ജിഷ വധക്കേസ്: കേരളം കാത്തിരിക്കുന്ന ശിക്ഷാവിധി ഇന്ന്
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ അമിറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് വിധിക്കും. ഇരുഭാഗത്തെയും അഭിഭാഷകരുടേയും പ്രതിയുടേയും നിലപാട് കൂടി കേട്ടശേഷമാണ് വിധി പ്രഖ്യാപിക്കുക. എറണാകുളം സെഷന്‍സ് കോടതിയാണ് അമിറിനുള്ള ശിക്ഷ വിധിക്കുക.
കേസിലെ പ്രതി അമിര്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഉമിനീര്, കത്തിയില്‍നിന്നും ലഭിച്ച രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, ജിഷയുടെ വീട്ടിലെ വാതിലില്‍ പുരണ്ട രക്തം, അമിറിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്ന് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ആറുമാസത്തോളം നീണ്ട രഹസ്യവിചാരണക്ക് ശേഷം കേസിലെ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസം നീണ്ടുനിന്ന വാദത്തിനുശേഷം കേസുമായി ബന്ധപ്പെട്ട 36 രേഖകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright