ചിന്തിക്കുക, പ്രവര്‍ത്തിക്കുക – സ്വതന്ത്രരാവുക

ചിന്തിക്കുക, പ്രവര്‍ത്തിക്കുക – സ്വതന്ത്രരാവുക

World-of-consulting
പ്രചോദനം എന്ന വാക്കിന്റെ നിര്‍വചനം എന്താണ്? ഒരു നിശ്ചിത രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിതമാക്കുന്ന കാരണം എന്ത് നിഘണ്ടുവില്‍ നിന്നും മനസ്സിലാക്കാം.

ഒരു നിമിഷം; നിങ്ങളുടെ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ച പ്രധാന സംഭവത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക. ജീവിതയാത്രയില്‍ നമ്മുടെ സ്വഭാവത്തെയും, അവസ്ഥയെയും രൂപീകരിക്കുന്നതില്‍ അനുകൂലമായും, പ്രതികൂലമായും സ്വാധീനിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിരിക്കാം. ഇതില്‍ നിന്നും എന്താണ് നിങ്ങളെ മികവുറ്റ ഒരു വ്യക്തിയാക്കി മാറ്റിയ, അതിന് പ്രചോദനം നല്‍കിയ സംരംഭമെന്ന് ഒന്ന് നോക്കുക. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും നമുക്ക് പ്രചോദനം നല്‍കുന്ന ഘടകങ്ങള്‍ ഉണ്ടാകും. അതുപോലെ ചില സംഭവങ്ങളും വ്യക്തികളും നമ്മുടെ പ്രവൃത്തികള്‍ക്ക് പ്രേരകങ്ങളായി ഭവിക്കാം.

ഒരു ബിസിനസ്സില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മേഖലയില്‍
പ്രവര്‍ത്തിക്കുന്നത് വളരെ ചെറിയ ഒരു കാര്യമല്ല. നാം ഏതു മേഖലയിലാണോ അത് നാം സ്വയം തിരഞ്ഞെടുത്തതായിരിക്കുമല്ലോ. പക്ഷേ കാലം കുറച്ച് കഴിയുമ്പോള്‍ ഇടയ്ക്ക് എവിടെയോ നമ്മുടെ ശ്രദ്ധയും, താത്പര്യവും കുറയുകയും നമ്മുടെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. പ്രതീക്ഷകള്‍ നമുക്ക് നഷ്ടപ്പെടുമ്പോള്‍ നാം നില്‍ക്കുന്ന ഇടത്തു തന്നെ താഴ്ന്നു പോകുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം അല്ലെങ്കില്‍ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്.

ശൈശവകാലം മുതല്‍ ഈ ജീവിതത്തോട് യാത്ര പറയുന്നത് വരെ നിരവധി പാഠങ്ങള്‍ നമുക്ക് ജീവിതത്തില്‍ പഠിക്കുവാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ് നാം ഒരിക്കലും നമ്മെ യഥാര്‍ത്ഥത്തില്‍ സ്വാധീനിച്ച സംഭവങ്ങളെയോ, വ്യക്തികളെയോ ആശ്രയിച്ച് നില്‍ക്കരുത് എന്നത്. അത്തരം ആശ്രയങ്ങള്‍ക്ക് ഒരിക്കലും നിലനില്‍പ്പ് ഉണ്ടായിരിക്കുകയില്ല.

നാം ഇന്നായിരിക്കുന്ന അവസ്ഥയിലേക്ക് നമ്മെ കൈ പിടിച്ച് നടത്തുകയോ അല്ലെങ്കില്‍ പ്രചോദനം നല്‍കുകയോ ചെയ്തിട്ടുള്ളവര്‍ നമ്മില്‍ നിന്നും വേര്‍പെട്ട് പോകുന്ന ഒരു ദിവസം വരാം. അപ്പോള്‍ നാം ഒറ്റപ്പെടുകയും ചെയ്യാം. നിങ്ങളുടെ സ്വപ്നങ്ങളുടെയും, ആഗ്രഹങ്ങളുടെയും പിന്നില്‍ നിങ്ങളുടെ താത്പര്യങ്ങള്‍ തന്നെയാണ് കാരണം എന്ന സത്യം മനസ്സിലാക്കാണം. ഒരു തുടക്കം സാധ്യമാകുവാന്‍ വിജയത്തിലേക്ക് അടുക്കുവാന്‍ ആരെങ്കിലും നിങ്ങള്‍ക്ക് പ്രേരണയായിട്ടുണ്ടെങ്കിലും നിങ്ങള്‍ ആരുടെയും ആശ്രിതനല്ലാത്ത, സ്വതന്ത്ര വ്യക്തിയാണെന്ന കാര്യം വിസ്മരിക്കരുത്.

നിങ്ങള്‍ ഒരു പുതിയ തുടക്കം കുറിക്കുമ്പോള്‍ മറ്റുള്ളവരെ അമിതമായി ആശ്രയിക്കരുത്. ഒരു പക്ഷേ നിങ്ങളുടെ ജീവിതത്തില്‍ ഓരോ ചുവടുകളിലും നിങ്ങളോടൊപ്പം ഉണ്ടാവുകയും നിങ്ങളെ നയിക്കുകയും ചെയ്ത മാതാപിതാക്കളെപ്പോലും മാറ്റി നിര്‍ത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അവര്‍ നിങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ അറിവും, വിവേകവും നിങ്ങള്‍ അവസരോചിതമായി ഉപയോഗിക്കുക. ബിസിനസ്സിലായാലും, മറ്റെന്തിലായാലും നിങ്ങള്‍ക്ക് വീഴ്ചകള്‍ ഉണ്ടാവുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അല്ലെങ്കില്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ നിങ്ങളെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ എല്ലായ്‌പ്പോഴും ആരെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കരുത്. നിങ്ങള്‍ സ്വയം നിങ്ങളുടെ ശക്തിസ്രോതസ്സായി മാറുമ്പോള്‍ ആരുടെയും ആശ്രിതന്‍ അല്ലാതായിരിക്കുന്നതിന്റെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് അനുഭവിച്ചറിയുവാന്‍ കഴിയും. നിങ്ങളുടെ മാതാപിതാക്കളും കുടുംബവും നിങ്ങളെ വഴി നടത്തിയിട്ടുണ്ടെങ്കിലും നിങ്ങളുടെ വിജയപരാജയങ്ങളുടെ ഉത്തരവാദിത്വം ആത്യന്തികമായും നിങ്ങളില്‍ തന്നെ നിക്ഷിപ്തമായിരിക്കും.

തിരഞ്ഞെടുക്കുന്ന വഴികള്‍, തീരുമാനങ്ങള്‍ ഇവയില്‍ നിങ്ങള്‍ തികച്ചും ശ്രദ്ധാലുവാകണം. വിവിധ മേഖലകളില്‍ വിജയിച്ചവരുടെ ചരിത്രം നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവര്‍ അവരുടെ ജീവിതത്തില്‍ ശരിയായ സമയത്ത് സ്വീകരിച്ച് ഉറച്ച തീരുമാനങ്ങളെ മനസ്സിലാക്കാം. അവരുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യത്തോടെയുള്ള ഉറച്ച തീരുമാനങ്ങളും അവരുടെ പ്രവര്‍ത്തികള്‍ക്ക് പിന്നിലുണ്ട്. ഒരു കാര്യം നിങ്ങള്‍ ഒരിക്കലും വിസ്മരിക്കരുത്; നിങ്ങള്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിന് മുമ്പായി ഒന്ന് ചിന്തിക്കുക.

നിങ്ങള്‍ ശ്രദ്ധയോടെ ചിന്തിക്കുകയും അതനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ഇവിടെ ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദ്ദങ്ങളോ നിങ്ങളുടെ തീരുമാനം മാറ്റുന്നതിനെ കുറിച്ച് രണ്ടാമത് ചിന്തിക്കേണ്ടതായോ വരില്ല. നിങ്ങളുടെ മനസ്സ് സ്വതന്ത്രമായിരിക്കട്ടെ. വിജയങ്ങള്‍ക്ക് സ്വയം നിദാനമാവട്ടെ. എവിടെയും എന്തിനും നിങ്ങള്‍ ഇന്നുവരെ ആശ്രയിച്ചിരുന്നവരെ ആശ്രയിക്കാതെ ചെന്നെത്തുവാന്‍ നിങ്ങള്‍ക്ക് കഴിയണം. ആശ്രിതനായി ജീവിക്കുന്നത് ഒരാളെ നശിപ്പിക്കും. അവരുടെ ആത്മവിശ്വാസത്തെയും, ധൈര്യത്തെയും തല്ലികെടുത്തുകയും ചെയ്യും.

നിങ്ങള്‍ക്ക് ആവശ്യമായത് എന്താണെന്ന് സ്വയം തിരിച്ചറിയുമ്പോഴും, എന്താണ് ശരിയെന്ന് സ്വയം മനസ്സിലാക്കുമ്പോഴും മാത്രമാണ് നിങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും കഴിയുക. മറ്റുള്ളവരില്‍ നിന്നും ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നത് ഒരാളുടെ വളര്‍ച്ചയുടെ ഭാഗമാണ്. മറ്റുള്ളവരെ കണ്ടും അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചും അതുപോലെ നമ്മുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നും നാം പഠിക്കാറുണ്ട്. ഈ പാഠങ്ങള്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നയിക്കുന്ന ശക്തിപകരുന്ന സ്ഥായീഭാവമാണെന്ന് നിങ്ങള്‍ ഓര്‍ക്കുക. ഓരോ തടസ്സങ്ങളും നിങ്ങളെ ശക്തിപ്പെടുത്തുന്നതും സ്വതന്ത്രരാക്കുന്നതും ആയി തീരണമെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം. സ്വന്തം കാലില്‍ ഉറച്ച് നിന്ന് വിജയത്തിലേക്കുള്ള പടവുകള്‍ കയറുക. നിങ്ങളുടെ ഭാവി നിങ്ങളുടെ വിരല്‍ത്തുമ്പിലാണ്. ചിന്തിക്കുക, പ്രവര്‍ത്തിക്കുക – സ്വതന്ത്രരാവുക.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.