കരിപ്പൂര്‍ സംഘര്‍ഷം: വിശദമായി അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശന പാസിനെ ചൊല്ലി സി.ഐ.എസ്.എഫ് ജവാന്മാരും ഫയര്‍ഫോഴ്സ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സി.ഐ.എസ്.എഫ് ജവാന് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി രണ്ടാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാവൂയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. അതേസമയം കരിപ്പൂരില്‍ നടന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിയേറ്റ് മരിച്ച സി.ഐ.എസ്.എഫ് ജവാന് എസ്.എസ് യാദവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍