ഇന്നസെന്റിനു കൊച്ചി നഗരം വിടചൊല്ലി
പ്രിയ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദര്‍ശനത്തിനായി മൃതദേഹം ഇവിടെയെത്തിച്ചത്.
അവസാനമായി ഒരു നോക്ക് കാണാന്‍
നിരവധി പേരാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്. സിനിമാ- സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളും, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ പി രാജീവ്,കെ രാജന്, പി പ്രസാദ്, ആര് ബിന്ദു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, സി പി എം സെക്രട്ടറി എംവി ഗോവിന്ദന്, മമ്മൂട്ടി, മുകേഷ്, സിബി മലയില്‍ ഉള്‍പ്പടെയുള്ളര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. മരണവാര്‍ത്തയറിഞ്ഞ് ഇന്നസെന്റിനെ ഒരു നോക്ക് കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കായും സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും ഇവിടെ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ രാവിലെ 11 മണിവരെ പൊതുദര്‍ശനം തുടരും.
തുടര്‍ന്ന് ഇവിടെ നിന്നും മൃതദേഹം പൊതുദര്‍ശനത്തിനായി ജന്മദേശമായ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷം മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോകും.
Photo Courtesy : Google/ images are subject to copyright