കേരളത്തെ രക്ഷിക്കാനുള്ള യാത്രകള്‍

കേരളത്തെ രക്ഷിക്കാനുള്ള യാത്രകള്‍

flex 3മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുന്നു. അധികാരക്കസേരകള്‍ക്കായുള്ള വടംവലികളും പൊള്ളയായ വാഗ്ദാനങ്ങളുമായി രാഷ്ട്രീയ നാടകങ്ങളുടെ അരങ്ങുണര്‍ന്നു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കേരളയാത്രകള്‍ക്കാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമുള്ള കേരളപര്യടനങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് ലക്ഷ്യമാക്കുന്നത്? തെരഞ്ഞെടുപ്പ് പ്രചരണവും വോട്ട് പിടിത്തവും മാത്രമാണോ ഈ യാത്രകളിലൂടെ സാധ്യമാവുന്നത്? കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍ഗോഡ് മുതല്‍ തെക്കേയറ്റമായ തലസ്ഥാന നഗരി വരെ നീളുന്ന ഈ ദീര്‍ഘ പര്യടനങ്ങള്‍ക്ക് കേരളത്തിലുടനീളം വന്‍സ്വീകരണമാണ് ലഭിക്കുന്നത്.

ജീര്‍ണ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്ന ലക്ഷ്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിമോചനയാത്ര നയിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ കുഴിച്ചുമൂടിയ അധികാര രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തെ വിമോചിപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് അദ്ദേഹം യാത്ര ആരംഭിച്ചത്.

മതനിരപേക്ഷത, അഴിമതി വിമുക്ത വികസിത കേരളം എന്ന മുദ്രാവാക്യവുമായാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന നവകേരള യാത്ര മുന്നേറുന്നത്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുമുള്ള പ്രചാരണം കൂടിയാണ് പിണറായിയുടെ കേരളപര്യടനം.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും അസഹിഷ്ണുതക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ജനരക്ഷായാത്രക്ക് നേതൃത്വം നല്‍കുന്നത്. മതേതരത്വ സംരക്ഷണം, കേരളത്തിന്റെ സമഗ്രപുരോഗതി, യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ വിശദീകരിക്കുക, അക്രമരാഷ്ട്രീയത്തിനുംസാമൂഹിക തിന്മകള്‍ക്കുമെതിരായ പ്രചാരണം ഇവയൊക്കെയാണ് ജനരക്ഷായാത്രയിലൂടെ ലക്ഷ്യമിടുന്നത്.

മതനിരപേക്ഷത, സാമൂഹ്യനീതി, സുസ്ഥിരവികസനം, അഴിമതി വിമുക്തം എന്നിവയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രയുടെ മുദ്രാവാക്യങ്ങള്‍. എന്‍.സി.പി പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഉണര്‍ത്തുയാത്ര അഴിമതിക്കും വര്‍ഗീയതക്കുമെതിരായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. സൗഹൃദം, സമത്വം, സമന്വയം എന്നീ മുദ്രാവാക്യങ്ങളുമായി മുസ്ലീംലീഗ് നടത്തുന്ന കേരളയാത്രക്ക് നേതൃത്വം നല്‍കുന്നത് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ്.

കേരളയാത്ര നടത്തുന്ന നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഓരോ പ്രദേശങ്ങളിലും ഫഌ്‌സ് ബോര്‍ഡുകള്‍ നിരന്നുകഴിഞ്ഞു. കുട്ടിനേതാക്കള്‍ മുതല്‍ ദേശീയനേതാക്കന്മാര്‍ വരെ വിവിധരൂപത്തിലും ഭാവത്തിലും അണിനിരക്കുന്ന ഫഌക്‌സുകള്‍ കാണേണ്ട കാഴ്ച തന്നെയാണ്. കേരളത്തെ ഫഌക്‌സ് വിമുക്ത സംസ്ഥാനമാക്കാന്‍ നടപടിയാരംഭിച്ച സര്‍ക്കാരിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും പറയാതെ വയ്യ. കേരളത്തെ അടിമുടി മാറ്റാന്‍ തയ്യാറായി വരുന്ന ഈ യാത്രകളുടെ മേന്മ പറഞ്ഞ് നീങ്ങുന്ന അനൗണ്‍സ്‌മെന്റ് വാഹനങ്ങളുടെ വക ശബ്ദമലിനീകരണവും ജാഥയെങ്ങാന്‍ നാട്ടിലെത്തിയാല്‍ പിന്നെ ഹാരമണിയിക്കാനും ഉപഹാരം നല്‍കാനും പത്രത്തില്‍ ഫോട്ടോ വരാനുമുള്ള കുട്ടി നേതാക്കന്മാരുടെ പ്രകടനങ്ങളും പൊതുജനങ്ങള്‍ സഹിക്കേണ്ടിവരുമെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

കേരളത്തെ രക്ഷിക്കാനായി നടത്തുന്ന ഈ രാഷ്ട്രീയ യാത്രകള്‍ എത്രത്തോളം ഫലവത്താണ്? തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടപ്രചാരണമായി നടത്തുന്ന യാത്രകളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളില്‍ ഊന്നിയാണോ ഓരോ രാഷ്ട്രീയകക്ഷികളും പ്രവര്‍ത്തിക്കുന്നതെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വോട്ട് ശേഖരണത്തിനായി വാഗ്ദാനങ്ങളുടെ പെരുമ്പറ മുഴക്കി കടന്നുപോകുന്ന സംസ്ഥാന യാത്രകള്‍ സ്വന്തം പാര്‍ട്ടിയെ വികസിപ്പിക്കാനുള്ള ഫണ്ട് ശേഖരണമാണോ നടത്തുന്നതെന്നും പ്രബുദ്ധ കേരളം കണ്ടെത്തേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ യാത്രകള്‍ക്കായി ഓരോ പാര്‍ട്ടിയും എടുക്കുന്ന പ്രയത്‌നം നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയായിരുന്നെങ്കില്‍ വികസനത്തിന്റെ പാതയില്‍ കേരളം ഇന്ന് ഏറെ മുന്നേറുമായിരുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ച പോലെ രാഷ്ട്രീയജാഥകളും മതാഘോഷങ്ങളുമെല്ലാം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുക എന്ന നന്മയോടെ മാത്രം നടത്തുക. ജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് അവരുടെ മാര്‍ഗ്ഗം തടസ്സപ്പെടുത്താതിരിക്കുക…

മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമയമായെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്നേറുന്ന രാഷ്ട്രീയപര്യടനങ്ങള്‍ നാടിന്റെ നന്മയ്ക്ക് വേണ്ടി മാത്രമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം…

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.