സീതാറാം യെച്ചൂരി പറഞ്ഞതാണ് എല്‍.ഡി.എഫിന്റെ മദ്യനയം: വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള മദ്യവിതരണ സമ്പ്രദായം അഴിച്ചു പണിയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ച് മദ്യവര്‍ജ്ജനം നടപ്പിലാക്കുവാനാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. അടച്ച ബാറുകള്‍ തുറക്കുകയില്ലെന്നു യെച്ചൂരി വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ഇക്കാര്യത്തില്‍ എവിടെയാണ് ആശയക്കുഴപ്പമെന്നും വി.എസ് ഫേസ്ബുക്കില്‍ ചോദിച്ചു.
ബാറുകള്‍ പൂട്ടിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സുധീരനും അവകാശപ്പെടുന്നത്. ഒരു ബാറും പൂട്ടിയിട്ടില്ലെന്നും അവിടെയെല്ലാം വീര്യം കൂടിയ ബിയറും അതിനേക്കാള്‍ വീര്യം കൂടിയ വൈനും യഥേഷ്ടം വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് നേതാക്കള്‍ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ് ചെയ്യുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Photo courtesy : Google /images may be subject to copyright