സി.എ വിദ്യാര്‍ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടുമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി സ്വീകരിക്കാതെ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മിഷേലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എം.എല്‍.എ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം മിഷേലിനെ നേരത്തെ ശല്ല്യപ്പെടുത്തിയിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം സ്വദേശിനിയും കൊച്ചിയിലെ സി.എ വിദ്യാര്‍ഥിനിയുമായ മിഷേലിനെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Photo Courtesy : Google / Images may be subjected to copyright