ശവക്കുഴി വെട്ടുന്ന പെണ്‍കരുത്ത്

ശവക്കുഴി വെട്ടുന്ന പെണ്‍കരുത്ത്

DSC_8406ജീവിതം.. അദൃശ്യമായ സമാന്തര പാതയിലൂടെ മരണത്തിന്റെ നിറഭേദങ്ങളിലേക്കുള്ള ഒരു യാത്ര! പിറവിയുടെ കൈക്കുമ്പിളില്‍ നിന്ന് ആറടി മണ്ണിലേക്കുള്ള ദൂരം നെരിപ്പോട് പോലെ ഉരുകി ഉരുകി, മരണത്തിന്റെ ഈറന്‍ തിരകളില്‍ മരവിക്കുമ്പോള്‍ പൊള്ളയായ ചോദ്യങ്ങളും, അര്‍ത്ഥശൂന്യമായ ഉത്തരങ്ങളും മാത്രം ബാക്കിയാവുന്നു. മരണം നിതാന്തമായ സത്യമാണ്… നിഴല്‍ പോലും കൂടെയില്ലാത്ത ഏകാന്തതയുടെ ജീര്‍ണതയില്‍ ഒരു പിടി മണ്ണിന്റെ സ്വച്ഛതയിലേക്ക് ഒതുങ്ങുമ്പോള്‍ ചിലര്‍ മരണാനന്തരമുള്ള ദേഹത്തിന്റെ നിത്യമായ ഉറക്കത്തിന് മെത്തയൊരുക്കുന്നു. അവിടെ ശവക്കുഴി വെട്ടുകയെന്ന സത്കര്‍മ്മം ഒരു നിയോഗമായി ചിലരില്‍ വന്നെത്തുന്നു. അവരില്‍ ഒരാളാണ് ചരിത്രമുറങ്ങുന്ന പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയില്‍, അനേകം ചേതനയറ്റ ശരീരങ്ങളെ യാത്രയാക്കിയ ബേബിചേച്ചി..

നിറഞ്ഞുകത്തുന്ന മെഴുകുതിരി പോലെ തിളങ്ങുന്ന ആ കണ്ണുകളില്‍, തെളിഞ്ഞുകണ്ടത് ജീവിതത്തിന്റെ ചവര്‍പ്പ്… പിന്നെ, ഇടയ്‌ക്കെപ്പോഴോ പെയ്തുതോര്‍ന്ന കണ്ണീരുപ്പിന്റെ നേര്‍ത്ത നനവ്… നഷ്ടങ്ങളുടെ കണക്കുപുസ്തകം നിറഞ്ഞു കവിഞ്ഞിട്ടും പതറാതെ, ഒറ്റപ്പെടലുകള്‍ മാത്രം സമ്മാനിച്ച ജീവിതത്തോട് പൊരുതി ജയിച്ച് ആളിക്കത്തുന്ന സ്ത്രീശക്തിയുടെ പ്രതീകമായി മാറുകയാണ് ബേബി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ തൊഴില്‍ ചെയ്ത് ജീവിതം പുലര്‍ത്തുകയാണ് പള്ളിപ്പുറംകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ബേബി ചേച്ചി. 42 വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യശവക്കുഴി വെട്ടുമ്പോള്‍ ബേബിക്ക് 17 വയസ്സ്… സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കേണ്ട പ്രായത്തില്‍, വിശപ്പിന്റെ തീരാക്കയങ്ങളില്‍ ശ്വാസംമുട്ടിപ്പിടഞ്ഞ് ആത്മാവിന്റെ അന്ത്യയാത്രക്കായി അവര്‍ ശവക്കല്ലറകളൊരുക്കി. ദാരിദ്ര്യത്തിന്റെ വലക്കണ്ണികള്‍ വരിഞ്ഞ കുടുംബത്തില്‍ അമ്മ മാത്രമായിരുന്നു തണല്‍. ബേബി പിറന്നുവീഴുംമുമ്പേ അപ്പച്ചന്‍ മരണത്തെ പുല്‍കിയിരുന്നു. പ്രായത്തില്‍ ഏറെ മുതിര്‍ന്ന സഹോദരി വിവാഹിതയായതോടെ പട്ടിണിയുടെ അസഹനീയമായ ചൂടറിഞ്ഞു അവര്‍. പള്ളിയിലെ ശവക്കുഴി വെട്ടിയിരുന്ന അമ്മാവന്റെ മരണത്തോടെ ആ ജോലി ബേബിയുടെ അമ്മ ഏറ്റെടുത്തു. നികൃഷ്ടമായ ജോലിയെന്ന് പുച്ഛിച്ചുതള്ളി അവഗണിക്കുകയായിരുന്നു ചുറ്റുമുള്ളവര്‍… വെറുത്തിരുന്നവരോട് മറുവാക്ക് പറയാതെ ഹൃദയത്തിന്റെ വിങ്ങലടക്കി അലിഞ്ഞില്ലാതാവുന്ന വിശപ്പിന്റെ ഭാരത്തില്‍ ആശ്വാസം കണ്ടെത്തിയ നാളുകളായിരുന്നു അവ.

ബേബിയുടെ ജീവിതത്തില്‍ എപ്പോഴും വിധിയുടെ കൂര്‍ത്ത പല്ലുകള്‍ കടിച്ചുകീറി വികൃതി കാട്ടുകയായിരുന്നു. ഉള്ളില്‍ സങ്കടക്കടല്‍ വിരിച്ച് മരണത്തിന്റെ മഞ്ഞലോകത്തേക്ക് ചേച്ചി കടന്നുപോയപ്പോഴും ആസ്ത്മ വിഹരിച്ച ശരീരം തളര്‍ന്ന്, ചുമച്ച് ചുമച്ച് അമ്മ വേദനയുടെ മാറാപ്പ് പേറിയപ്പോഴും വിറങ്ങലിച്ച് പോയ മനസ്സിന്റെ അടിത്തട്ടിലെവിടെയും ഒരു തുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞില്ലെന്ന് ബേബിചേച്ചി പറയുന്നു. ജീവിക്കണമെന്ന വാശിയായിരുന്നു.. പരിഹാസശരങ്ങളെ വകവെയ്ക്കാതെ പതിനേഴ് വയസ്സിന്റെ കരളുറപ്പില്‍ അവര്‍ ആദ്യശവക്കുഴി വെട്ടി. തഴമ്പിച്ച കൈകള്‍പോലെ പൊട്ടിയിടറാതെ, വിങ്ങലടക്കിയ മനസ്സുമായി പിന്നീടിങ്ങോട്ട് 42 വര്‍ഷങ്ങള്‍..

‘ ആദ്യമൊക്കെ പേടിയുണ്ടായിരുന്നു… കല്ലറകള്‍ വൃത്തിയാക്കുമ്പോള്‍, പലപ്പോഴും മനസ്സിടറി പോയിരുന്നു… മരിച്ച് മണ്ണടിഞ്ഞിട്ടും ജീര്‍ണിക്കാതെ പോയ ഏതൊക്കെയോ അവശിഷ്ടങ്ങള്‍ ഓര്‍മ്മപ്പെടുത്തല്‍പോലെ, കൈകളില്‍ തടയുമ്പോള്‍ ഞെട്ടിവിറച്ചിരുന്നു… ഇപ്പോള്‍ നിര്‍വികാരത മാത്രം’ ബേബിചേച്ചിയുടെ വാക്കുകളില്‍ എവിടെയോ പതഞ്ഞുപൊങ്ങി പൊട്ടിച്ചിതറുന്ന ഒരായിരം സങ്കടക്കുമിളകള്‍…

ഒറ്റപ്പെടലിന്റെ ഇരുള്‍മറയില്‍ ഒതുങ്ങിനിന്ന ഏതോ മാത്രയില്‍ പ്രണയത്തിന്റെ നനഞ്ഞ കണ്ണുമായി ഒരാള്‍ ബേബിയെ തേടിവന്നു. ജാതിയും, മതവും, പണവും, തൊഴിലുമെല്ലാം വിലങ്ങുതടിയാവുമെന്ന് വിലക്കിയിട്ടും മതംമാറി ക്രിസ്ത്യാനിയായി ബേബിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ പുഷ്‌കിന്‍.. വര്‍ഷങ്ങളേറെ കാത്തിരുന്നിട്ടും, മാതൃത്വത്തിന്റെ താരാട്ടീണങ്ങള്‍ക്ക് സാഫല്യം നല്‍കാതെ അവരെ ഈശ്വരന്‍ വീണ്ടും കബളിപ്പിച്ചു. ആവര്‍ത്തനവിരസത തീരെയില്ലാതെ നഷ്ടപ്പെടലുകളുടെ നീണ്ടനിര വീണ്ടും ബേബിയെ തേടിയെത്തി. വാര്‍ദ്ധക്യത്തിന്റെ ആകുലതകളോടെ അമ്മയുടെ മരണം… താളം തെറ്റിയ ആരോഗ്യവുമായി ഭര്‍ത്താവ്.. ആശുപത്രിവാസത്തിന്റെ മടുപ്പിക്കുന്ന ഗന്ധവുമായി ആറേഴ് വര്‍ഷങ്ങള്‍. പിന്നെ, ക്യാന്‍സറിന്റെ സൂചിമുനകള്‍ കോര്‍ത്ത വേദനയില്‍ മരണത്തിന്റെ തണുപ്പിലേക്ക് പുഷ്‌കിന്‍ ഒറ്റയ്ക്ക് യാത്രയായപ്പോള്‍ മണ്ണില്‍ തല ചായ്ച്ചുവെച്ച് വിതുമ്പിയ ഇരുണ്ട ദിനങ്ങള്‍. കരയില്ലാത്തോണി പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ് താനെന്ന് പറയുന്നു ബേബി ചേച്ചി…

ഇന്ന് കാലമേറെ മാറി. അവഗണനയുടെ ചിലന്തിവലകള്‍ വകഞ്ഞുമാറ്റി ബേബിയെ സ്‌നേഹംകൊണ്ടു പൊതിയുകയാണ് സമൂഹം. ഈ തൊഴിലിന്റെ മഹത്വമറിഞ്ഞാല്‍ ബേബിചേച്ചി ചെയ്യുന്ന പുണ്യകര്‍മ്മത്തെ അറിഞ്ഞാല്‍ ആരാണ് അവരെ സ്‌നേഹിക്കാതിരിക്കുക? ബേബിചേച്ചി ഒരു അടയാളമാണ്. വേദനകളില്‍ തളരാതെ, വിധിയെ പഴിക്കാതെ ജീവിതം വല വീശിപ്പിടിച്ച കരുത്തയായ ഒരു സ്ത്രീ.. ഒരുപക്ഷേ വരുംതലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രായസമായിരിക്കും, ഇങ്ങനെയൊരു സ്ത്രീ ഇവിടെ ജീവിച്ചിരുന്നുവെന്ന്…

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.