മരട് നഗരസഭയുടെ കള്ളക്കളിയോ?

മരട് നഗരസഭയുടെ കള്ളക്കളിയോ?

kanikaകൊച്ചി : മരട് നഗരസഭയില്‍ വിനോദനികുതിയുടെ പരിധിയില്‍ വരുന്ന പരിപാടികള്‍ നടന്നത് സംബന്ധിച്ച് രേഖകള്‍ ഇല്ലെന്ന് നഗരസഭ അധികൃതര്‍. മിസ്സ് ഏഷ്യ സൗന്ദര്യമത്സരത്തില്‍ നിന്ന് അനധികൃതമായി വിനോദനികുതി ഇനത്തില്‍ 10,80000 രൂപ പിരിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നഗരസഭയുടെ മറുപടി.

2014 ഏപ്രില്‍ മുതല്‍ അപേക്ഷാ തീയതിയായ 2015 ഓഗസ്റ്റ്് 20 വരെ മരട് നഗരസഭയില്‍ വിനോദനികുതിയുടെ പരിധിയില്‍ വരുന്ന എത്ര പരിപാടികള്‍ നടന്നുവെന്നും ഈ പരിപാടികള്‍ക്ക് എത്ര വിനോദ നികുതി ഈടാക്കി എന്നുമാണ് വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ അന്വേഷിച്ചത്.
എന്നാല്‍ മരട് നഗരസഭാ പ്രദേശത്ത് വിനോദനികുതിയുടെ പരിധിയില്‍ വരുന്ന പരിപാടികള്‍ നടന്നത് സംബന്ധിച്ച് യാതൊരു രേഖകളുമില്ലെന്നായിരുന്നു നഗരസഭയുടെ മറുപടി. വിനോദപരിപാടികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ്/ പാര്‍ട്ണര്‍ഷിപ് ഇനത്തില്‍ വിനോദ നികുതി ഈടാക്കിയിരുന്നോ എന്ന ചോദ്യത്തിനും രേഖകള്‍ ഇല്ലെന്നു തന്നെയായിരുന്നു നഗരസഭയുടെ ഉത്തരം.

മരട് നഗരസഭയുടെ പരിധിയില്‍ വരുന്ന ലെ മെറിഡിയന്‍ ഹോട്ടലില്‍ ആഗസ്റ്റ് 18ന് നടന്ന മിസ് ഏഷ്യ സൗന്ദര്യമത്സരത്തിന് അവസാന ഘട്ടത്തില്‍ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. തുടര്‍ന്ന് നഗരസഭ അധികൃതരെ സമീപിച്ച സംഘാടകരോട് വിനോദ നികുതി ഇനത്തില്‍ 10,80000 രൂപ കെട്ടിവെച്ചാല്‍ മാത്രമേ പരിപാടി നടത്താന്‍ അനുവദിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
ദിനംപ്രതിയെന്നോണം വിനോദപരിപാടികള്‍ നടക്കുന്ന നിരവധി സ്ഥാപനങ്ങളാണ് മരട് നഗരസഭയുടെ പരിധിയിലുള്ളത്. ഡി.ജെ പാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചത് ഉള്‍പ്പെടെ വിവാദമായ പരിപാടികള്‍ നടന്നിട്ടും ഒരു രൂപ പോലും വിനോദനികുതി പിരിച്ചിട്ടില്ലെന്ന് പറയുന്ന മരട് നഗരസഭ എന്ത് അടിസ്ഥാനത്തിലാണ് മിസ് ഏഷ്യ സംഘാടകരില്‍ നിന്ന് വിനോദനികുതി പിരിച്ചത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

ലോകം മുഴുവന്‍ ഉറ്റുനോക്കിയ അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തെ തടസ്സപ്പെടുത്തി അനധികൃത നികുതി പിരിക്കാന്‍ മരട് നഗരസഭ കാണിച്ച വ്യഗ്രത സാംസ്‌കാരിക കേരളത്തിന് തന്നെ കളങ്കമായിരിക്കുകയാണ്. 1996ല്‍ അമിതാഭ്ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നടത്തിയ മിസ് വേള്‍ഡ് മത്സരത്തിന് ശേഷം ആദ്യമായി ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായിരുന്നു മിസ് ഏഷ്യ 2015.

മത്സരത്തിന്റെ ലാഭവിഹിതം നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിനായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലേക്ക് നീക്കിവെക്കുമെന്ന് അറിയിച്ചിട്ടും ഈ പരിപാടിക്കെതിരെ ഇത്രയും നികൃഷ്ടമായി പ്രവര്‍ത്തിച്ച മരട് നഗരസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

അതേസമയം അധികാര ദുര്‍വിനിയോഗം ചെയ്ത് അവസാന ഘട്ടത്തില്‍ മിസ്സ് ഏഷ്യ പരിപാടി തടസപ്പെടുത്തുവാന്‍ ശ്രമിച്ച മരട് നഗരസഭക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് മിസ് ഏഷ്യ സംഘാടകരായ പെഗാസസ് ഇവന്റ് മേക്കേഴ്‌സ്.

Share
Google+ Linkedin

1 Comment

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.