പൊതുജനം അറിയുന്നത് പരിസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാളുപരി പ്രകൃതിവാദിയായ സാമൂഹികപ്രവര്‍ത്തകന്‍ എന്ന വിശേഷണമാണ് അദ്ദേഹത്തിന് ഏറെ യോജിക്കുക. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് ഏറ്റവും ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് പരിസ്ഥിതി രാഷ്ട്രീയം. അതൊരു മുതലാളിത്ത വിരുദ്ധമായ വിഷയമാണ്. തനിക്ക് മുന്നേ സഞ്ചരിച്ചവരുടെ വഴിയിലൂടെ പിന്തുടരുക മാത്രമാണ് പരിസ്ഥിതി വിഷയത്തില്‍ അദ്ദേഹം ചെയ്യുന്നത്. അച്യുതമേനോനെപ്പോലുള്ള മുഖ്യമന്ത്രിമാരെ വിസ്മരിച്ചു ഈ വിഷയത്തെക്കുറിച്ചു പറയാന്‍ കഴിയില്ല. പ്രൊഫ. എം.കെ. പ്രസാദും സുഗതകുമാരിയുമൊക്കെ എഴുതിയ പരിസ്ഥിതിലേഖനങ്ങള്‍ പൊറുതിമുട്ടിച്ചതായി അദ്ദേഹം പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ നടന്ന സമരത്തിലും പ്ലാച്ചിമടയില്‍ നടന്ന സമരത്തിലും നേതൃപരമായ പങ്കുവഹിച്ചു. നര്‍മദ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ മാസങ്ങളോളം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സമരങ്ങളില്‍ മേധ പട്കര്‍ക്കൊപ്പം പങ്കെടുത്തു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശത്തെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിനു പിന്തുണയേകിക്കൊണ്ട് പരിസ്ഥിതിപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു. ഇത്തരം നിരവധി പരിസ്ഥിതിസമരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട പ്രസാദിന്റെ പോരാട്ട വീര്യം തിരിച്ചറിഞ്ഞ പ്രസ്ഥാനം രണ്ടാം പിണറായിമന്ത്രി സഭയിലെ കൃഷി മന്ത്രിസ്ഥാനമാണ് ഇക്കുറി നല്‍കിയത്.
കൃഷിയെന്നത് കര്‍ഷകന് കേവലം ജീവന്‍ നിലനിര്‍ത്താനുള്ള ആനുകൂല്യം നല്‍കുന്നത് മാത്രമാകരുതെന്നും മറിച്ച് കര്‍ഷകന് സമൂഹത്തില്‍ അന്തസായ ജീവിതം നയിക്കുന്നതിന് ഉതകുന്നതാകണമെന്നതുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കര്‍ഷകര്‍ക്കായി ഒരു ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ സൗകര്യം വഴി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ അംഗത്വം സ്വീകരിക്കാവുന്നതാണ്. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്.
വിഷം ഭക്ഷിക്കാനും രോഗികളാകാനും മനസില്ലെന്ന് മലയാളി തീരുമാനിച്ചാല്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പ്പാദനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കാമെന്നും ശരീരത്തിന് ആവശ്യമായ പോഷക മൂല്യങ്ങള്‍ ലഭിക്കാത്തതും വിഷം കലര്‍ന്ന പച്ചക്കറികളുടെ ഉപയോഗം മൂലം നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ മറികടക്കുന്നതിനായി കിടപ്പുരോഗികള്‍ ഒഴികെ എല്ലാവരും ദിവസവും അര മണിക്കൂറെങ്കിലും കൃഷി ചെയ്യുന്നതും നല്ലതാണെന്നും, 99 ശതമാനം ആളുകള്‍ക്കും ഇതു സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നിട്ട് ഇറങ്ങണമെന്നും കൃഷിവകുപ്പും സര്‍ക്കാരും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ കേരള നാടിന്റെ നട്ടെല്ലാണെന്ന് പറയുമ്പോഴും സമൂഹത്തില്‍ നിന്നും കടുത്ത അവഗണന അവര്‍ നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
P Prasad Uniquetimes
P Prasad

കാലാവസ്ഥാ വ്യതിയാനം ഗൗരവമായി കണ്ടുകൊണ്ട് കേരളത്തിലെ കൃഷി രീതീയില്‍ കാതലായ മാറ്റം വരുത്തും. അതിനുവേണ്ടി കൃഷി ഭൂമിയെ അഗ്രോ ഇക്കോളജിക്കല്‍ സോണുകളായും യൂണിറ്റുകളുമായും തരം തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള കൃഷി രീതികള്‍ നടപ്പാക്കിക്കൊണ്ട്, ആഗോളതാപനം ഉയര്‍ത്തുന്ന ഭവിഷ്യത്തുകള്‍ മറികടക്കാന്‍ പശ്ചിമഘട്ടം സംരക്ഷിച്ച് മാത്രമേ ഇനി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നും, ആയതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലം ദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിക്കുക, നഷ്ടപരിഹാരത്തിന്റെ നിലവിലെ തുക പുതുക്കി നിശ്ചയിക്കുക, അതില്‍ പുതിയ വിളകളെ ഉള്‍പ്പെടുത്തുക, സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തേനീച്ച കൃഷി കൂടി ഉള്‍പ്പെടുത്തുക എന്നീ പദ്ധതികള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ദുരന്തഭൂമികളില്‍ കയ്യാല നിര്‍മ്മിക്കാന്‍ സഹായം വേണമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും.
1985-’89 കാലത്ത് പന്തളം എന്‍.എസ്.എസ്. കോളേജില്‍ പഠിച്ച സഹപാഠികള്‍ ഒത്തുചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ലോകം അടച്ചിടലിലേക്കുപോയപ്പോള്‍ കൃഷിയുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. 85 അംഗ കൂട്ടായ്മയ്ക്ക് ഒരു കൂട്ടുകൃഷിനടത്താമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. പത്തുമാസംകൊണ്ട് താമരക്കുളം, ശൂരനാട് പഞ്ചായത്തുകളിലായി കൃഷി ചെയ്തു. ശൂരനാട് പഞ്ചായത്തിലെ കിഴകിട ഏലായില്‍ അഞ്ചേക്കറിലായിരുന്നു നെല്‍ക്കൃഷി. നിയമസഭാതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോള്‍ കൊയ്ത്തിനു പാകമായ നെല്‍കൃഷി കൊയ്യാന്‍, അരയില്‍ അരിവാള്‍ തിരുകി തൊഴിലാളികള്‍ക്കൊപ്പം വയലിലിറങ്ങിയവരില്‍ ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി പ്രസാദും ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുമുമ്പ് ഏപ്രില്‍ 18-നായിരുന്നു രണ്ടാംഘട്ട കൊയ്ത്ത് അന്നും പ്രസാദ് വയലില്‍ത്തന്നെയുണ്ടായിരുന്നു. രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും നിത്യജീവിതത്തിനായി കൂലിപ്പണിമുതല്‍ വാര്‍ക്കപ്പണിവരെ ചെയ്തിട്ടുണ്ട് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നതായി പറയുന്നു പ്രസാദ് എന്ന വാക്കും പ്രവര്‍ത്തിയും ഒന്നായ, കൗശലമില്ലാത്ത പൊതുപ്രവര്‍ത്തകന്‍. ആര്‍.സി.സി.യില്‍ രോഗികള്‍ക്ക് രക്തംനല്‍കാന്‍ പോകുന്നതും രോഗികള്‍ക്ക് കൂട്ടിരിക്കുന്നതുമൊക്കെ പ്രസാദിന് രാഷ്ട്രീയപ്രവര്‍ത്തനംതന്നെയായിരുന്നു.
പിതാവ് പരമേശ്വരന്‍ നായര്‍ എഐടിയുസി നേതാവും സി.പി.ഐ. ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ ലൈന അദ്ധ്യാപികയാണ്. മക്കള്‍, തിരുവനന്തപുരം പട്ടം ഗവ: മോഡല്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഭഗത്, പട്ടം ഗവ: സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അന്നാ അല്‍ മിത്ര.
ഇടതുപക്ഷ ജനാധിപത്യ മുന്നണി തയ്യാറാക്കിയ പ്രകടന പത്രികയ്ക്കനുസരിച്ചു മുന്നോട്ടു പോവുകയെന്നതാണ് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം എന്ന് അദ്ദേഹം പറയുന്നു. വികസനത്തിന്റെ കാര്യത്തില്‍ പറഞ്ഞാല്‍, മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദു ആകണമെന്നത് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമായതിനാല്‍ അവിടെയും വൈരുദ്ധ്യം ഉണ്ടാകാനിടയില്ല. സാധാരണക്കാരായ ജനങ്ങളെ സേവിക്കാന്‍ കിട്ടിയ ഈ അവസരം നന്നായി വിനിയോഗിക്കണം എന്നാണ് തന്റെ തീരുമാനം. എവിടെ നിന്നും വിമര്‍ശനം ഉയര്‍ന്നു വരാത്ത തരത്തില്‍, ഒരാളും വിരല്‍ചൂണ്ടാനിട വരുത്താതെ പ്രവര്‍ത്തിക്കണം. ഇതുവരെയും അത് തുടര്‍ന്നും പോരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനും പ്രകൃതി സ്‌നേഹിയുമായ കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.