ഫ്രാഞ്ചയ്‌സിംഗ് കമ്പനിയിൽ ഒരു ഫ്രാഞ്ചയ്‌സ് മാനേജറുടെ പ്രാധാന്യം

ഫ്രാഞ്ചയ്‌സിംഗ് കമ്പനിയിൽ ഒരു ഫ്രാഞ്ചയ്‌സ് മാനേജറുടെ പ്രാധാന്യം

businessഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചയ്‌സിംഗ് ഡിപ്പാർട്ട്‌മെന്റിനെ ആസൂത്രണ ത്തോടും, തന്മയത്വത്തോടും മുന്നോട്ട് നയിക്കുന്നവരാണ് ഫ്രാഞ്ചയ്‌സ് മാനേജർ.  സ്ഥാപനത്തിന്റെ ബിസിനസ്സ് നയങ്ങൾ, വിപണന നയങ്ങൾ, ഉല്പന്നങ്ങൾ ഇവയെക്കുറിച്ചുള്ള തീരുമാനങ്ങൾ കൃത്യമായും, ശരിയായും ഫ്രാഞ്ചയ് സികൾക്ക് എല്ലാ സഹായങ്ങളും നൽകി കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്ന അമരക്കാരനാണ് മാനേജർ.   ലൈസൻസ് പ്രാബല്യത്തിൽ ആക്കുന്നതും സമയാ സമയം പുതുക്കുന്നതും ഫ്രാഞ്ചയ്‌സ് മാനേജറുടെ ഉത്തരവാദിത്തമാണ്.  ഫ്രാഞ്ച യ്‌സികളുടെ സഹകരണവും കമ്പനിയുമായ് തയ്യാറാക്കിയിരിക്കുന്ന കരാറുകൾ,  കമ്പനിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായ് നിർവ്വഹിക്കപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടത് മാനേജറുടെ കടമയാണ്.

ഫ്രാഞ്ചയ്‌സ് മാനേജർ കമ്പനിയുടെ മുഖഛായ ആയിരിക്കുന്നതുപോലെ തന്നെ, തന്റെ അദ്ധ്വാനഫലം മുഴുവൻ ഫ്രാഞ്ചയ്‌സിക്കുവേണ്ടി നിക്ഷേപിച്ച് ഒരു പുതിയ വ്യവസായ സംരംഭകനാകാൻ ആഗ്രഹിക്കുന്ന നിക്ഷേപകന്റെ ഭാഗത്തു നിന്നു കൂടി ചിന്തിക്കുന്ന വ്യക്തിയായിരിക്കണം.  നിക്ഷേപകന് ശരിയായ ഫ്രാഞ്ചയ്‌സി തിരഞ്ഞെടുക്കുവാനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കേണ്ട വലിയ ഉത്തരവാദിത്വം മാനേജർക്കുണ്ട്.  തന്റെ ‘ടാർജറ്റ്’ പൂർത്തിയാക്കുന്ന തിനുവേണ്ടി ഏതു വിധേനയും നിക്ഷേപകനെ വലയിലാക്കുന്ന നയം ഫ്രാഞ്ചയ്‌സ് മാനേജർ ഒരിക്കലും അവലംബിക്കരുത്.  അതുപോലെ കമ്പനിയുടെ ബ്രാൻഡിന് ശരിയായ നിക്ഷേപകനെ കണ്ടെത്തി നൽകേണ്ടതും ഇദ്ദേഹം തന്നെയാണ്. ഒരു നിക്ഷേപകന്റെ മന:ശാസ്ത്രവും, ക്ഷമതയും, ആഗ്രഹവും മനസ്സിലാക്കി നിക്ഷേപകനെ ഒരു വ്യവസായ സംരംഭകനാക്കി മാറ്റുവാൻ കഴിവുള്ള വ്യക്തിയാവണം ഒരു ഫ്രാഞ്ചയ്‌സ് മാനേജർ.

ഇന്ന്, തന്റെ ജീവിതപങ്കാളിക്ക് വേണ്ടിയോ അല്ലെങ്കിൽ സഹോദരനോ സഹോ ദരിക്കോ വേണ്ടിയോ ഒരു ബിസിനസ്സ് സംരംഭം തുടങ്ങുന്നതിന് പണം നിക്ഷേപിക്കുവാൻ താല്പര്യം ഉള്ളവർ അനേകമുണ്ട്.  ഫ്രാഞ്ചയ്‌സിംഗ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന ഈ വ്യക്തി ബിസിനസ്സിനെ കുറിച്ച് നല്ല അവബോധമുള്ള വ്യക്തിയായിരിക്കാം.  മാത്രമല്ല അദ്ദേഹം തനിക്ക് വേണ്ടപ്പെട്ട വർക്ക് പുതിയ ഒരു ജോലി ലഭിക്കണമെന്ന ആഗ്രഹമുള്ളയാളായിരിക്കാം.  പക്ഷേ അദ്ദേഹത്തിന്റെ അറിവും നല്ല ഉദ്യമങ്ങളും മാത്രം കണക്കിലെടുക്കുകയും എന്നാൽ ബിസിനസ്സ് നടത്തിക്കൊണ്ടുപോകേണ്ട വ്യക്തിയുടെ അറിവും മറ്റും കണക്കിലെടുക്കാതിരിക്കുകയും ചെയ്താൽ  അത് ഫ്രാഞ്ചയ്‌സിംഗ് മാനേജരുടെ വലിയ ഒരു പിഴവായിരിക്കും.

ഇങ്ങനെ പല നിക്ഷേപകരും ബിസിനസ്സ് വേണ്ട രീതിയിൽ നടത്തിക്കൊണ്ടു പോകാതെ പരാജയപ്പെടുന്ന കാഴ്ച നാം കാണാറുണ്ട്.  ഇത് നിക്ഷേപകനെ മാത്രമല്ല ബ്രാൻഡിനെയും ദോഷകരമായ് ബാധിക്കും.  അതിനാൽ ഒരു ഫ്രാഞ്ച യ്‌സി തുടങ്ങുന്നതിനു മുമ്പ് നിക്ഷേപകനെ ശരിയായ നടപടികളിലൂടെ സൂക്ഷ്മ പിശോധനയ്ക്ക് വിധേയനാക്കുന്നതായിരിക്കും പിന്നീട് ബ്രാൻഡിനും നിക്ഷേ പകനും ഒരുപോലെ നല്ലത് എന്നാണ് എന്റെ അഭിപ്രായം.  ഒരു പുരുഷനോ, സ്ത്രീക്കോ ശരിയായ ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹ ബന്ധ ത്തിലെത്തിക്കുന്ന ഒരു വ്യക്തിയെപ്പോലെയാണ് ഫ്രാഞ്ചയ്‌സ് മാനേജർ.  വിവാഹത്തിനു മുമ്പ് ഇരു കൂട്ടരുടെയും വസ്തുതകൾ തുറന്ന് പറയുകയും വെളിപ്പെടുത്തുകയും ചെയ്യുന്നതുപോലെ ഫ്രാഞ്ചയ്‌സ് മാനേജർ കമ്പനിയോടും, നിക്ഷേപകനോടും ഒരുപോലെ വിശ്വസ്തത പുലർത്തണം.  ഇങ്ങനെ നിക്ഷേ പകനും, കമ്പനിക്കും അവർ ആഗ്രഹിക്കുന്ന വിജയം നൽകുവാൻ ഫ്രാഞ്ച യ്‌സിംഗ് മാനേജർക്ക് കഴിയണം.

ഫ്രാഞ്ചയ്‌സിംഗ് മാനേജർ ഒരു നിക്ഷേപകന്റെ മുന്നിൽ എന്തെങ്കിലും ഒളിച്ചു വയ്ക്കുകയോ തന്റെ വാക്ചാതുര്യത്താൽ നിക്ഷേപകനെ ആകാശക്കോട്ട മെനയാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്.  നല്ലതും മോശവും ഉൾപ്പെടെ എല്ലാ വശങ്ങളെയും നിക്ഷേപകന് വ്യക്തമാക്കികൊടുത്ത് ശരിയായ ഒരു തീരുമാനം കൈക്കൊള്ളുവാൻ നിക്ഷേപകനെ സഹായിക്കണം.  ഒരിക്കൽ ഒരു ഫ്രാഞ്ചയ്‌സി തുടങ്ങുന്നതിനായ് നിക്ഷേപകൻ തീരുമാനിച്ചാൽ, തനിക്ക് ഫ്രാഞ്ചയ്‌സിൽ നിന്നും ലഭിക്കുന്ന അല്ലെങ്കിൽ ലഭിക്കേണ്ട സഹായങ്ങളെക്കുറിച്ച് ഫ്രാഞ്ചയ്‌സി മാനേജർ എന്താണോ പറഞ്ഞു തന്നിട്ടുള്ളത് അതനുസരിച്ചായിരിക്കും നിക്ഷേപകൻ പ്രതീക്ഷിക്കുക.  അതിനാൽ ഒരു ഫ്രാഞ്ചയ്‌സ് മാനേജർക്കായിരിക്കും ഒരു നിക്ഷേപകന് ശരിയായ മാർഗ്ഗനിർദ്ദേശം നൽകുവാൻ കഴിയുക.

ഒരു നല്ല ഫ്രാഞ്ചയ്‌സ് മാനേജറുടെ കഴിവുകളെക്കുറിച്ച് പറയുമ്പോൾ അയാൾ ആദ്യം സ്വയം ഒരു നിക്ഷേപകനായ് കാണുന്ന വ്യക്തിയായിരിക്കണം.  താൻ ഫ്രാഞ്ചയ്‌സറിൽ നിന്നും എന്തായിരിക്കും പ്രതീക്ഷിക്കുക?  അവർ നൽകുന്ന വാഗ്ദാനങ്ങൾ നല്ലതാണോ?  നല്ലതെങ്കിൽ താൻ അത് സ്വീകരിച്ച് ഫ്രാഞ്ചയ്‌സി തുടങ്ങുമോ?  ഇങ്ങനെ സ്വയം ഒരു നിക്ഷേപകന്റെ സ്ഥാനത്തു നിന്നും ചിന്തിക്കുന്ന ഒരു ഫ്രാഞ്ചയ്‌സ് മാനേജർക്ക് കരാറിൽ ഏർപ്പെടുന്നതിനു മുമ്പ് നിക്ഷേപകന്റെ ക്ഷമതയും സാമ്പത്തിക സ്ഥിതിയും മനസ്സിലാക്കി ശരിയായ ഒരു നിക്ഷേപകനെ കണ്ടെത്തുവാൻ സാധിക്കും.

നിക്ഷേപകന് കരാറിൽ എഴുതിയിരിക്കുന്ന വാഗ്ദാനങ്ങൾ കമ്പനിക്ക് നൽകുവാൻ കഴിയും എന്ന് ഫ്രാഞ്ചയ്‌സ് മാനേജർക്ക് ഉറപ്പുണ്ടെങ്കിൽ കൂടുതൽ ആത്മവിശ്വാ സത്തോടെ നിക്ഷേപകന് പ്രചോദനം നൽകുവാൻ അയാൾക്ക് കഴിയും.  നിക്ഷേപകനോട് സ്വയം താദാത്മ്യം പുലർത്തുക, നല്ല ആശയവിനിമയം, ബിസിനസ്സിലെ സൂക്ഷ്മബുദ്ധി, സംഘടനാപാടവം, പദ്ധതികളുടെ ആസൂത്രണം, നേതൃത്വപാടവം, പ്രവർത്തന പാടവം, വിപണനം, പരിശീലനം, വ്യാപാരം, PR സ്‌കിൽസ് ഇവ ഒരു കഴിവുറ്റ ഫ്രാഞ്ചയ്‌സ് മാനേജർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.  മാത്രമല്ല ഫ്രാഞ്ചയ്‌സിയുമായി നല്ല ഒരു ബന്ധം സ്ഥാപിക്കേ ണ്ടതും, തുടരേണ്ടതും ആവശ്യമാണ്.  പല സ്ഥാപനങ്ങളും ഫ്രാഞ്ചയ്‌സി ആരംഭിച്ചതിനുശേഷം ഫ്രാഞ്ചയ്‌സ് മാനേജറെ മാറ്റി ആ ജോലി ഫ്രാഞ്ചയ്‌സി യുമായ് തുടക്കത്തിൽ ബന്ധമില്ലാതിരുന്നവരെ ഏൽപ്പിക്കുന്ന പ്രവണത കാണിക്കുന്നുണ്ട്.  അതുപോലെ കരാറിനുശേഷം ഫ്രാഞ്ചയ്‌സിയിൽ നിന്നും ഉള്ള ഫോൺകോളുകൾക്ക് കാതു കൊടുക്കാത്ത മാനേജർമാരും ഉണ്ട്.  ഇത് പിന്നീട് ഇരുവിഭാഗത്തിനും പ്രശ്‌നങ്ങൾ ഉണ്ടാക്കും.

ഫ്രാഞ്ചയ്‌സറിനും ഫ്രാഞ്ചയ്‌സിക്കും ഇടയിലുള്ള ഒരു പാലമാണ് ഫ്രാഞ്ചയ്‌സ് മാനേജർ.  ഇരുകൂട്ടരുടെയും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സമന്വയിപ്പിച്ച് ഇരുകൂട്ടർക്കും പ്രയോജനവും ലാഭവും നൽകുവാൻ ഫ്രാഞ്ചയ്‌സ് മാനേജർക്ക് കഴിയും.  മാനേജർ ഫ്രാഞ്ചയ്‌സിയെ ഒരു ഉപഭോക്താവായ് കണ്ട് പ്രവർത്തി ക്കുകയാണെങ്കിൽ ഫ്രാഞ്ചയ്‌സിക്കും ഫ്രാഞ്ചയ്‌സർക്കും ഇടയിലുള്ള ബന്ധം ഉറച്ചതാകും.

കമ്പനിയുടെ വ്യാപാരനയങ്ങളെ കൃത്യമായ് വിശദമാക്കി ഫ്രാഞ്ചയ്‌സിയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തുന്നവനാണ് ഒരു ഫ്രാഞ്ചയ്‌സ് മാനേജർ.  ഒരു നിക്ഷേപകന്റെ പ്രയത്‌നവും, വേദനകളും മനസ്സിലാക്കി ഫ്രാഞ്ചയ്‌സറിൽ നിന്നും സംരംഭം തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ഫ്രാഞ്ച യ്‌സിക്ക് ലഭിക്കുന്നുവെന്ന് മാനേജർ ഉറപ്പു വരുത്തണം.  ഫ്രാഞ്ചയ്‌സറുടെയും, ഫ്രാഞ്ചയ്‌സിയുടെയും വളർച്ചയും വിജയവും പരസ്പര പൂരകങ്ങളാണ്.  ഇവരുടെ വിജയം എന്നത് ഫ്രാഞ്ചയ്‌സ് മാനേജരുടെയും വിജയമാണ്.

ഫ്രാഞ്ചയ്‌സിക്ക് ഉണ്ടാവുന്ന ലാഭത്തിന്റെയും, നഷ്ടത്തിന്റെയും വിവരങ്ങൾ രേഖ പ്പെടുത്തി മാർക്കറ്റിംഗ് ടീമുമായി ആലോചിച്ച് പരിഹാര നടപടികൾ എടുക്കേ ണ്ടതും ഫ്രാഞ്ചയ്‌സിംഗ് മാനേജരാണ്.   ഫ്രാഞ്ചയ്‌സിക്കും, ജീവനക്കാർക്കും ആവശ്യമായ പരിശീലനം എന്തെന്ന് മനസ്സിലാക്കി അത് നൽകേണ്ടതും ഇദ്ദേഹ ത്തിന്റെ ചുമതലയാണ്.  കരാർ സ്ഥാപിക്കുന്ന സമയത്തു തന്നെ ഫ്രാഞ്ച യ്‌സിയുടെ പശ്ചാത്തലവും, ക്ഷമതയും, സാമ്പത്തിക സ്ഥിതിയും, പദ്ധതികളും, മനുഷ്യവിഭവശേഷിയും ഇദ്ദേഹം മനസ്സിലാക്കിയിട്ടുളളതിനാൽ വിദഗ്ധ പരിശീ ലനം നൽകി ഫ്രാഞ്ചയ്‌സിയെ ഒരു നല്ല വ്യവസായ സംരംഭമാക്കി മാറ്റുവാൻ മാനേജർക്ക് കഴിയണം.

കൂടാതെ ഫ്രാഞ്ചയ്‌സിയും, ഫ്രാഞ്ചയ്‌സറും തമ്മിലുള്ള പണമിടപാടുകൾ ശരിയായ വിധത്തിൽ സമയബന്ധിതമായ് നടത്തേണ്ടതും ഇദ്ദേഹമാണ്.  താൻ പ്രവർത്തിക്കുന്ന സ്ഥാപനത്തോടും വിശ്വസ്ത പുലർത്തേണ്ട വ്യക്തിയാണ് മാനേജർ.  ഉപഭോക്താക്കളിൽ നിന്നും ഫ്രാഞ്ചയ്‌സികളിൽ നിന്നും ബ്രാൻഡി നെക്കുറിച്ച് ലഭിക്കുന്ന പ്രതികരണങ്ങൾ മാർക്കറ്റിംഗ്/ബ്രാൻഡ് മാനേജരുമായ് വിലയിരുത്തി ഉചിതമായ നടപടികളും ഇദ്ദേഹം കൈക്കൊള്ളണം.  ഇന്നത്തെ കാലത്ത് പലരും സ്വന്തം ലാഭം മാത്രം ചിന്തിക്കുന്നവരാണ് അത് ബാധിക്കുന്നത് ബ്രാൻഡിനെയും ഫ്രാഞ്ചയ്‌സിയെയുമാണ്.  അതിനാൽ ആത്മാർത്ഥയുള്ള ഒരു മാനേജർക്ക് മാത്രമേ ഒരു ബ്രാൻഡിനെ വിജയത്തിലേക്ക് നയിക്കാനാവൂ.  ഒരു സ്ഥാപനത്തിന്റെ ഉറപ്പിന് ഫ്രാഞ്ചയ്‌സ് മാനേജരുടെ സേവനം ദീർഘകാലത്തേക്ക് ആവശ്യമാണ്.  സ്ഥാപനത്തിന്റെ മാത്രമല്ല ബ്രാൻഡിന്റെ സ്ഥിരതയ്ക്കും അത് ആവശ്യമാണ്.

രചയിതാവ്

ഫ്രാഞ്ചയ്‌സിംഗ് പരിശീലകൻ എന്ന നിലയിൽ 23 വർഷത്തിലധികം പരിചയ സമ്പത്തുള്ള വ്യക്തിയാണ് ശ്രീ. ചാക്കോച്ചൻ മത്തായി.  NIIT, Aptech, SSI, CADD Centre എന്നിങ്ങനെ പ്രമുഖ ഫ്രാഞ്ചയ്‌സിംഗ് ബ്രാൻഡുകൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ ഗ്രീൻ ട്രെൻഡ്‌സ്, ലൈംലൈറ്റ് എന്നീ പ്രമുഖ രണ്ട് സലൂൺ ബ്രാൻഡുകൾ ഉള്ള കാവിൻകേർ ഗ്രൂപ്പിന്റെ ട്രെൻഡ്‌സ് ഇൻവോഗ് പ്രൈവറ്റ് ലിമിറ്റഡിൽ ‘GM ബിസിനസ്സ് ഡെവലപ്പ്‌മെന്റ്’ ആയി ജോലി ചെയ്യുന്നു.  പല ഫ്രാഞ്ചയ്‌സിംഗ് ഫോറത്തിലും സ്ഥിരമായി സംസാരിക്കുകയും എഴുതുകയും ചെയ്യാറുള്ള ഇദ്ദേഹം ഫ്രാഞ്ചയ്‌സിംഗ് മാനേജ്‌മെന്റിൽ ഇപ്പോൾ Ph.D ചെയ്തുകൊണ്ടിരിക്കുകയാണ്. Mob:9003222086, E-mail – chacko @trendsinvogue.in

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.