ബലേനോ ആര്‍എസ്

ബലേനോ ആര്‍എസ്

 

main-bannerലോകമെമ്പാടുമുള്ള കാര്‍ പ്രേമികള്‍ ആര്‍, എസ് എന്നീ അക്ഷരങ്ങള്‍ക്ക് വലിയ അര്‍ത്ഥം കാണുന്നു. ഈ അക്ഷരങ്ങള്‍ ഒറ്റയ്‌ക്കോ ഒരുമിച്ചോ ഉപയോഗിക്കുന്നത് നല്ല പ്രകടനം നടത്തുന്ന കാര്‍ എന്ന പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നത്. ഈ കാറുകളായിരുന്നു അധികം കാര്‍ സ്‌നേഹികളുടെയും സ്വപ്നം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫോര്‍ഡ്, സ്‌കോഡ, പോര്‍ഷെ എന്നീ ബ്രാന്റുകള്‍ ആര്‍,എസ് എന്നീ അക്ഷരങ്ങളെ വലിയ ഉയരങ്ങളില്‍ എത്തിച്ചു. ഇപ്പോള്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍ ഉപയോഗിക്കുന്ന ബലേനോയും ആര്‍എസുമായി കാര്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.

സാധാരണ ബലേനോ 1.2 ആല്‍ഫ മോഡലിനേക്കാള്‍ വെറും 1.4 ലക്ഷം മാത്രം കൂടുതലാണ് പുതിയ ബലേനോ ആര്‍എസിന്റെ വില. അതായത് ഏകദേശം 8.69 ലക്ഷം. എമിഷന്‍ സ്റ്റാന്റേര്‍ഡ് നടപ്പാക്കിയാല്‍ ഭാവിയില്‍ ചെറിയ മാരുതി കാറുകളിലും ഈ എഞ്ചിനാണ് ഉപയോഗിക്കേണ്ടിവരിക എന്നത് കടുപ്പമായിരിക്കും. മുന്നിലേയും പിന്നിലേയും ബമ്പറുകള്‍ പുതിയതാണ്. പിന്നിലെ ബമ്പറിന് നല്‍കിയ ചതുരാകൃതി കാറിന്റെ ബോഡിയിലെ കര്‍വുമായി ഇണങ്ങുന്നില്ലെന്ന് തോന്നും. മെഷ് ഗ്രില്ലും ചെറുതായി നല്‍കിയ സ്‌കര്‍ട്ടിംഗും വലിയ വ്യത്യാസം ഉണ്ടാക്കുന്നില്ല. വീലുകള്‍ക്ക് പുതിയ സ്‌പോര്‍ട്ടി ലുക് നല്‍കുന്നതിന് പകരം പെയിന്റ് ചെയ്തതും അത്ര വ്യത്യാസമൊന്നും കൊണ്ടുവന്നിട്ടില്ല. മാത്രമല്ല, വീലിന്റെ പുറംഭാഗം മാത്രമേ പെയിന്റടിച്ചിട്ടുള്ളൂ. ഉള്ളില്‍ സ്റ്റീല്‍ നിറം അതുപോലെയുണ്ട്.

മൂന്ന് സിലിണ്ടറോടുകൂടിയ ഒരു ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് പെട്രോള്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. 200 ബാറില്‍ ഡയറക്ട് ഇഞ്ചക്ഷനാണ് എഞ്ചിന്‍ നല്‍കുന്നത്. വലിയ റേഡിയേറ്ററും പിസ്റ്റണില്‍ ഓയില്‍ കൂളിംഗും ഉണ്ട്. വിദേശരാജ്യങ്ങളില്‍ 111 ബിഎച്ച്പി കരുത്ത് പകരുന്ന ഈ എഞ്ചിന്‍ പക്ഷെ ഇന്ത്യയില്‍ 91 ഒക്ടെയ്ന്‍ പെട്രോള്‍ ഉപയോഗിക്കുന്നതിനാല്‍ 102 ബിഎച്ച്പി കരുത്തേ നല്‍കൂ. ടോര്‍ക് 170 എന്‍എമ്മിന് പകരം 150 എന്‍എം മാത്രമേ നല്‍കൂ. അതായത് 20 എന്‍എം കുറവാണെന്നര്‍ത്ഥം. 1.2 ലിറ്റര്‍ പെട്രോള്‍ കാറിനേക്കാള്‍ 60 കിലോഗ്രാം ഭാരക്കൂടുതലാണ് ബലേനോ ആര്‍എസ്. ടര്‍ബോ, ഇന്റര്‍കൂളര്‍ എന്നിവയാണ് ഇതിന് കാരണം. ഷാസിയ്ക്ക് അധിക കരുത്തു നല്‍കിയതിന്റെ ഭാഗമായും ഭാരം കൂടിയിരിക്കുന്നു. ഭാരം കൂടുകയും പെര്‍ഫോമന്‍സ് കുറയുകയും ചെയ്തത് നിങ്ങളെ നിരാശപ്പെടുത്തുന്നുണ്ടോ?

റെഗുലര്‍ ബലേനോയേക്കാള്‍ ഭാരക്കൂടുതലാണ് ആര്‍എസ് മോഡല്‍. എങ്കിലും ആകെ ഭാരം 950 കിലോഗ്രാമേയൂള്ളൂ. ചെറിയ വലിപ്പമുള്ള ബൂസ്റ്റര്‍ എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പക്കുറവ് കണക്കിലെടുക്കുമ്പോള്‍ എഞ്ചിന്‍ പുറത്തെടുക്കുന്ന കരുത്ത് കൂടുതലാണ്. പൂജ്യത്തില്‍ നിന്ന് 100ലേക്ക് കുതിക്കാന്‍ 10.31 സെക്കന്റേ വേണ്ടൂ. ബലേനോയുടെ 1.2കെ സീരീസ് കാറുകളേക്കാള്‍ രണ്ട് സെക്കന്റ് വേഗതയില്‍ പുതിയ ബലേനോ ആര്‍എസിന് വേഗത്തിലേക്ക് കൂതിക്കാന്‍ കഴിയൂം. ബലേനോ 1.2കെ സീരീസിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 12.58 സെക്കന്റുകള്‍ വേണ്ടിവരും. പുതിയ മോഡലിന്റെ ഗിയര്‍ സംവിധാനവും താരതമ്യേന ആധുനികമാണ്. പുന്റോ അബാര്‍തും പോളോ ജിടി ടിഎസ്‌ഐയും എടുത്താല്‍ രണ്ടിനും നടുക്കാണ് ബലേനോ ആര്‍എസിന്റെ സ്ഥാനം. പുന്റോ അബാര്‍ത്ത് 9.42 സെക്കന്റില്‍ 100 ലേക്ക് കുതിക്കുമ്പോള്‍ പോളോ 11.28 സെക്കന്റ് എടുക്കും. ലൈറ്റായ ക്ലച്ചും ഗിയര്‍ എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്നതും നഗരത്തിലെ ഡ്രൈവിംഗ് എളുപ്പമാക്കും. 1700 ആര്‍പിഎം കൈവരിക്കുമ്പോള്‍ തന്നെ കാര്‍ കരുത്ത് പുറത്തെടുത്ത് തുടങ്ങും.

മാരുതി പറയുന്നത് ഈ കാറിന്റെ സസ്‌പെന്‍ഷന്‍ 10 ശതമാനം കഠിനമാണെന്നതാണ്. പക്ഷെ ഞങ്ങളുടെ ടെസ്റ്റ് ഡ്രൈവില്‍ ഇത് അത്രയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. റഗുലര്‍ ബലേനോയെപ്പോലെ തികച്ചും ഡ്രൈവറുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നീങ്ങുന്ന കാര്‍ തന്നെയാണ് ബലേനോ ആര്‍എസും. കോര്‍ണറുകളില്‍ പോലും നല്ല ബാലന്‍സ് കിട്ടും. സ്റ്റിയറിംഗില്‍ നിന്ന് അല്‍പം കൂടി കൂടുതല്‍ പെര്‍ഫോമന്‍സ് ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ പലപ്പോഴും ആശിച്ചുപോയി. വളവുകളിലെത്തുമ്പോള്‍ സ്റ്റിയറിംഗ് പെട്ടെന്ന് തിരിയാന്‍ തിടുക്കംകാട്ടുന്നതുപോലെ പലപ്പോഴും തോന്നി. പിന്നില്‍ ഡിസ്‌ക് ബ്രേക്കായതിനാല്‍ നല്ല ആത്മവിശ്വാസം ഡ്രൈവര്‍ക്ക് നല്‍കുന്നുണ്ട്. പല തവണ പ്രസിദ്ധമായ ബുദ് ഇന്റര്‍നാഷണല്‍ ട്രാക്കില്‍ വേഗതയിലോടിച്ച് ബ്രേക്കിട്ടെങ്കിലും ബലേനോ ആര്‍എസ് പാടുകള്‍ ഒന്നും അവശേഷിപ്പിച്ചില്ലെന്നത് ഡിസ്‌ക് ബ്രേക്കിന്റെ കാര്യക്ഷമത വിളിച്ചോതുന്നു.

പോളോ ജിടിയോടും പുന്റോ അബാര്‍ത്തിനോടും കിടപിടിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് ബലേനോ ആര്‍എസിനുണ്ടെന്ന് ദിവസവും ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. ഒരു കാറിനു വേണ്ട അടിസ്ഥാനകാര്യങ്ങളെല്ലാം നേരെയുള്ള മികച്ച ഷാസിയോടുകൂടിയ ഫണ്‍ കാറാണ് ഇത്. കുറഞ്ഞ കെര്‍ബ് ഭാരം, ഏത് വിധേനയും പണിയെടുക്കാന്‍ തയ്യാറുള്ള എഞ്ചിന്‍, മാനുവല്‍ ഗിയര്‍ ബോക്‌സ്, മികച്ച ബ്രേക്ക്…ചുരുക്കിപ്പറഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യ പോലെ വിശിഷ്ടമാണ് ഈ കാര്‍ . മാരുതി അങ്ങേയറ്റം സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള മോഡലാണ് ഇറക്കിയിരിക്കുന്നതെങ്കിലും, ഒന്ന് മേക്കോവറിന് ശ്രമിച്ചാല്‍ 125 ബിഎച്ച്പി പവറും 190എന്‍എം ടോര്‍കും പുതിയ ബലേനോയില്‍ ഒരുക്കാന്‍ കഴിയും. കൊടുക്കുന്ന തുകയ്ക്കുള്ള മൂല്യം തീര്‍ച്ചയായും ഈ കാറില്‍ പ്രതീക്ഷിക്കാം. മാത്രമല്ല, എപ്പോഴും നിങ്ങള്‍ക്ക് വിശ്വാസത്തോടെ ആശ്രയിക്കാനും കഴിയും. അല്‍പം ഗ്രിപ്പുള്ള റബ്ബറോടുകൂടിയ സ്വന്തം ചക്രങ്ങള്‍ ഉപയോഗിച്ചാല്‍ വാരാന്ത്യഅവധിയാത്രകള്‍ അടിച്ചുപൊളിക്കാവുന്ന ഫണ്‍ കാറായി ബലേനോ ആര്‍എസ് മാറും.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.