മരുഭൂമിയിൽ പറന്നുയർന്ന ഫീനിക്‌സ്

മരുഭൂമിയിൽ പറന്നുയർന്ന ഫീനിക്‌സ്

c.k.menonസി.കെ.മേനോൻ എന്ന് സ്‌നേഹാദരങ്ങളോടെ വിളിക്കപ്പെടുന്ന ശ്രീ.ചെറിൽ കൃഷ്ണമേനോൻ; ജീവിതത്തിലെ എല്ലാ വൈരുദ്ധ്യങ്ങളേയും തരണം ചെയ്ത് മിഡിൽ  ഈസ്റ്റിൽ സ്വന്തമായൊരു ബിസിനസ്സ് ലോകം പണിതുയർത്തിയ ഒരു ഇതിഹാസമാണ്.  കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം കുടികൊള്ളുന്ന തൃശ്ശിവപേരൂർ എന്ന തൃശ്ശൂരിൽ ജനിച്ച ഇദ്ദേഹം തിരഞ്ഞെടുത്തതും സഞ്ചരിച്ചതും സാധാരണക്കാർ തിരഞ്ഞെടുക്കാൻ മടിക്കുന്ന വഴികളായിരുന്നു.  തന്റെ നേട്ടങ്ങളെയെല്ലാം, തികഞ്ഞ ആത്മീയതയോടും, താഴ്മയോടും ഇദ്ദേഹം ഈശ്വരന് സമർപ്പിക്കുന്നു.  അവിശ്രാന്ത പരിശ്രമവും, സത്യസന്ധതയും ആത്മസമർപ്പണവുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

ഖത്തർ ആസ്ഥാനമായ അദ്ദേഹത്തിന്റെ സ്ഥാപനം ബെഹ്‌സാദ് കോർപ്പറേഷൻ സൗദി അറേബ്യ, സുഡാൻ, ബ്രിട്ടൻ, യു.എ.ഇ, കുവൈറ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം ചുവടുറപ്പിച്ച് ഒരു ആഗോള സ്ഥാപനമായ് വളർന്നിരിക്കുന്നു.  ഈ രാജ്യങ്ങളിലെല്ലാമായ് വാണിജ്യം, വ്യവസായം, നിർമ്മാണം, വിദ്യഭ്യാസം, ഭക്ഷണം, പ്രകൃതി വിഭവങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ബെഹ്‌സാദ് കോർപ്പറേഷൻ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുന്നു.

ഒരു വ്യവസായ സംരംഭകൻ എന്നതിനേക്കാൾ അദ്ദേഹത്തെ വ്യത്യസ്തനാ ക്കുന്നത് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയാണ്.  ജാതിമതഭേദങ്ങൾക്ക് അതീതമായ അദ്ദേഹത്തിന്റെ നിസ്തുലമായ സേവനങ്ങളാണ് അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കുന്നത്.  അന്താരാഷ്ട്രതലത്തിൽ മതസൗഹാർദ്ദം, മാനവികത എന്നിവയുടെ ലക്ഷ്യം വച്ച് പ്രവർത്തിച്ച് ഖത്തർ ഗവൺമെന്റ് DICD- ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.   ഇസ്ലാംമത വിശ്വാസികൾക്കായ് സി.കെ.മേനോൻ ഒരു മസ്ജിദ് സ്വന്തം ചിലവിൽ നിർമ്മിച്ചു നൽകിയത് പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്; ഒരു പക്ഷേ കൊടുങ്ങല്ലൂർ ഭരണാധികാരിയായിരുന്ന ചേരമാൻ പെരുമാളിനു ശേഷം ഇതാദ്യമായിരിക്കും മുസ്ലീം സമുദായത്തിനു ഇതര മതസ്ഥനായ ഒരാൾ ഇത്തരമൊരു സന്മനസ്സ് കാട്ടിയത്.  അദ്ദേഹത്തിലെ മനുഷ്യ സ്‌നേഹിയെ തിരിച്ചറിഞ്ഞുകൊണ്ട് ഭാരതസർക്കാർ പ്രവാസി ഭാരതീയ സമ്മാനും സർവ്വോപരി പദ്മശ്രീയും നൽകി ആദരിച്ചു.

ശ്രീ.സി.കെ.മേനോനുമായി യുണീക്ക് ടൈംസിന്റെ മാനേജിംഗ് എഡിറ്റർ അജിത് രവി നടത്തിയ സംഭാഷണത്തിലേക്ക്…..

ബെഹ്‌സാദ് കോർപ്പറേഷന്റെ തുടക്കം

ബെഹ്‌സാദിന്റെ തുടക്കത്തെക്കുറിച്ച് പറയുമ്പോൾ, എന്റെ കുട്ടിക്കാലത്ത് നിന്നും പറഞ്ഞു തുടങ്ങേണ്ടതായ് വരും. തൃശ്ശൂരിലെ ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്.  എന്റെ അച്ഛൻ ശ്രീ.നാരായണൻ നായർ, അദ്ദേഹത്തിന് തൃശ്ശൂരിൽ സർവ്വീസ് നടത്തിയിരുന്ന കുറച്ച് ബസ്സുകൾ ഉണ്ടായിരുന്നു. എന്റെ പതിനാറാമത്തെ വയസ്സിലാണ് അച്ഛൻ മരിച്ചത്.  അച്ഛന്റെ ബിസിനസ്സിന്റെ വലിയൊരു ഉത്തരവാദിത്വം ആ പ്രായത്തിൽ എന്റെ തോളിൽ വന്നു; ഒപ്പം എന്റെ പഠനവും.  പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിനു ശേഷം ഞാൻ ബി.എയ്ക്ക് ചേർന്നു.    ബിസിനസ്സും നല്ല രീതിയിൽ മുന്നോട്ടു പോയിരുന്നു. എന്നാൽ പിന്നീട് വിവിധ തൊഴിലാളി യൂണിയനുകൾ ഓരോരോ പ്രശ്‌നങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി.  എൽ.എൽ.ബി. ബിരുദം നേടിയശേഷം ഞാൻ ബസ്സുകളുടെ ഉടമസ്ഥാവകാശം ഞങ്ങളുടെ ജീവനക്കാർക്ക് തന്നെ നൽകി.  പിന്നെ നിയമ രംഗത്ത് തന്നെ ഒന്ന് കാലുറപ്പിക്കാനായ് എന്റെ ശ്രമം.  തുടക്കക്കാരനായതുകൊണ്ട് കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല.  ആ സമയത്താണ് ഖത്തറിലേക്ക് പോവാൻ എനിക്കൊരവസരം ലഭിച്ചത്.  അങ്ങിനെ ആദ്യമായ് ഇന്ത്യയിൽ നിന്നും ഭൂമിയുടെ മറ്റൊരു കോണിലേക്ക്, ഖത്തറിലേക്ക് ഞാൻ വന്നു;  കൂടെ എന്റെ സ്വപ്നങ്ങളും.  ഒരു പാക്കിസ്ഥാനി കമ്പനിയിൽ സൂപ്പർവൈസറായിട്ടായിരുന്നു തുടക്കം.  പിന്നെ അവിടെത്തന്നെ അക്കൗണ്ട്‌സ് മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു.  ഇന്ത്യയിൽ നിന്നുളള നിയമ ബിരുദത്തിന് കടലാസിന്റെ വിലയേ ഖത്തറിൽ ഉണ്ടായിരു ന്നുള്ളൂ.  ഇവിടെ ഈജിപ്തിൽ നിന്നുളള ‘അറബിക്ക് ലോ’ ഡിഗ്രിയാണ് വേണ്ടിയിരുന്നത്.  പിന്നീട് ഒരു ഇഴഞ്ഞു നീങ്ങിയിരുന്ന ട്രാൻസ്‌പോർട്ട് കമ്പനിയിൽ എനിക്ക് ജോലി കിട്ടി.  അവിടെ ധാരാളം ബസ്സുകളും, ട്രക്കുകളും ഉണ്ടായിരുന്നെങ്കിലും പകുതിയിലധികവും എന്തെങ്കിലും തകരാറുള്ളവയാ യിരുന്നു.  എല്ലാ വാഹനങ്ങളും എങ്ങിനെയെങ്കിലും നിരത്തിലോടിക്കണ മെന്നുളള ചിന്ത മാത്രമായിരുന്നു എല്ലാവർക്കും.  ഈ സമയത്ത് എന്റെ പ്രായോഗിക ബുദ്ധിയിൽ ഒരു ആശയം വന്നു.  അതായത് വെറുതെ കിടന്നിരുന്ന 50 വാഹനങ്ങളിൽ നിന്നും പ്രവർത്തനനിരതമായ ഭാഗങ്ങൾ എടുത്ത് മറ്റു വാഹനങ്ങളിൽ ഘടിപ്പിക്കുക.  തന്മൂലം യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ ബാക്കി 200 വാഹനങ്ങൾക്ക് നിരത്തിലോടാൻ സാധിക്കും.   അങ്ങിനെ ഒന്നു പച്ച പിടിക്കാൻ തുടങ്ങിയതിനുശേഷം ബിസിനസ്സ് ഒന്നു വിപുലമാക്കുവാനായിരുന്നു എന്റെ ശ്രമം.  എന്നാൽ ചില ആഭ്യന്തര പ്രശ്‌നങ്ങളാൽ അകാരണമായ് എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു.  സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന ഗീതാവാക്യം അന്വർത്ഥമാക്കുന്നതുപോലെ ഈശ്വരൻ എനിക്ക് മറ്റൊരു മാർഗ്ഗം തന്നു തുണച്ചു.  മറ്റൊരു മുങ്ങിത്താഴാറായ കമ്പനിയുടെ  ഉടമസ്ഥൻ തന്റെ കമ്പനി വിൽക്കുവാൻ തീരുമാനിച്ചു.  ആ സ്ഥാപനം വാങ്ങുവാനുളള മൂലധനം ഒരുമിച്ച് എന്റെ കയ്യിലില്ലായിരുന്നു.  എന്നാലും ആ നല്ല മനുഷ്യൻ തവണകളായ് പണം നൽകിയാൽ മതി എന്ന ഉദാരവ്യവസ്ഥ എനിക്ക് മുമ്പിൽ വച്ചു.  10 മാസം കൊണ്ടാണ് ഞാൻ മുഴുവൻ തുകയും അദ്ദേഹത്തിന് നൽകിയത്.  അതായിരുന്നു തുടക്കം; ബെഹ്‌സാദ് കോർപ്പറേഷൻ.

താങ്കളാണല്ലോ ബെഹ്‌സാദ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും.  താങ്കളുടെ മറ്റു അനുബന്ധ സ്ഥാപനങ്ങളെക്കുറിച്ചും അവ ഏതെല്ലാം രാജ്യങ്ങളിലാണ് നടത്തിവരുന്നതെന്നും വിവരിക്കാമോ?

തീർച്ചയായും;  ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ,  ബെഹ്‌സാദ് കോർപ്പ റേഷൻ കടബാദ്ധ്യതകൾ അശ്ശേഷം ഇല്ലാത്ത, അല്ലെങ്കിൽ ഒരു ‘സീറോ ഡെബ്റ്റ്’ കമ്പനിയാണ്.  ട്രാൻസ്‌പ്പോർട്ടേഷനും, ട്രേയ്ഡിംഗും ഉൾപ്പെടെ വിവിധ മേഖലകളിൽ ഞങ്ങളുടെ സ്ഥാപനങ്ങളുണ്ട്.  ട്രാൻസ്‌പോർട്ടേഷനിൽ ബൻകറിങ്ങും, ലോജിസ്റ്റിക്‌സും ഉൾപ്പെടുന്നു.  ഞങ്ങളുടെ മുഖഛായ എന്നു പറയാവുന്ന ‘അലി ബിൻ നാസെർ അൽ മിസ്‌നാദ് ട്രാൻസ്‌പോർട്ട് & ട്രേഡിംഗ്’, ഖത്തറിൽ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്ന പ്രധാന കമ്പനി കളിൽ ഒന്നാണ്.

ഖത്തറിലെ രണ്ട് പ്രധാന കേന്ദ്രങ്ങളിൽ ‘ഭാവൻസ് സ്‌കൂൾ’ എന്ന പേരിൽ ഞങ്ങൾക്ക് സ്‌കൂളുകൾ ഉണ്ട്.  ഞങ്ങളുടെ ബേക്കറി മാനുഫാക്ച്ചറിംഗ് യൂണിറ്റ് ആ മേഖലയിൽ ഖത്തറിൽ മുൻനിരയിലാണ്.  സുഡാനിൽ ഞങ്ങൾക്ക് ഒരു വലിയ ഉരുക്ക് നിർമ്മാണ പ്ലാന്റും, ഇന്ത്യയിൽ ലോഹം പൂശുന്ന ഒരു ഹോട്ട് ഡിപ്പ് ഗാൽവനൈസിംഗ് പ്ലാന്റും ഉണ്ട്.  ഇത് ദക്ഷിണേ ന്ത്യയിലെ വലിയ ഫാക്ടറികളിൽ ഒന്നാണ്.

താങ്കളുടെ വ്യത്യസ്ത സംരംഭങ്ങളിൽ ഒന്ന് പബ്ലിക്ക് സ്‌കൂളാണ്.  ഖത്തറിൽ ഒരു സ്‌കൂൾ ആരംഭിക്കുവാനുളള പ്രചോദനം എന്തായിരുന്നു?

വിദ്യ ഒരു ധനമാണെന്നും സർവ്വ ധനത്തേക്കാളും പ്രധാനമാണെന്നും നമ്മുടെ പൂർവ്വികർ നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ.  അതുകൊണ്ട് എത്ര വിദ്യാലയങ്ങളും, കലാലയങ്ങളും ഉണ്ടായാലും അത് അധികമാവില്ല.  പക്ഷേ വിദ്യാഭ്യാസത്തിന്റെയും, സ്ഥാപനങ്ങളുടെയും നിലവാരം മുഖ്യവിഷയവുമാണ്.  പ്രവാസി ഭാരതീയരുടെ കുട്ടികൾക്ക് മികച്ച നിലവാരത്തിൽ വിജ്ഞാനം പകർന്നു നൽകുവാൻ ഭാവൻസ് പബ്ലിക് സ്‌കൂളിന് കഴിയുന്നുണ്ട്.

ജീവിതത്തിൽ ഒരു വഴിത്തിരിവ് എന്നു പറയാവുന്നത്…

തീർച്ചയായും പാക്കിസ്ഥാനി കമ്പനിക്ക് ശേഷം എനിക്ക് ജോലി ലഭിച്ച ട്രാൻസ്‌പോർട്ടേഷൻ കമ്പനി. പിന്നീട് എനിക്ക് ജോലി നഷ്ടപ്പെട്ടെങ്കിലും ആ കമ്പനിയെ ഉയർത്തി ക്കൊണ്ടുവരുവാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച നല്ല ഒരു പാഠമായിരുന്നു.  അതിൽ നിന്നും ഉൾക്കൊണ്ടാണ് ഞാൻ വിജയത്തിലേക്ക് നടന്നു നീങ്ങിയത്.

കമ്പനിയെക്കുറിച്ചുളള ദീർഘവീക്ഷണം എന്താണ് ?

പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണെന്റെ ലക്ഷ്യം.  ഇപ്പോൾ വ്യത്യസ്ത രാജ്യക്കാരായ പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമൊക്കെയുളള നാലായിരത്തിലധികം ജീവനക്കാർ എന്റെ സ്ഥാപനത്തിലുണ്ട്.

കണ്ണൂരിൽ താങ്കൾ ഒരു മസ്ജിദ് പണിയുകയുണ്ടായി.  എന്തായിരുന്നു അതിന് പ്രേരണ?

ഇത് കണ്ണൂർ ജില്ലയിൽ മൊകേരിയിലെ തച്ചോളി എന്ന ഗ്രാമത്തിലാണ്.  അവിടെയുണ്ടായിരുന്ന മസ്ജിദിൽ സ്ഥല ദൗർലഭ്യത ഉണ്ടായിരുന്നു.  ഇക്കാര്യം പറഞ്ഞ് അവർ എന്നെ സമീപിച്ചപ്പോൾ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായ് വന്നില്ല.  അതിന് ഈശ്വരനും എന്റെ മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞു;  നിരവധി പ്രശംസകളും, അംഗീകാരങ്ങളും എനിക്ക് ലഭിച്ചു.  ഖത്തർ ഗവൺമെന്റ് പ്രശസ്തമായ ‘ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർ – ഫെയ്ത്ത് ഡയലോഗ് (DICID) ഒരു സ്‌പെഷ്യൽ അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകി എന്നെ ആദരിച്ചു.  ഈ ബഹുമതി ലഭിക്കുന്ന ഖത്തറിലെ ആദ്യത്തെ ഏഷ്യൻ നിവാസിയായിരുന്നു ഞാൻ.  കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഒരു സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (IUML) ന്റെ നേതാവ് പാണാക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളാണ് മസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചത്.

കേരളം ബിസിനസ്സിന് യോജിച്ച സ്ഥലമല്ലെന്ന് കരുതുന്നുണ്ടോ?

കേരളം വികസനത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങൾ അതായത് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, തൊഴിലാളി പ്രശ്‌നങ്ങൾ, അതുമൂലമുണ്ടാകുന്ന കാലതാമസം ഇവയൊക്കെ കേരളത്തിന് തിരിച്ചടികളാണ്.  പക്ഷേ ഈ വെല്ലുവിളികളെയൊക്കെ തരണം ചെയ്ത് അവയെ അവസരങ്ങളാക്കി മാറ്റുവാൻ നിരവധി ആളുകൾക്ക് കഴിഞ്ഞിട്ടുണ്ട്.  അതിന് ഉത്തമ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

വ്യവസായ മേഖലയിലെ പുത്തൻ തലമുറയോട് താങ്കൾക്ക് പറയുവാനുളളത്….

അനിവാര്യമായ നാല് ഗുണങ്ങൾ; സത്യസന്ധത, ആത്മസമർപ്പണം, വിശ്വസ്തത, കഠിനാദ്ധ്വാനം.  ഇവയെ ചേർത്ത് പിടിച്ച് ഒരു ലക്ഷ്യത്തിലേക്ക് മുന്നേറുക;  വിജയം സുനിശ്ചിതം.

കുടുംബത്തെക്കുറിച്ച്…..

എന്റെ യാത്രയിൽ എന്നും തുണയായിരുന്നു എന്റെ ഭാര്യ ജയശ്രീ കൃഷ്ണമേനോൻ.  ഈശ്വരാനുഗ്രഹത്താൽ എനിക്ക് രണ്ട് പെൺമക്കളും, ഒരു മകനുമുണ്ട്.  മൂത്തയാൾ അൻജന ആനന്ദ്.  ഭർത്താവ് ഡോ. ആനന്ദിനൊപ്പം ദോഹയിൽ താമസിക്കുന്നു.  രണ്ടാമത്തെയാൾ ശ്രീരഞ്ജിനി റിതേഷ്.  ഭർത്താവ് ഡോ.റിതേഷുമൊത്ത് യു.കെ.യിൽ താമസിക്കുന്നു.  പിന്നെ മകൻ ജെ.കെ.മേനോൻ BE പൂർത്തിയാക്കി, ഇപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിന്റെ വൈസ് ചെയർമാനാണ്.

ഈ അഭിമുഖ സംഭാഷണം സമാപിച്ചപ്പോൾ എല്ലാവർക്കും നന്ദി പറയുവാനായ് അദ്ദേഹം എഴുന്നേറ്റു.  തിരക്കേറിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെറിയ ഒരു സന്ദർശനമായിരുന്നു കൊച്ചിയിലേത്.  സമൂഹത്തോട് പ്രതിജ്ഞാ ബദ്ധനായ അദ്ദേഹം നിരവധി ചുമതലകൾ വഹിക്കുന്നുണ്ട്.  നോർക്ക റൂട്ട്‌സിന്റെ വൈസ് ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.  ഇൻകെൽ, ജയ്ഹിന്ദ് ടെലിവിഷന്റെ ഡയറക്ടർ ബോർ ഡിൽ അംഗമാണ് അദ്ദേഹം.  IDF ന്റെ ബോർഡ് ഓഫ് ട്രസ്റ്റിലെയും മെമ്പറാണ്.  അദ്ദേഹം നിർവ്വഹിക്കുന്ന ചുമതലകളിൽ ചിലതു മാത്രമാണിവ.  കൂടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി വിഭാഗമായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ ഗ്ലോബൽ പ്രസിഡന്റുമാണ് ശ്രീ.സി.കെ.മേനോൻ.  അദ്ദേഹത്തെക്കുറിച്ച് എഴുതുവാൻ അവസരം ലഭിച്ചത് യുണീക്ക് ടൈംസ് അഭിമാനമായ് കരുതുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.