ധിഷണാശാലിയായ ജനകീയ നായകന്‍

ധിഷണാശാലിയായ ജനകീയ നായകന്‍

cover cmകാര്‍ക്കശ്യത്തിന്റെ മുഖംമൂടിയണിഞ്ഞ ജനകീയനായ നേതാവ്… ഉറച്ച നിലപാടുകളുമായി വിട്ടുവീഴ്ചയില്ലാത്ത ഭരണം കാഴ്ച വെയ്ക്കുന്ന രാഷ്ട്രീയ നായകന്‍.. നീണ്ട പതിനാറ് വര്‍ഷം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് കേരളത്തിന്റെ അമരക്കാരനായി മാറിയ ഇടതുപക്ഷ സഹയാത്രികന്‍… മുഖ്യമന്ത്രി പിണറായി വിജയന് വിശേഷണങ്ങളേറെയാണ്. വിവാദങ്ങളോട് സമരസപ്പെടാത്ത, പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന പിണറായിയെന്ന ജനനായകനിലൂടെയാണ് ഈ ലക്കം യുണീക് ടൈംസിന്റെ യാത്ര..

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ 1945 മെയ് 24നാണ് അദ്ദേഹത്തിന്റെ ജനനം. തെങ്ങുചെത്തു തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്ല്യാണിയുടെയും ഇളയ മകനായ വിജയന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ആജ്ഞാശക്തിയുള്ള നേതൃപാടവവും നിലപാടുകളിലെ വ്യക്തിത്വവും പിണറായി വിജയന്‍ എന്ന നേതാവിന് കരുത്ത് പകര്‍ന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ തലശ്ശേരി സി.പി.ഐ.എം മണ്ഡലം സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം 26ാം വയസ്സില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായിരിക്കെത്തന്നെ അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷക്കാലം ജയില്‍ വാസം അനുഭവിച്ചിട്ടുള്ള പിണറായി വിജയന്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായത്. തുടര്‍ന്ന് ചോര പുരണ്ട ഷര്‍ട്ടുമായി നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം നിയമസഭാ ചരിത്രത്തിലെ തിളക്കമേറിയ ഏടാണ്. നട്ടെല്ലുള്ള യുവത്വത്തിന്റെ പ്രതീകമായി നിയമസഭയില്‍ മുഴങ്ങിയ പിണറായിയുടെ വാക്കുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

1970, 1977, 1991 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലെത്തിയ അദ്ദേഹം 1996ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായതോടെയാണ് എതിരാളികള്‍ക്ക് പോലും പ്രിയങ്കരനായ നേതാവായി മാറിയത്. വൈദ്യുതി ക്ഷാമം രൂക്ഷമായിരുന്ന കേരളത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പിണറായി വിജയന്‍ വൈദ്യുതി മേഖലയെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കി. വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും നിത്യസംഭവമായിരുന്ന നാട്ടില്‍ വൈദ്യുതി ഉത്പാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. അതുകൊണ്ടുതന്നെയാണ് കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രി എന്ന വിശേഷണം ഇന്നും പിണറായിക്ക് മാത്രം അവകാശപ്പെട്ടതാവുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.