സൗന്ദര്യം – വ്യത്യസ്ത വീക്ഷണങ്ങള്‍

സൗന്ദര്യം – വ്യത്യസ്ത വീക്ഷണങ്ങള്‍

beauty-salon
ഒരു പുതിയ സിനിമയിലെ ഗാനം ഞാന്‍ കാണുകയായിരുന്നു. ഏറ്റവും ആദ്യം എന്നെ ആകര്‍ഷിച്ചത് അതില്‍ അഭിനയിക്കുന്ന നടിയുടെ സൗന്ദര്യമായിരുന്നു. ആ നടിയുടെ സൗന്ദര്യത്തെ വര്‍ണ്ണിച്ചുകൊണ്ട് ഞാന്‍ സുഹൃത്തുക്കളുടെ അഭിപ്രായം ആരാഞ്ഞു. ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഭംഗിയില്ലാത്ത നടി എന്നായിരുന്നു മറുപടി. ഞെട്ടലോടെ വീണ്ടും ഞാന്‍ ചോദിച്ചു. പക്ഷേ മറുപടിയില്‍ മാറ്റമൊന്നും ഉണ്ടായില്ല. അവള്‍ സുന്ദരിയല്ല! എങ്കില്‍ എന്തുകൊണ്ടാണ് അവള്‍ എനിക്ക് സുന്ദരിയായി തോന്നിയത്? അവളുടെ മുഖം വളരെ പ്രത്യേകതയുള്ളതായിരുന്നു. സൗന്ദര്യം എന്ന വാക്കിന്റെ അര്‍ത്ഥ – നാനാര്‍ത്ഥങ്ങള്‍ തേടി നിഘണ്ടുവിന്റെ പിന്നാലെ പോകാതെ നിങ്ങളുടെ മനസ്സില്‍ സൗന്ദര്യത്തിന് ഉള്ള നിര്‍വചനം എന്തെന്ന് ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങളുടെ മനസ്സില്‍ ചിലരുടെ മുഖങ്ങള്‍ മിന്നി മറയുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. നമുക്കെല്ലാവര്‍ക്കും സൗന്ദര്യത്തെക്കുറിച്ച് ഒന്നുകില്‍ സ്വന്തമായ ഒരു വീക്ഷണമുണ്ട്; അല്ലെങ്കില്‍ സമൂഹം നമുക്ക് പഠിപ്പിച്ചുതന്ന സൗന്ദര്യബോധം നമ്മുക്കുണ്ട്. എങ്കില്‍ എന്തുകൊണ്ടാണ് ആ നടിക്ക് ആകര്‍ഷണത്വം ഇല്ല എന്നു പറഞ്ഞത്? ഒരു പക്ഷേ അവളുടെ കവിളുകളില്‍ മറ്റു നടിമാര്‍ക്കുള്ള തുടിപ്പ് ഇല്ലാത്തതുകൊണ്ടാകാം. അല്ലെങ്കില്‍ അവളുടെ മുഖഭാവം സാധാരണ നാം കാണുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കാം; കാര്യം എന്തു തന്നെയായാലും മറ്റൊരാള്‍, തങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശമായത് അല്ലെങ്കില്‍ സൗന്ദര്യം ഇല്ലാത്തത് എന്നു പറയുന്നത് തികച്ചും അനുചിതമാണ്.

ഇന്ന് സമൂഹത്തില്‍ നിരവധി വ്യക്തികള്‍ സന്തുഷ്ടിക്കു പകരം പെട്ടെന്ന് അസന്തുഷ്ടരാകുന്ന കാഴ്ചയാണുള്ളത്. അവരുടെ ഛായയില്‍ അവര്‍ സംതൃപ്തരാണെങ്കില്‍ അവരുടെ ചിന്തകളും, ചലനങ്ങളും പ്രതികൂലമായി ഭവിക്കും. ചില സന്ദര്‍ഭങ്ങളില്‍ വളരെ സൗന്ദര്യം ഉള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരില്‍ നിന്നും അയാളുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണ്ണനകളും
ഉണ്ടാവുകയാണെങ്കില്‍ ചിലര്‍ക്കെങ്കിലും മനസ്സില്‍ അഹങ്കാരം ഉടലെടുക്കാറുണ്ട്. ഇത് എപ്പോഴും ഇങ്ങനെ ആവണമെന്നും ഇല്ല. അതീവ സൗന്ദര്യത്തിന് ഉടമകളായവര്‍ ചിലപ്പോള്‍ നാം കണ്ടിട്ടുള്ളതില്‍ ഏറ്റവും എളിമയും ന•യും ഉള്ളവരായെന്നും വരാം. അതുപോലെ തന്നെ സമൂഹത്തിന്റെ കണ്ണുകളില്‍ വിരൂപരായവര്‍ സ്വഭാവം കൊണ്ട് സൗന്ദര്യമുള്ളവരും എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നവരുമായിരിക്കാം.

സൗന്ദര്യത്തെക്കുറിച്ച് ആകുലരാകുന്നവരില്‍ എല്ലാ പ്രായക്കാരും ഉള്‍പ്പെടും. നിങ്ങള്‍ ചെറുപ്രായത്തില്‍ മുതിര്‍ന്നവരെപ്പോലെ പെരുമാറുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ചെറിയ പെണ്‍കുട്ടികള്‍ മുതിര്‍ന്നവരായി തോന്നുന്നവിധം വസ്ത്രങ്ങള്‍ ധരിക്കുന്നു. കൗമാരക്കാരായ ആണ്‍കുട്ടികള്‍ അവരുടെ ശരീരം വ്യായാമം ഒക്കെ ചെയ്ത് ക്രമപ്പെടുത്തി പൗരുഷമുള്ളവരായി കാണുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിരോധാഭാസം എന്ന് പറയട്ടെ. പ്രായമേറുന്ന സമയത്ത് നിങ്ങള്‍, ആണായാലും, പെണ്ണായാലും ചെറുപ്പമാകാന്‍ ശ്രമിക്കുന്നു. ഏറ്റവും കൂടുതല്‍ മാനസ്സിക സമ്മര്‍ദ്ദം നേരിടുന്നത് മധ്യവയസ്‌കരാകുമ്പോഴാണ്. നിങ്ങള്‍ കാണുവാന്‍ സൗന്ദര്യമുള്ളവരാണെങ്കിലും കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ചെറുപ്പമാവാനുള്ള വഴികള്‍ക്കായി മണിക്കൂറുകള്‍ ചിലവാക്കുന്നു. ഇതിന്റെ അര്‍ത്ഥശൂന്യതയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹവും, മാധ്യമങ്ങളും കുത്തി നിറച്ച സൗന്ദര്യ സങ്കല്പങ്ങളാണ് നമ്മുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നത്.

എന്റെ ഈ ലേഖനത്തെ ഒരു ചെറിയ കുറിപ്പായി, പരിശ്രമമായി നിങ്ങള്‍ കാണുക. ശരി, നമുക്ക് കൗമാരക്കാരായ കുട്ടികളില്‍ നിന്നും തുടങ്ങാം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ളതും ആഘോഷിക്കേണ്ടതുമായ ഒരു പ്രായമാണിത്. ഒന്നിനെക്കുറിച്ചും ഉള്ള ചിന്തകള്‍ നിങ്ങളെ അലട്ടുകയോ ബാധിക്കുകയോ ചെയ്യുന്നില്ല. പ്രായമായി തോന്നിപ്പിക്കുക എന്നത് നിങ്ങളുടെ ചിന്തകളില്‍ കടന്നുവരേണ്ട ഒരു വിഷയം അല്ല. നിങ്ങളുടെ മുഖത്തെ നിഷ്‌കളങ്കതയും മനസ്സിലെ ശിശുത്വവും തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യം. ഇതില്‍ എതിരഭിപ്രായവും പരിഹാസവും നടത്തുന്നവരും ഉണ്ടാകാം. ഇത് നിങ്ങളുടെ വളര്‍ച്ചയുടെ കാലഘട്ടമാണ്. അടുത്തിരിക്കുന്ന പെണ്‍കുട്ടിയേക്കാള്‍ സുന്ദരിയാണോ താന്‍, അടുത്തിരിക്കുന്ന ആണ്‍കുട്ടിയേക്കാള്‍ കൂടുതല്‍ ശരീരപുഷ്ടിയുള്ളവനാണോ ഞാന്‍ എന്നിങ്ങനെ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ചിന്തിക്കേണ്ട ആവശ്യമില്ല. ഈ കാലം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളത് മാത്രമാണ്. സ്വയം തിരിച്ചറിയുകയും, അംഗീകരിക്കുകയും നല്ല സ്വഭാവം നിങ്ങളുടെ ഉള്ളില്‍ രൂപീകരിക്കുകയുമാണ് ഈ പ്രായത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത്. കാരണം ഒരാളുടെ സ്വഭാവവും വ്യക്തിത്വവുമാണ് ഏറ്റവും പ്രധാനം.

ഇനി കണ്ണാടിക്കു മുന്നില്‍ നിന്ന് തങ്ങളുടെ നരച്ച മുടിയിഴകള്‍ നോക്കുന്ന അച്ഛനമ്മമാരുടെ കാര്യം നോക്കാം. ഒരു കപ്പ് കറുത്ത ഡൈയില്‍ മുങ്ങി
കുളിക്കുവാന്‍ തത്പരരായി അവര്‍ നില്‍ക്കുന്നതായി നമുക്കു തോന്നും. കുടുംബത്തില്‍ മുതിര്‍ന്നവരായി നിലകൊള്ളുന്നതില്‍ ഒരു പ്രത്യേക സൗന്ദര്യം തന്നെയില്ലേ? മാതാപിതാക്കള്‍ക്ക് അവരുടെ നരച്ച മുടികള്‍ സൗന്ദര്യം തന്നെയാണ്. അത് മറച്ചുവയ്ക്കാതെ ആത്മവിശ്വാസത്തോടെ അവര്‍ നടക്കുന്നത് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നതാണ്. ഇത് പ്രായമേറിയവരുടെ കാര്യത്തില്‍ മാത്രമല്ല, മധ്യവയസ്‌കര്‍ക്കും ബാധകമാണ്. വയസ്സ് ഒരു സംഖ്യ മാത്രമാണ്. ടെലിവിഷനില്‍ നാം കാണുന്ന അമ്പതും, അറുപതും വയസ്സുള്ളവര്‍ പ്ലാസ്റ്റിക് സര്‍ജറിയും മുഖത്ത് ഒരു ലോഡ് മേയ്ക്കപ്പും ഇട്ട് കൗമാരക്കാരാകാന്‍ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. അത് എത്രത്തോളം അരോചകമാണെന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ട് നമുക്ക് ഇതൊന്നും കൂടാതെയുള്ള സൗന്ദര്യം എത്രയോ നല്ലതാണെന്ന് ചിന്തിക്കുക. സ്വാഭാവികമായി ഉണ്ടാവുന്ന നരച്ചമുടികള്‍ നിങ്ങളുടെ സൗന്ദര്യത്തിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുകയാണ്. ഞാന്‍ പ്രായമായ വ്യക്തികളെ കാണുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മുഖഭാവങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. അവരുടെ കണ്ണുകളില്‍ നമ്മോട് പറയുവാന്‍ കഥകളുണ്ടാകും. സമൂഹവും, മാധ്യമങ്ങളും നിര്‍വചിച്ചിരിക്കുന്ന, അടിച്ചേല്‍പ്പിച്ചിരിക്കുന്ന സൗന്ദര്യബോധത്തിന്റെ സ്വാധീനത്താല്‍ നാം സൗന്ദര്യത്തെ നിസ്സാരമായി കരുതുന്നില്ല. യഥാര്‍ത്ഥ സൗന്ദര്യം ഒരാളുടെ കണ്ണുകളിലും, മുഖത്തും വിരിയുന്ന തിളക്കമാണ്. അത് അശ്രദ്ധമായ കണ്ണുകളില്‍ പതിഞ്ഞെന്നു വരില്ല. അതെ, യഥാര്‍ത്ഥ സൗന്ദര്യം അനിര്‍വചനീയമായ ഒരു സത്യമാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.