സ്വര്‍ഗ്ഗരാജ്യത്തിലെ മിടുമിടുക്കി
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ വെള്ളിത്തിരയിലേയ്ക്കുള്ള സ്വര്‍ഗ്ഗ വാതിലും തുറന്നിരിക്കുകയാണ് റീബ മോണിക ജോണ്‍ എന്ന മിടുക്കി കുട്ടി. ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷക പ്രീതി നേടിയ റീബയുടെ സിനിമ വിശേഷങ്ങളുമായി ഒരല്പനേരം….
സിനിമ എന്നും സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നതാണോ….?
എല്ലാവരേയും പോലെ തന്നെ സിനിമയിലേയ്ക്ക് വരാനും അഭിനയിക്കാനും ഒക്കെ എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു. മിടുക്കി എന്ന റിയാലിറ്റി ഷോ ആണ് എനിക്ക് സിനിമയിലേയ്ക്കുള്ള വാതില്‍ തുറന്നു തന്നത്. വ്യത്യസ്തതകള്‍ നിറഞ്ഞ ആ മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍അപ് ആയിരുന്നു ഞാന്‍. അതിനുശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ അപ്പോള്‍ ആ ഓഫറുകള്‍ സ്വീകരിക്കാന്‍ പറ്റുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല. പിന്നെ പഠനം നഷ്ടപെടുത്താതെ സിനിമകള്‍ ചെയ്യാനായിരുന്നു ആഗ്രഹം.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലേയ്ക്കുള്ള വാതില്‍ തുറന്നത് എങ്ങന ആയിരുന്നു…?
നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേഷേട്ടനാണ് ഈ സിനിമയെക്കുറിച്ച് എന്നോട് പറയുന്നത്. മിടുക്കി കണ്ടതിനു ശേഷമാണ് ദിനേഷേട്ടന് വിളിക്കുനത്. നല്ലൊരു കഥാപാത്രമുണ്ട്, താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ മറുപടി ഒന്നും പറഞ്ഞില്ല.. വീട്ടില്‍ ആലോചിച്ചിട്ട് ഒരു തീരുമാനം എടുക്കാം എന്നാണ് ഓര്‍ത്തത്. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സിനിമയുടെ സംവിധായകന് വിനീതേട്ടന് വിളിച്ചു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. മലയാളത്തിലെ നല്ലൊരു കൂട്ടുകെട്ട്, വിനീത് ശ്രീനിവാസന്, നിവിന്‍ പോളി. അതുതന്നെയല്ല, നല്ലൊരു കുടുംബ ചിത്രം. പിന്നെ വേറെ ഒന്നും ചിന്തിച്ചില്ല. വീട്ടില്‍ സമ്മതിപ്പിക്കാം എന്ന് ഞാന്‍ തീരുമാനിച്ചു.
സിനിമയെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം…?
മിടുക്കി കഴിഞ്ഞതിന് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ അന്ന് അച്ഛന് സുഖമില്ലാതിരുന്നത് കാരണം ഒന്നും നോക്കിയില്ല. പിന്നീട് ഇത്രയും നല്ലൊരു കൂട്ടുകെട്ടിന്റെ കൂടെ ഒരു അവസരം കിട്ടിയപ്പോള്‍ എല്ലാവരും ഒരുപാട് സപ്പോര്‍ട്ട് തന്നു. ആദ്യം അമ്മയ്ക്ക് ഒരു സംശയം ആയിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. അനിയനും അനിയത്തിക്കും എല്ലാം എന്റെ അതേ അവസ്ഥ ആയിരുന്നു. ശരിക്കും എക്സൈറ്റഡ് ആയിരുന്നു. അവര്‍ നല്കിയ പിന്തുണകൊണ്ടാണ് ചിപ്പി എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചത് എന്നാണ് എന്റെ വിശ്വാസം.
അടുത്ത പേജില്‍ തുടരുന്നു