കോര്‍പറേറ്റുകളുടെ പ്രതിബദ്ധത ഒരു വ്യാപാരസാധ്യത ആകുമ്പോള്‍….

കോര്‍പറേറ്റുകളുടെ പ്രതിബദ്ധത  ഒരു വ്യാപാരസാധ്യത ആകുമ്പോള്‍….

VP Nandakumar, MD & CEO, Manappuram Finance
2013ല്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നതോടെ കോര്‍പ്പറേറ്റുകളുടെ സാമൂഹ്യപ്രതിബദ്ധത (സിഎസ്ആര്‍) എന്ന ദൗത്യത്തിന് പുതിയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. പുതിയ നിയമപ്രകാരം 2014-15 സാമ്പത്തികവര്‍ഷം മുതല്‍ വ്യവസായസ്ഥാപനങ്ങള്‍ അവരുടെ മൂന്ന് വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ രണ്ട് ശതമാനത്തോളം സാമൂഹ്യക്ഷേമം ലാക്കാക്കിയുള്ള സംരംഭങ്ങള്‍ക്ക് ചെലവിടണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആയിരം കോടി വിറ്റുവരവോ 500 കോടി ആസ്തിയോ അഞ്ച് കോടി മൊത്ത ലാഭമോ ഉള്ള കമ്പനികള്‍ക്കെല്ലാം ഈ നിയമം ബാധകമാണ്. വ്യക്തമായി പറഞ്ഞാല്‍ ഏപ്രില്‍ 2014 മുതല്‍ ഈ നിയമം നിലവില്‍ വന്ന് കഴിഞ്ഞു.

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ സിഎസ്ആര്‍? എങ്ങിനെയാണ് നമ്മള്‍ സിഎസ്ആറിനെ നിര്‍വ്വചിക്കുക? കമ്പനിയുടെ വിപണിമൂല്യവും സാമൂഹ്യപ്രസക്തിയും വര്‍ധിപ്പിക്കാനും സുസ്ഥിരമായ ബിസിനസ്സ് സംരംഭങ്ങള്‍ കെട്ടിപ്പൊക്കാനും ഉള്ള സാധ്യതയായി സിഎസ്ആറിനെ കാണണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

സിഎസ്ആറിന്റെ ഭാഗമായി ബിസിനസ്സ് സ്ഥാപനങ്ങള്‍ അവരുടെ പരമ്പരാഗത വഴിയില്‍ നിന്നും വിട്ടുമാറി, സമൂഹത്തിന് ഗുണപരമായ മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ അകത്തും പുറത്തുമുള്ള സംഘങ്ങളോട് സഹകരിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, കാരുണ്യപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ സമൂഹത്തിന്റെ താഴേത്തട്ടിനെ സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക പതിവാണ്. ഇന്ത്യയുടെ കോര്‍പറേറ്റ് വൃത്തങ്ങളില്‍ പലരും ഇന്ന് സിഎസ്ആര്‍ എന്നാല്‍ കാരുണ്യപ്രവര്‍ത്തനം മാത്രമാണ് എന്നാണ് കരുതിപ്പോരുന്നത്. ലാഭത്തെ ചുരുക്കിക്കാട്ടാനും ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതം കുറയ്ക്കാനും ഉള്ള ഒരു അധികച്ചെലവായാണ് ഇവര്‍ സിഎസ്ആറിനെ കണക്കാക്കുന്നത്. പക്ഷെ ഇത് കാര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാണാത്തതിന്റെ പ്രശ്‌നമാണ്.

ഒരു കമ്പനി നേടിയെടുക്കുന്ന ജനപ്രീതി(ഗുഡ്‌വില്‍) ആ കമ്പനിയ്ക്ക് സമൂഹത്തില്‍ മികച്ച സ്ഥാനം നേടിക്കൊടുക്കുമെന്നത് ഏറെക്കാലമായി നിലനില്ക്കുന്ന സത്യമാണ്. ഇത് പിന്നീട് ആ കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് നല്ല നേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. സിഎസ്ആറിന് ചെലവാക്കിയ തുക ഒരു കമ്പനിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാണിജ്യനേട്ടം ഉണ്ടാക്കിക്കൊടുത്തതിന്റെ ഒരു നല്ല ഉദാഹരണം എനിക്ക് പറയാനുണ്ട്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ആ കമ്പനിയുടെ മൂല്യം ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് മാത്രമല്ല, ഉദാരവ്യവസ്ഥയില്‍ സകാര്യ ഓഹരി നിക്ഷേപത്തെ ആകര്‍ഷിക്കാനും കഴിഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്വിറ്റാസ് മൈക്രോഫിനാന്‍സ് എന്ന കമ്പനി സിഎസ്ആര്‍ എങ്ങിനെ നന്നായി ഉപയോഗപ്പെടുത്താം എന്നതിന്റെ മികച്ച ഉദാഹരണമാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മൈക്രോഫിനാന്‍സ് കമ്പനികളില്‍ ഒന്നാണ് ഇക്വിറ്റാസ് മൈക്രോഫിനാന്‍സ്. എന്റെ അടുത്ത സുഹൃത്തും നല്ലൊരു ക്രാന്തദര്‍ശിയുമായ പി.എന്‍. വാസുദേവന്‍ ആണ് 2007ല്‍ ഈ കമ്പനി സ്ഥാപിച്ചത്. ഈ കമ്പനിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം വരെ ഞാനും ഈ കമ്പനിയുടെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിര്‍വ്വചനമനുസരിച്ച്, മൈക്രോഫിനാന്‍സ് എന്ന ബിസിനസ്സ്‌മേഖല സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കാണ് സേവനം നല്കുന്നത്. അതേ സമയം, സകാര്യമേഖലയിലുള്ളതും ലാഭം ലക്ഷ്യമാക്കുന്നതും ആയതിനാല്‍ മൈക്രോഫിനാന്‍സ് കമ്പനിയുടെ ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതു തന്നെയാണ്. പക്ഷേ, സാമ്പത്തിക സഹായം തേടുന്ന പാവപ്പെട്ട ഉപഭോക്താക്കളുടെ ചെലവിലാണ് കമ്പനി ലാഭം കൊയ്യുന്നതെങ്കില്‍ അങ്ങിനെയുള്ള മൈക്രോഫിനാന്‍സ് കമ്പനികള്‍ നിലനില്ക്കുകയുമില്ല. കമ്പനിയുടെ ഉപഭോക്താക്കളായ താഴേത്തട്ടിലുള്ള പാവങ്ങള്‍ക്ക് യഥാര്‍ത്ഥനേട്ടം നല്കിക്കൊണ്ടാണ്, അവരുടെ വരുമാനവും കഴിവും വര്‍ധിപ്പിച്ചുകൊണ്ടാണ് ലാഭം ഉണ്ടാക്കുന്നതെങ്കില്‍, മാത്രമേ ആ കമ്പനിക്ക് നിലനില്ക്കാനാവൂ. ഈ സത്യം എന്നും ഇക്വിറ്റാസ് മനസ്സിലാക്കിയിരുന്നു.

അങ്ങിനെയാണ് തുടക്കം മുതലേ ഇക്വിറ്റാസിന്റെ സിഎസ്ആര്‍ കാര്യങ്ങള്‍ നോക്കിനടത്തുന്ന ഇക്വിറ്റാസ് ഫൗണ്ടേഷന് വേണ്ടി കമ്പനി മൊത്തലാഭത്തിന്റെ അഞ്ച് ശതമാനം നീക്കിവച്ചു പോന്നത്. താഴേത്തട്ടിലുള്ളവര്‍ക്ക് സാമ്പത്തിക വായ്പ നല്കുന്നതിനോടൊപ്പം ഒരു സ്വയം പര്യാപ്ത സംവിധാനം കൂടി ഉപഭോക്താക്കള്‍ക്ക് ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുക എന്ന ദൗത്യത്തില്‍ പ്രധാനമായും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. കമ്പനി ഉപഭോക്താക്കളുടെ മക്കള്‍ക്ക് സാമൂഹ്യ ഉന്നമനം സാധ്യമാക്കാനുള്ള പ്രധാന ഉപാധിയാകും വിദ്യാഭ്യാസം എന്ന തിരിച്ചറിവില്‍ നിന്നാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിന് മുന്‍ഗണന നല്കിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്കിയിരുന്ന വിദ്യാഭ്യാസം നിലവാരം കുറഞ്ഞതായിരുന്നു. അതിനാല്‍ പലരും തങ്ങളുടെ കുട്ടികളെ സ്വകാര്യസ്‌കൂളുകളില്‍ പറഞ്ഞയക്കാന്‍ ധാരാളം പണം ചെലവഴിക്കേണ്ടതായി വന്നു. എന്നാല്‍ ഈ സ്വകാര്യ സ്‌കൂളുകളില്‍ നല്കുന്ന വിദ്യാഭ്യാസവും വേണ്ടത്ര നിലവാരമുള്ളതായിരുന്നില്ല. അവര്‍ വാങ്ങുന്ന കനത്ത ഫീസിനുള്ള മെച്ചം വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കുന്നില്ലായിരുന്നു. ഈ വിടവ് നികത്താന്‍, ഇക്വിറ്റാസിന്റെ ഉപഭോക്താക്കളുടെ മക്കള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതിനായി ഗുരുകുല്‍, ശിക്ഷ എന്നീ രണ്ട് സംരംഭങ്ങളാണ് ഇക്വിറ്റാസ് ആരംഭിച്ചത്.

ഗുരുകുല്‍ സ്‌കൂളില്‍ ഇക്വിറ്റാസ് ഇന്ത്യയിലെ അറിയപ്പെടുന്ന സ്വകാര്യസ്‌കൂളുകളേക്കാള്‍ മെച്ചപ്പെട്ട ഉ്ന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് നല്കിയത്. പ്രധാനമായും ഇംഗ്ലീഷ് ഭാഷയിലാണ് വിദ്യാഭ്യാസം നല്കിയിരുന്നത് എന്നതും മാതാപിതാക്കളെ ആകര്‍ഷിച്ചു. കാരണം പിന്നീട് ഉയര്‍ന്ന ജോലി നേടാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉപകരിക്കുമെന്ന് അവര്‍ വിശസിച്ചിരുന്നു. പ്രവേശനത്തിന് സംഭാവനകള്‍ വാങ്ങിയില്ല. ഇക്വിറ്റാസിലെ ഉപഭോക്താക്കളുടെ മക്കള്‍ക്കില്‍ നിന്നും താങ്ങാവുന്ന ഫീസ് മാത്രമാണ് വാങ്ങിയിരുന്നത്. അതേ സമയം, ഈ സംരംഭത്തിനായി നിക്ഷേപിച്ച തുക 10-12 വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചുകിട്ടണമെന്ന ലക്ഷ്യത്തോടുകൂടിയും ആണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ഇതുവരെ, ഇക്വിറ്റാസ് 5 ഗുരുകുല്‍ സ്‌കൂളുകള്‍ തുറന്നു. ആകെ മൂലധനത്തിന്റെ 15 ശതമാനത്തോളം കെട്ടിടനിര്‍മ്മാണത്തിനും ഭൂമി വാങ്ങുന്നതിനും ചെലവിട്ടു.

ഗുരുകുല്‍ സ്‌കൂളിനെ പിന്തുണയ്ക്കുന്ന സംരംഭം എന്ന നിലയ്ക്കാണ് ഇക്വിറ്റാസ് ശിക്ഷ എന്ന പേരില്‍ മറ്റൊരു സംരംഭം ആരംഭിച്ചത്. സ്‌കൂള്‍ പഠനസമയത്തിന് ശേഷം കുട്ടികള്‍ക്ക് ട്യൂഷന്‍ നല്കുന്ന കേന്ദ്രമാണ് ശിക്ഷ. കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ കഴിയുമെന്നതാണ് ശിക്ഷയുടെ പ്രസക്തി. നിലവാരം കുറഞ്ഞ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ പഠനനിലവാരം ശിക്ഷ വഴി മെച്ചപ്പെടുത്താം. ഗുരുകുലുമായി താരതമ്യം ചെയ്യുമ്പോള്‍ ശിക്ഷ എന്ന ബിസിനസ്സ് ആശയത്തിന് മുന്‍തൂക്കം ഉണ്ട്. ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും ശിക്ഷ കേന്ദ്രങ്ങളുടെ എണ്ണം പെട്ടെന്ന് കൂട്ടാന്‍ കഴിയുമെന്നതാണ് അത്. ഓരോ ശിക്ഷാകേന്ദ്രങ്ങളിലും 100 കുട്ടികള്‍ക്ക് വരെ ട്യൂഷന്‍ പരിശീലനം നല്കാന്‍ കഴിയും. ഇപ്പോള്‍ 49 ശിക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതോടെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം ഗണ്യമായ തോതില്‍ മെച്ചപ്പെട്ടു.

ഈ വേളയില്‍, ശിക്ഷ, ഗുരുകുല്‍ എന്നീ സംരംഭങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കണക്കുകൂട്ടി നോക്കിയാല്‍ ഇക്വിറ്റാസിന് സഹായകരമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. 2013-14 സാമ്പത്തികവര്‍ഷത്തില്‍ ഇക്വിറ്റാസ് 74 കോടിയുടെ ലാഭമുണ്ടാക്കി. ഇക്വിറ്റാസിന് ഇന്ന് 3,000 കോടിയുടെ വായ്പാമൂല്യവും 1000 കോടിയുടെ നീക്കിയിരിപ്പും ഉണ്ട്. ഈ സ്ഥാപനത്തിന്റെ കീര്‍ത്തിയുടെയും സല്‍പേരിന്റെയും ഫലമായി സദേശത്തുനിന്നും വിദേശത്തുനിന്നും ഉള്ള നിക്ഷേപകരില്‍ നിന്നും തുടര്‍ച്ചയായി നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇകിറ്റാസിന്റെ 40 ശതമാനം ഓഹരികള്‍ ബ്രിട്ടനില്‍ നിന്നുള്ള ഒരു സകാര്യ ഇക്വിറ്റി ഫണ്ടും നാല് വിദേശ ഫിനാന്‍സ് സ്ഥാപനങ്ങളും ചേര്‍ന്ന് വാങ്ങാന്‍ പോകുന്നതായി 2014 നവമ്പറിലെ ഇക്കണോമിക് ടൈംസ് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. ഈ ഇടപാട് പ്രകാരം 2000 കോടിയാണ് കമ്പനിയ്ക്ക് നല്കുന്ന മൂല്യം. 2013ല്‍ നടന്ന ഒരു ഓഹരിവില്പന കണക്കെടുത്തുനോക്കിയാല്‍ അന്നത്തെ കമ്പനിയുടെ മൂല്യം 1,100 കോടിയായിരുന്നു. അതായത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം കമ്പനിയുടെ മൂല്യത്തില്‍ 900 കോടിയുടെ വര്‍ധനയുണ്ടായി എന്നര്‍ത്ഥം.

കമ്പനിയുടെ നിക്ഷേപകരില്‍ ഒരാള്‍ ഇങ്ങിനെ പറയുന്നതായി ഇക്കണോമിക് ടൈംസ്പത്രം റിപ്പോര്‍ട്ടുചെയ്യുന്നു: ‘ലാഭം, സ്ഥിരത, വലിപ്പം എന്നിവയുടെ പ്രവര്‍ത്തനഫലമാണ് ഒരു കമ്പനിക്ക് കണക്കാക്കപ്പെടുന്ന മൂല്യം. ഉന്നതശ്രേണിയിലുള്ള മാനേജ്‌മെന്റ്, അതിശയിപ്പിക്കുന്ന സംരംഭകര്‍, വൈവിധ്യവല്‍ക്കരണം എന്നിവയാണ് കമ്പനിയെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് നയിച്ചത്. ഒന്നാം ദിവസം മുതല്‍ അവര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനിപോലെയാണ് പ്രവര്‍ത്തിച്ചത്. വര്‍ഷംതോറും 5% ലാഭവിഹിതമാണ് സാമൂഹ്യപ്രതിബദ്ധത നടപ്പാക്കാന്‍ ഇക്വിറ്റാസ് ഫൗണ്ടേഷന് സംഭാവനയായി നല്കിയത്.”

സാമൂഹ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സകാര്യ ഓഹരിനിക്ഷേപക കമ്പനികള്‍ ഇക്വിറ്റാസിനെ അഭിനന്ദിക്കാന്‍ തുടങ്ങിയി രിക്കുന്നു. ഗൗരവമായി പറഞ്ഞാല്‍ ഈ തന്ത്രശാലികളായ നിക്ഷേപകര്‍ ദീര്‍ഘവീക്ഷണത്തോടെ ഇക്വിറ്റാസില്‍ നിക്ഷേപത്തിന് തയ്യാറാകുന്നു ണ്ട്. തങ്ങളുടെ വ്യവസായം വഴി സാമൂഹ്യമൂല്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വിശസിക്കുന്ന കമ്പനിയുടെ സ്ഥാപകരെ പിന്തുണക്കാന്‍ ഇവര്‍ തയ്യാറുമാണ്. ഇക്വിറ്റാസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നതു പോലെ, ഒരു കമ്പനി സാമൂഹ്യമൂല്യം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ വിപണി മൂല്യം അതിനെ പിന്തുടര്‍ന്നെത്തുമെന്ന് തീര്‍ച്ച. അതാണ് കോര്‍പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതയുടെ (സിഎസ്ആറിന്റെ) മികച്ച ഉദാഹരണമെന്നും ഞാന്‍ വിശസിക്കുന്നു.

വി.പി. നന്ദകുമാര്‍
മാനേജിംഗ് ഡയറക്ടര്‍ & സിഇഒ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്)

ഈ ലേഖനത്തിന്റെ കാഴ്ചപ്പാട് തികച്ചും വ്യക്തിപരമാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.