മഹേഷ് പി.എൻ. നമ്പൂതിരി ശബരിമലയിലേയും മുരളി പി.ജി മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാർ
പുതിയ ശബരിമല മേല്‍ശാന്തിയായി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശി മഹേഷ് പി.എന്‍. നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തൃശ്ശൂർ സ്വദേശി മുരളി പി.ജി യേയും തെരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനക്കാരനാണ് മഹേഷ് പി.എന്‍. ഒരു വര്‍ഷമായി തൃശ്ശൂർ പാറമേല്‍ക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ശബരിമല മേല്‍ശാന്തിയാകാന്‍ 17 പേരുടെ ചുരുക്കപ്പട്ടികയില്‍ പതിനൊന്നാം നമ്പറുകാരനായിരുന്നു മഹേഷ്. വരുന്ന മണ്ഡലകാലം മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ശബരിമലയില്‍ പുറപ്പെടാശാന്തിയായ അദ്ദേഹം സേവനം അനുഷ്ഠിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ശബരിമലയിലേക്ക് മേല്‍ശാന്തിയാകാന്‍ ശ്രമം നടത്തിയെങ്കിലും ഇത്തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂർ വടക്കേക്കാട് സ്വദേശിയാണ് മുരളി പി.ജി. 12 പേരായിരുന്നു മാളികപ്പുറത്തേക്കുള്ള അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ശബരിമലയില്‍ നടന്ന നറുക്കെടുപ്പില്‍ പന്തളം കൊട്ടാരത്തിലെ രണ്ടു കുട്ടികളായിരുന്നു മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള കുറിയെടുത്തത്. രണ്ടു വെള്ളിക്കുടങ്ങളില്‍ പേരുകള്‍ ഉള്‍പ്പെട്ട കുറി ഇട്ട ശേഷം അതില്‍ നിന്നും നറുക്കെടുക്കുകയായിരുന്നു. തുലാമാസപൂജയ്ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്.
Photo Courtesy : Google/ images are subject to copyright