വെണ്മയുടെ ചക്രവര്‍ത്തി – എം.പി രാമചന്ദ്രന്‍

വെണ്മയുടെ ചക്രവര്‍ത്തി – എം.പി രാമചന്ദ്രന്‍

 

_MG_5404-Editഒന്നുമില്ലായ്മയില്‍ നിന്ന് തന്റെ വലിയ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഈ പ്രതിഭാധനനായ ബിസിനസുകാരന്റെ വിജയകഥയാണ് ഇത്തവണ യുണീക് ടൈംസ് പങ്കുവെക്കുന്നത്. കഷ്ടപ്പാടിന്റെ കറ വീണ യൗവ്വനത്തില്‍ നിന്നും പരിശുദ്ധവെണ്‍മയുടെ വിജയവീഥിയിലേക്ക് നടന്നുകയറിയ ബിസിനസ്മാന്‍. വെറും 5,000 രൂപയില്‍ നിന്ന് ആരംഭിച്ച് 2000 കോടിയുടെ വമ്പന്‍ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ചെടുത്ത മനുഷ്യന്‍. അദ്ദേഹം തന്റെ ദൈവീകമായ ഭാഗ്യത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിവരിക്കാന്‍ ഇഷ്ടപ്പെടുന്നു; ‘ഉജാല’. നിരവധി പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് ജ്യോതി ലാബോറട്ടറീസ് ഉടമ എം.പി രാമചന്ദ്രന്‍ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.

തുടക്കവും യാത്രയും

ജീവിതത്തിന്റെ വിവിധ മേച്ചില്‍പ്പുറങ്ങളിലൂടെ അലഞ്ഞ ശേഷം 12 വര്‍ഷത്തോളം ഒരു മരുന്ന് നിര്‍മ്മാണക്കമ്പനിയില്‍ രാമചന്ദ്രന്‍ ജോലി ചെയ്തു. പക്ഷെ ചില ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. അതോടെ അദ്ദേഹം ഒരു ഉറച്ച തീരുമാനം എടുത്തു. ഇനിയൊരു ജോലിക്ക് വേണ്ടി അലയില്ലെന്നും പകരം സ്വന്തമായി ഒരു ഉല്‍പന്നം വിപണിയിലിറക്കുമെന്നുമുള്ള ആ തീരുമാനമാണ് ഉജാലയുടെ പിറവിക്ക് കാരണമായത്. 1983ല്‍ ജന്മമെടുക്കുന്നതുവരെ വെള്ളത്തുണികള്‍ക്ക് തിളക്കം കിട്ടാന്‍ നീലം മുക്കുന്ന പതിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ നീലം പലപ്പോഴും ഏറിയും കുറഞ്ഞും വെള്ളവസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുന്നത് വീട്ടമ്മമാര്‍ക്ക് എന്നും തലവേദനയായിരുന്നു. അപ്പോഴാണ് ഏറ്റിറക്കമില്ലാതെ വെള്ളത്തുണികള്‍ക്ക് ഒരേ തൂവെള്ള നിറം സമ്മാനിക്കുന്ന ഉജാല വിപണിയിലേക്ക് രംഗപ്രവേശം നടത്തുന്നത്. ഇതിന്റെ പിറവിക്ക് പിന്നില്‍ ഒന്നരവര്‍ഷത്തെ കഠിനമായ ഗവേഷണ-നിരീക്ഷണങ്ങളുണ്ട്. മുണ്ടുകളില്‍ ഒട്ടിപ്പിടിക്കാതെ വെണ്‍മപകരുന്ന ഈ ഉല്‍പന്നം വീട്ടമ്മമാര്‍ക്ക് ആശ്വാസമായി മാറി. ഉജാലയ്ക്ക് മാര്‍ക്കറ്റില്‍ യാതൊരു വെല്ലുവിളികളും ഉണ്ടായിരുന്നില്ല. കമ്പനിയ്ക്ക് മകളുടെ പേരാണ് നല്‍കിയതെങ്കില്‍, വെട്ടിത്തിളങ്ങുന്ന വെണ്‍മ നല്‍കുന്ന ഉല്‍പന്നത്തിന് ഉജാല എന്ന പേരാണ് എം.പി രാമചന്ദ്രന്‍ നല്‍കിയത്.
ആദ്യവളര്‍ച്ചയും വിപുലപ്പെടുത്തലും

മുംബൈയിലായിരുന്നു ഉജാല ആദ്യം പരീക്ഷിച്ചത്. സര്‍വ്വേയുടെ ഭാഗമായി 1500 കുപ്പി ഉല്‍പന്നം വിതരണം ചെയ്തു. ഉജാലയുടെ കുപ്പിയും രാമചന്ദ്രന്‍ തന്നെയാണ് രൂപകല്‍പന ചെയ്തത്. വലിയ പ്രോത്സാഹനമായിരുന്നു ഉപയോഗിച്ചവര്‍ നല്‍കിയത്. പിന്നീട് വീടുവീടാന്തരം വില്‍ക്കാനുള്ള ആളുകളെ നിയമിച്ചു. എങ്ങനെ വീടുകളില്‍ സംസാരിക്കണം, എങ്ങനെ വില്‍ക്കണം, ഏത് റൂട്ടുകളില്‍ പോകണം എന്നിങ്ങനെ എല്ലാം വില്‍പനയ്ക്കായി പോകുന്നവരെ പഠിപ്പിച്ച അദ്ദേഹം ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും പരിശോധിച്ചു.

‘ഒരു വില്‍പനക്കാരന്‍ ഒരിക്കലും ദേഷ്യപ്പെടരുത്, പകരം ഉപഭോക്താക്കളുടെ മുന്നില്‍ പ്രസന്നമായ മുഖത്തോടെ നില്‍ക്കണം.’ – അതായിരുന്നു അദ്ദേഹത്തിന്റെ നയം. അധികം വൈകാതെ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരിയില്‍ ഒരു ഫാക്ടറി സ്ഥാപിച്ചു. ഉപയോഗിച്ചവര്‍ തമ്മില്‍ തമ്മില്‍ പറയുന്ന പ്രചാരണത്തിലാണ് രാമചന്ദ്രന്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്. 1986ല്‍ ഒരു വാന്‍ വാങ്ങിച്ചു. മെല്ലെ വാരികകളിലും പത്രങ്ങളിലും പരസ്യവും നല്‍കാന്‍ തുടങ്ങി. ഈ പരസ്യങ്ങള്‍ക്കുള്ള ചിത്രം വരച്ചതും അദ്ദേഹം തന്നെയാണ് ഉല്‍പന്നത്തിന് ലഭിച്ചത്. ഇപ്പോള്‍ ഉജാലയ്ക്ക് സ്വന്തമായി പരസ്യത്തിനും ബ്രാന്റിംഗിനും ഒരു ശാഖതന്നെ പ്രവര്‍ത്തിക്കുന്നു. പ്രതീക്ഷിച്ചതിലും ആവശ്യക്കാരായിരുന്നു ഉല്‍പന്നത്തിന്. പരസ്യം ക്ലിക്കായതോടെ കൂടുതല്‍ പേര്‍ ഉജാല ഉപയോഗിക്കാന്‍ തുടങ്ങി. വീടുവീടാന്തരം കയറിയിറങ്ങി വില്‍പന നടത്തിയിരുന്ന അഞ്ച് സ്ത്രീകളില്‍ നിന്നാണ് കേരളത്തില്‍ ഉജാലയുടെ ജൈത്രയാത്ര ആരംഭിച്ചത്. തുടര്‍ന്ന് ഉജാല കടകളില്‍ സ്വീകരിക്കപ്പെട്ടു. പിന്നീട് ഇങ്ങോട്ട് വിപണി കീഴടക്കി ഉജാല ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.