ബിഎംഡബ്ല്യു ജി30

ബിഎംഡബ്ല്യു ജി30

 

BMW-G30-5-Series-Luxury-Line-exterior-24-750x500ബിഎംഡബ്ല്യു 7 സീരീസിലെ എല്ലാ സുഖസൗകര്യങ്ങളും പാതിവിലയ്ക്ക് കിട്ടണമെങ്കില്‍ ഇതാ 5 സീരീസ് എത്തിക്കഴിഞ്ഞു. പുതിയ ബിഎംഡബ്ല്യു 5 ശ്രേണിയില്‍ എല്ലാ ആധുനിക സാങ്കേതികവിദ്യകളും ലഭ്യമാണ്. ഈ രംഗത്തെ എല്ലാ കടുത്ത മത്സരങ്ങളെയും അതിജീവിക്കാന്‍ പുതിയ 5 സീരീസിന് സാധിക്കും. ഒട്ടേറെ പുതിയ ഗുണനിലവാരങ്ങളുമായി എത്തിയ വോള്‍വോ എസ്90, ജഗ്വാര്‍ എക്‌സ്എഫ് എന്നിവയുമായാണ് ബിഎംഡബ്ല്യു 5 സീരീസ് മത്സരിക്കുന്നത്.

ഡ്രൈവര്‍മാരുടെ പ്രിയപ്പെട്ട കാര്‍ എന്നതും ടെക്‌നോളജിയുടെ മികവും ആണ് പ്രധാനമായും ബിഎംഡബ്ല്യു ഹൈലൈറ്റ് ചെയ്യുന്നത്. 5 സീരീസിലെ ഏഴാം തലമുറയായ ഈ കാര്‍ അറിയപ്പെടുന്നത് ജി30 എന്നാണ്.
ബിഎംഡബ്ല്യുവിന്റെ കഴിഞ്ഞ എഫ്10 എന്ന മോഡല്‍ അതിന് തൊട്ടുമുമ്പുള്ള ഇ60 മോഡലിന്റെ ഡ്രൈവര്‍മാരുടെ കാര്‍ എന്ന വിശേഷണത്തില്‍ നിന്നുള്ള ചുവടുമാറ്റമായിരുന്നു. പക്ഷെ ജി30 പഴയ വിശേഷണത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുകയാണ്. ഡ്രൈവിംഗ് മികവിന്റെ കാര്യത്തില്‍ മറ്റ് മത്സരാര്‍ത്ഥികളെയെല്ലാം പിന്തള്ളുന്ന ജി30ക്ക് 100 കിലോഗ്രാം ഭാരക്കുറവാണ്. ഇതിന് കാരണം ഹൈസ്‌ട്രെംഗ്ത് സ്റ്റീലും അലുമിനിയവുമാണ്. എന്നാല്‍ 7 സീരീസിലെ കാര്‍ബണ്‍ കോര്‍ ഇതിനില്ല. പക്ഷെ രൂപകല്‍പനയില്‍ 7 സീരീസിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബൂട്ടില്‍ അധികമായി പാഡിംഗ് ഉള്ളതിനാല്‍ ബൂട്ട് സ്‌പേസ് 400 ലിറ്ററായി പരിമിതപ്പെട്ടിട്ടുണ്ട്.

ജി30 സ്റ്റൈലിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. മുന്നിലെ ഗ്രില്ലിനോട് ചേരുന്ന രീതിയിലുള്ള നീണ്ട ഹെഡ്‌ലാമ്പ് ഈ കാലഘട്ടത്തിലെ എല്ലാ ബിഎംഡബ്ല്യുവിന്റേയും രീതിയാണ്. വണ്ടിയുടെ എയ്‌റോഡൈനാമിക്‌സ് കൂട്ടേണ്ടതായ അവസരത്തില്‍ ഗ്രില്ലിലെ ലൂവേഴ്‌സ് തുറക്കുന്ന സംവിധാനവുമുണ്ട്. വിന്‍ഡ് ഷീല്‍ഡിലേക്ക് നീളുന്ന തരത്തിലാണ് ബോണറ്റിന്റെ രൂപകല്‍പന. അതുകൊണ്ട് തന്നെ പാസഞ്ചര്‍ ക്യാബിന്‍ വിട്ട് ലിഡിലേക്ക് ഇറങ്ങുന്ന തരത്തിലാണ്. കാഴ്ചയിലെ വലിപ്പമെല്ലാം എവിടെയോ ഒളിപ്പിച്ചുവെച്ചതിന്റെ സൗന്ദര്യവും എടുത്തുപറയാതെ വയ്യ. ജി30ക്ക് എംസ്‌പോര്‍ട് എന്ന പാക്കേജോട് കൂടിയ മോഡല്‍ ഉണ്ട്. ഇതിന്റെ ബമ്പര്‍ വ്യത്യസ്തമാണ്. 18 ഇഞ്ച് വീലുകളും മികച്ചതാണ്.

മുന്‍പുണ്ടായിരുന്ന എഫ് 10ഉമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റീരിയറില്‍ മികച്ച മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. 7 സീരിസിന്റേതായ രീതിയിലാണ് നിര്‍മ്മിതവസ്തുക്കളുടെ ഗുണനിലവാരം. സ്റ്റിച്ച്ഡ് ലെതര്‍ ട്രിമും ടച് സ്‌ക്രീന്‍ എച് വാക് കണ്‍ട്രോളും മൂഡ് ഉയര്‍ത്തും. സീറ്റുകള്‍ സ്‌പോര്‍ടി ഡിസൈന്‍ ആണ്. ക്വില്‍റ്റ് ലെതര്‍ ഉപയോഗിച്ചതിനാല്‍ ലക്ഷ്വറി അനുഭവപ്പെടും. അതേ സമയം സ്‌പോര്‍ടിയുമാണ്. പിന്‍സീറ്റിന് ചെറിയ ചായ്‌വുണ്ടെങ്കിലും നല്ല ലെഗ് റൂമും ഹെഡ് റൂമും നിലനിര്‍ത്തിയിട്ടുണ്ട്. ഗെസ്ചര്‍ കണ്‍ട്രോള്‍, നാല് സോണിലായുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ സ്റ്റിയറിംഗ്, പവര്‍ സീറ്റുകള്‍, സണ്‍ റൂഫ് എന്നിങ്ങനെ 7 സീരിസിലെ പല ഗുണങ്ങളും ജി30 കടമെടുത്തിട്ടുണ്ട്. മൊബൈല്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യാന്‍ സെന്റര്‍ കണ്‍സോളില്‍ സൗകര്യമുണ്ട്. ഡിസ്‌പ്ലേ കീ ഉപയോഗിച്ച് കാറിനെ പ്രീ കൂള്‍ ചെയ്യാനും, റിമോട്ട് പാര്‍ക് ചെയ്യാനും, മുന്നിലേക്കും പിന്നിലേക്കും ഓടിക്കാനും സാധിക്കും.

ബിഎംഡബ്ല്യു 530 ഡി മോഡലില്‍ ബി57 എഞ്ചിന്‍ മൂന്ന് ലിറ്ററിന്റേതാണ്. അത് 265 ബിഎച്ച്പി കരുത്തും 620എന്‍എം ടോര്‍കും പുറത്തെടുക്കുന്നു. എട്ട് സ്പീഡോഡുകൂടിയ ഇസെഡ്എഫ് ഗിയര്‍ബോക്‌സ് ഉയര്‍ന്ന സ്പീഡിലും ചെറിയ മൂളലേ കേള്‍പ്പിക്കൂ. അതേ സമയം കാറിനെ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് വെറും 5.81 സെക്കന്റില്‍ കുതിപ്പിക്കും. തികച്ചും സ്‌പോര്‍ട്‌സ് കാറിന്റേതായ പെര്‍ഫോമന്‍സാണ് ജി30 കാഴ്ച വെക്കുന്നത്. സിറ്റിക്കുള്ളില്‍ പതുക്കെ നീങ്ങുമ്പോഴും അതിവേഗതയില്‍ ഹൈവേയില്‍ കുതിക്കുമ്പോഴും ഗിയര്‍ബോക്‌സ് പരിഭവമില്ലാതെ പ്രവര്‍ത്തിക്കും.

എഞ്ചിനെ ഇകോയിലും കംഫര്‍ട്ട് മോഡിലും അഡ്ജസ്റ്റ് ചെയ്യാം. പുതിയ 530ഡി മോഡല്‍ ഇന്ധനക്ഷമതയുള്ള കാര്‍ ആണ്. എഞ്ചിന് ഭാരവും കുറവാണ്. 10 മുതല്‍ 14 കിലോമീറ്റര്‍ വരെ ലിറ്ററിന് മൈലേജ് നല്‍കുന്നുണ്ട്. ഇത് പഴയ 530ഡിയേക്കാള്‍ 20 ശതമാനം ഇന്ധനക്ഷമത കൂടുതലാണ്. സ്റ്റിയറിംഗ് ശരിയായ വ്യാസത്തിലുള്ളതാണ്. പക്ഷെ 530ഡിയില്‍ അതിന്റെ റിമ്മിന് അല്‍പം ഭാരം കൂടുതലാണ്. ജഗ്വാര്‍ എക്‌സ് എഫിന്റേയോ ഇ60ന്റേയോ സുഖമില്ലെങ്കിലും സ്റ്റിയറിംഗ് ഭാരം കംഫര്‍ട്ട് നല്‍കുന്നു. തുടക്കത്തില്‍ ഈ കാര്‍ ഒരു ലക്ഷ്വറി സലൂണ്‍ പോലെ തോന്നുമെങ്കിലും ഡ്രൈവിംഗ് സ്പീഡ് കൂടുന്തോറും രസകരമായി അനുഭവപ്പെടും. നല്ല ഗ്രിപ്പുള്ളതോടൊപ്പം തന്നെ എത് ദിശയിലേക്ക് തിരിയാനും കാര്‍ തയ്യാറുമാണ്. അതുപോലെ ഡ്രൈവ് ചെയ്യുമ്പോള്‍ കാര്‍ ചെറുതും ലഘുവും ആയിത്തോന്നുന്നു എന്നതായിരുന്നു ഏറ്റവും വലിയ മെച്ചം. ഇത് ഒരേ സമയം സ്‌പോര്‍ട്‌സ് സലൂണും ലക്ഷ്വറി സെഡാനുമാണ്. ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയ കാര്‍ 18ഇഞ്ച് റിമ്മോടുകൂടി വീലുള്ളതായിരുന്നു. 19,20 ഇഞ്ചുകളിലുള്ള റിമ്മും ലഭ്യമാണ്. ബ്രേക്ക് അപാരമാണ്.

ഈ ക്ലാസില്‍പ്പെട്ട ഏറ്റവും മികച്ച കാറാണിതെന്ന് അധികം വിശകലനം നടത്താതെ എളുപ്പം പറയാന്‍ കഴിയും. പിന്‍വലിച്ച മോഡലിനേക്കാള്‍ പല രീതിയിലും മികച്ചതാണ് പുതുതായി എത്തുന്നത്. അതിന് കംഫര്‍ട്ടും ഗുണനിലവാരവും പെര്‍ഫോമന്‍സും കൂടുതലാണ്. ഓടിക്കാനുള്ള കംഫര്‍ട്ടും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവും ഇതിന് പുറമെയുള്ള ഗുണങ്ങളാണ്. വലിയ വീല്‍ബേസുള്ള ഇ ക്ലാസ് തീര്‍ച്ചയായും പിന്‍യാത്രികര്‍ക്ക് മികച്ച യാത്രാസുഖം നല്‍കും. എന്തായാലും ഇതിനേക്കാള്‍ മികച്ച ഒന്ന് ഈ വിഭാഗത്തില്‍ നമുക്ക് ആഗ്രഹിക്കാന്‍ കൂടിയാവില്ല.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.